അർച്ചന വി. പി. (BA Multimedia, 1st semester)
വേങ്ങര: സാമ്പത്തിക സാക്ഷരത വളർത്തുന്നതിനും വർധിച്ചുവരുന്ന സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ‘ഫിൻഷീൽഡ്’ എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിയുടെ ‘വേങ്ങര 360’ ഇനിഷ്യേറ്റീവിന്റെ ഭാഗമായി ‘ഫിനാൻഷ്യൽ ലിറ്ററസി ആൻഡ് സ്കാം അവയർനെസ്’ എന്ന വിഷയത്തിൽ നടന്ന സെമിനാർ കോളേജ് സെമിനാർ ഹാളിൽ രാവിലെ 10ന് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സൈദലവി ഉദ്ഘാടനം ചെയ്തു.
കോളേജിലെ പി.ജി. ആൻഡ് റിസർച്ച് ഡിപ്പാർട്ട്മെന്റ്സ് ഓഫ് കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ, ഐ.സി.എം.എസ് ക്യാമ്പസിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
കോർപ്പറേറ്റ് അഭിഭാഷകനും വ്യാപാരമുദ്രാ നിയമവിദഗ്ധനുമായ അഡ്വ. എം.പി. മുഹമ്മദ് ജാബിർ ക്ലാസ് നയിച്ചു. സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യവും വർധിച്ചുവരുന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ രീതികളും അദ്ദേഹം വിശദീകരിച്ചു. ബാങ്കിങ്, ഓൺലൈൻ പണമിടപാടുകൾ, വ്യക്തിഗത സാമ്പത്തിക വിവരങ്ങളുടെ കൈകാര്യം ചെയ്യൽ എന്നിവയിൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക തട്ടിപ്പുകൾ തിരിച്ചറിയാനും അവയിൽനിന്ന് സുരക്ഷിതരാകാനും ആവശ്യമായ അവബോധം നേടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി ഡോ. കെ. കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. ഐ.സി.എം.എസ് ക്യാമ്പസ് പ്രിൻസിപ്പൽ സി.കെ. മുഹമ്മദ് റാഷിദ്, മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അധ്യാപകരായ ഡോ. വി. ധന്യ ബാബു, റാഷിദ് ഫർസത്ത്, പി.പി. മുഹമ്മദ് അർഷദ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.
വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സാമ്പത്തിക ഇടപാടുകളിലെ സുരക്ഷയെക്കുറിച്ചും സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും അവബോധം നൽകുകയായിരുന്നു സെമിനാറിന്റെ ലക്ഷ്യം.




