News

വേങ്ങരയിൽ ഇ-മാലിന്യ ബോധവൽക്കരണവുമായി ‘ഇ-ബിൻ’; വീടുകൾ കേന്ദ്രീകരിച്ച് ശേഖരണ ക്യാമ്പയിൻ

ജുലൈൽ പി.വി (BA Multimedia 1st sem)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം വിദ്യാർഥികളുടെ നേതൃത്വത്തിൽ ഇ-മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി കണ്ണമംഗലം പഞ്ചായത്തിലെ മാലപറമ്പ് വാർഡിൽ സംഘടിപ്പിച്ച ‘ഇ-ബിൻ’ ക്യാമ്പയിൻ ഒക്ടോബർ 9ന് ഉച്ചയ്ക്ക് രണ്ടിന് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. സി. സൈതലവി അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ സി.ടി. മുനീർ മുഖ്യപ്രഭാഷണം നടത്തി.

ക്യാമ്പയിന്റെ ഭാഗമായി തിങ്കൾ മുതൽ വിദ്യാർഥികൾ കണ്ണമംഗലം പഞ്ചായത്തിലെ വീടുകൾ സന്ദർശിച്ച് ഇ-മാലിന്യങ്ങൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ഇ-മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണരീതികൾ വിശദീകരിക്കുന്ന ലഘുലേഖകൾ വീടുകളിൽ വിതരണം ചെയ്യുകയും ചെയ്യും. ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രത്യേകം ശേഖരിച്ചുവെക്കാനും വീട്ടുകാരോട് നിർദേശിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വീടുകളിലെത്തി ഇ-മാലിന്യങ്ങൾ ഏറ്റുവാങ്ങാനും പദ്ധതിയിട്ടു.

ഇലക്ട്രോണിക് മാലിന്യങ്ങളുടെ സുരക്ഷിതമായ നിർമാർജനത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുകയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കുകയമാണ് ക്യാമ്പയിന്റെ ലക്ഷ്യം.

പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സീന അനൂപ്, വാർഡ് മെമ്പർ ലത്തീഫ് മാങ്ങാട്ടിൽ, പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. അസ്കർ അലി, കെ.ടി. ഷമീം അക്തർ, ഡോ. ആഷിക് വി.എം., ഡോ. നൂറ സി.ടി., മുഹമ്മദ് കുട്ടി യു.കെ., മുഹമ്മദ് സിനാൻ എന്നിവർ സംസാരിച്ചു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *