അർച്ചന വി.പി. (BA MULTIMEDIA 1 st sem)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഹിന്ദി വിഭാഗവും ജീവനി കൗൺസലിംഗ് സെന്ററും സംയുക്തമായി മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ‘ഡിയർ സിന്ദഗി’ മൂവി റിവ്യൂ മത്സരം സംഘടിപ്പിച്ചു. ഒക്ടോബർ 9-ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കോളേജിലെ സെമിനാർ ഹാളിലായിരുന്നു മത്സരം.
2016-ൽ പുറത്തിറങ്ങിയ ഗൗരി ഷിൻഡെ സംവിധാനം ചെയ്ത ‘ഡിയർ സിന്ദഗി’ എന്ന ഹിന്ദി സിനിമയെ ആസ്പദമാക്കിയായിരുന്നു മത്സരം. ഷാരൂഖ് ഖാനും ആലിയ ഭട്ടുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയെ വിലയിരുത്തി അവതരിപ്പിക്കുന്നതിന് ഓരോ വിദ്യാർഥിക്കും പരമാവധി 10 മിനിറ്റ് സമയം അനുവദിച്ചു.
മത്സരത്തിൽ മൂന്നാം വർഷ ഇക്കണോമിക്സ് വിദ്യാർഥിനി ഫാത്തിമ ഹന ഒന്നാം സ്ഥാനവും ഒന്നാം വർഷ ബി.സി.എ വിദ്യാർഥി ആരോമൽ രണ്ടാം സ്ഥാനവും രണ്ടാം വർഷ ബി.കോം ടി.ടി വിദ്യാർഥിനി ഫാത്തിമ ഷാദ മൂന്നാം സ്ഥാനവും നേടി.
ഡോ. രമിഷ്, ശ്രീലക്ഷ്മി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർഥികളിൽ മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. സിനിമയെ വെറും വിനോദമെന്ന നിലയിൽ കാണുന്നതിനു പകരം അതിലെ ആശയങ്ങളും കഥാപാത്രങ്ങളും മാനസികാരോഗ്യത്തിന്റെ കാഴ്ചപ്പാടിൽ വിശകലനം ചെയ്യാൻ മത്സരം വിദ്യാർഥികൾക്ക് അവസരമൊരുക്കി.




