Nafia Thengilan (BA Multimedia 4th sem)
മലപ്പുറം ജില്ലയിലെ വേങ്ങരയ്ക്കടുത്ത ചേറൂർ കേരളത്തിന്റെ സമര ചരിത്രത്തിൽ അതീവ പ്രാധാന്യമുള്ള ഒരു അധ്യായത്തിന്റെ സാക്ഷിയാണ്. 1843 ഒക്ടോബറിൽ പൊട്ടിപ്പുറപ്പെട്ട ചേറൂർ വിപ്ലവം ചേറൂർ കലാപം, നാട്ടുകൂട്ടം കലാപം, ചേറൂർ പട എന്നീ പേരുകളിൽ അറിയപ്പെടുന്നു. ജന്മിത്തത്തിന്റെ അമിതാധികാരവും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പിന്തുണയും ചേർന്നുണ്ടാക്കിയ സാമൂഹിക അനീതികൾക്കെതിരായ ഒരു ശക്തമായ പൊട്ടിത്തെറിയായിരുന്നു ഇത്.
ചരിത്രത്തിന്റെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്നത് ചക്കി എന്ന കീഴാള സ്ത്രീയുടെ കഥയാണ്. സമൂഹത്തിൽ തായ്ന്ന വിഭാഗത്തിൽപ്പെട്ടിരുന്ന അവർ ഇസ്ലാം മതം സ്വീകരിച്ച് ആയിഷയായി മാറി. ഖുർആൻ പാരായണവും മതാചാരങ്ങളും ഉൾക്കൊണ്ട് അവൾ പുതിയ ജീവിതത്തിലേക്ക് കടക്കാൻ ശ്രമിച്ചു. ഇസ്ലാം സ്വീകരിച്ചതോടെ ജാതിവ്യവസ്ഥയുടെ നിയന്ത്രണങ്ങളിൽ നിന്ന് മോചനം നേടാമെന്ന വിശ്വാസം അവളെ മുന്നോട്ട് നയിച്ചു. അയിത്തം, തീണ്ടൽ തുടങ്ങിയ ആചാരങ്ങൾ അവളുടെ ജീവിതത്തിൽ നിന്ന് അപ്രത്യക്ഷമാകുമെന്ന് അവൾ കരുതി.
എന്നാൽ കപ്രാട്ട് തറവാട്ടിൽ ജോലി തുടരുന്നതിനിടയിൽ അവളുടെ ഈ മാറ്റം സവർണ അധികാരികൾക്ക് സഹിക്കാനായില്ല. മുൻപ് ചക്കിയായി താഴ്ന്ന നിലയിൽ ജീവിച്ചിരുന്ന അവൾ ആയിഷയായി മാറി. മാറുമറച്ച് മേൽക്കുപ്പായം ധരിച്ച് ജോലിക്കെത്തിയത് അവരുടെ ആധിപത്യബോധത്തെ വെല്ലുവിളിച്ചു. കൃഷ്ണപ്പണിക്കർ എന്ന ജന്മി പഴയ ജാതീയ ആചാരങ്ങൾ പാലിക്കണമെന്ന് നിർബന്ധിച്ചു. മേൽക്കുപ്പായം ഊരാനും തീണ്ടാപ്പാട് പാലിക്കാനും നൽകിയ നിർദ്ദേശം ആയിഷ നിരസിച്ചതോടെ അവൻ ക്രൂരതയിലേക്ക് വഴിമാറി. “നീ ചക്കിയാണെടീ” എന്ന അവഹേളനവാക്കുകളോടെ ആയിഷയുടെ മേൽക്കുപ്പായവും മുണ്ടും കീറിപ്പറിച്ചും അവളെ നിലത്ത് വീഴ്ത്തിയും മാറത്ത് കത്തി കൊണ്ട് മുറിവേൽപ്പിച്ചും നടത്തിയ അതിക്രമം അന്നത്തെ സാമൂഹിക സാഹചര്യങ്ങളുടെ ക്രൂര മുഖം തുറന്നു കാട്ടുന്നു.
കീഴാള സ്ത്രീകൾക്ക് മാറുമറക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് മേൽക്കുപ്പായം ധരിച്ചതിന് തന്നെ ഇത്തരമൊരു ശിക്ഷ നടപ്പാക്കിയിരുന്നതായി ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു. ഈ സംഭവം സമൂഹത്തിലെ അനീതികൾക്കെതിരെ ഒരു പൊട്ടിത്തെറിയുടെ തുടക്കമായി മാറി. ഈ അനീതിക്ക് മറുപടിയായി സയ്യിദ് അലവി എന്ന ആത്മീയ നേതാവിന്റെ പ്രേരണയിൽ മാപ്പിള പോരാളികൾ ഒന്നിച്ചു ചേർന്നു. ബ്രിട്ടീഷ് രേഖകൾ പ്രകാരം കപ്രാട്ട് പണിക്കരുടെ കാര്യസ്ഥനായ നായരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം ഈ സംഘർഷത്തെ കൂടുതൽ ശക്തമാക്കി. 1843 ഒക്ടോബർ 19 ന് മാപ്പിള പോരാളികളുടെ സംഘം കപ്രാട്ട് പണിക്കരുടെ കോവിലകത്ത് അതിക്രമിച്ചു കയറി കാവൽക്കാരെ തുരത്തിയോടിച്ച് തമ്പ്രാനെ വധിച്ചു. കൊലപാതകത്തിന് ശേഷം അവർ പുറത്തുവന്ന് സ്വന്തം പേരുകളും വിവരങ്ങളും വെളിപ്പെടുത്തി.
സയ്യിദ് അലവിയുടെ നിർദ്ദേശപ്രകാരം ബ്രിട്ടീഷ് സൈന്യവുമായി നേരിട്ടുള്ള ഏറ്റുമുട്ടലാണ് അവരുടെ ലക്ഷ്യം. രക്തസാക്ഷിത്വം എന്ന ആശയം അവരെ പ്രചോദിപ്പിച്ചു. ചേറൂരിലേക്കുള്ള യാത്രയിൽ സൂഫി സിദ്ധനായ അകത്തെ കോയ തങ്ങൾ രക്ത സാക്ഷികളാവാൻ അനുഗ്രഹിക്കുകയും ആയുധങ്ങൾ മന്ത്രിച്ച് നൽകുകയും ചെയ്തു. ചേറൂരിലെത്തിയ ബ്രിട്ടീഷുകാർക്ക് പിന്തുണ നൽകിയിരുന്ന ജന്മി രാവുക്ക പണിക്കരുടെ വീട് ആക്രമിച്ച ശേഷം അവർ നായർ തറവാട്ടിൽ പട്ടാളത്തെ കാത്തുനിന്നു. ഒക്ടോബർ 24ന് ക്യാപ്റ്റൻ ലീഡന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് സൈന്യം എത്തി. ആദ്യ ഏറ്റുമുട്ടലിൽ മാപ്പിള പോരാളികളുടെ അപ്രതീക്ഷിത ആക്രമണത്തിൽ സൈന്യം പിന്തിരിയേണ്ടി വന്നെങ്കിലും പിന്നീട് കൂടുതൽ ശക്തിപ്രാപിച്ച സൈനിക ഒരുക്കങ്ങളോടെ അവർ വീണ്ടും രംഗത്തെത്തി. മദ്രാസ് അഞ്ചാം റെജിമെന്റിലെ പ്രേത്യേക പരിശീലനം നേടിയ 60 മുതൽ 70 പേരടങ്ങുന്ന സൈനികർ നായർ തറവാട് വളഞ്ഞു. ജീവനോടെ പിടികൂടണമെന്ന നിർദ്ദേശം ഉണ്ടായതിനാൽ സൈന്യം കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ ഞങ്ങൾ നിസ്കരിക്കാൻ പോകുകയാണ് ഞങ്ങൾക്ക് വേണ്ടി തയ്യാറാവുക എന്നായിരുന്നു മാപ്പിളമാർ നൽകിയ മറുപടി. ഞങ്ങൾ സയ്യിദ് അലവിയുടെ ആളുകളാണ് ഇസ്ലാമിന് വന്ന കറ കഴുകിക്കളയാനാണ് ഞങ്ങൾ ഇവിടെ എന്ന പ്രഖ്യാപനത്തോടെ അവർ മരണത്തെ നേരിടാൻ തയ്യാറായി. അൽപ്പസമയം കഴിഞ്ഞ് മരിക്കാൻ വന്ന ഞങ്ങളോട് കീഴടങ്ങാൻ പറയരുത് എന്നതോടെ വാളും കുന്തവുമായി അവർ സൈന്യത്തിന് നേരെ പാഞ്ഞെടുത്തു. തുടർന്ന് നടന്ന വെടിവെപ്പിൽ ഏഴ് മാപ്പിളമാരെയും വധിച്ചു. ഈ ഏറ്റുമുട്ടൽ ചേറൂർ വിപ്ലവത്തിന്റെ രക്തസാക്ഷി ഘട്ടമായി ചരിത്രത്തിൽ രേഖപ്പെടുത്തി.
ഈ പോരാട്ടത്തിൽ ജീവത്യാഗം ചെയ്തവരാണ് ‘ചേറൂർ ശുഹദാക്കൾ’ എന്ന് അറിയപ്പെടുന്നത്. അവരുടെ രക്തസാക്ഷിത്വം ചേറൂരിനെ ഒരു ചരിത്ര സ്മാരകഭൂമിയായി മാറ്റി. ഇന്നും ഈ ശുഹദാക്കളുടെ സ്മരണയ്ക്കായി ചേറൂർ ശുഹദാ മസ്ജിദും മഖാമും നിലനിൽക്കുന്നു. വിശ്വാസികൾ ഇവിടെ എത്തി സന്ദർശിക്കുന്നു. ഓരോ വർഷവും നടക്കുന്ന ഉറൂസ് ഈ കഥ പുതിയ തലമുറയിലേക്ക് എത്തിക്കുന്നു.
ചേറൂർ വിപ്ലവം വെറും യുദ്ധമായി ഒതുങ്ങാതെ സാമൂഹിക നീതിക്കായുള്ള ഒരു ശക്തമായ പ്രഖ്യാപനമായിരുന്നു. ജാതിവ്യവസ്ഥയുടെ അമിതാധികാരത്തെയും മതസ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങളെയും ചോദ്യം ചെയ്ത ഈ പോരാട്ടം പിന്നീട് ഉണ്ടായ മാപ്പിള സമരങ്ങൾക്കും സാമൂഹിക പ്രസ്ഥാനങ്ങൾക്കും പ്രചോദനമായി. ഈ സംഭവത്തെ ജനങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചത് ചേറൂർ പടപ്പാട്ട് എന്ന കാവ്യകൃതിയാണ്. ചേറൂർ സ്വദേശികളായ മമ്മദുകുട്ടിയും മുഹിയുദ്ദീനും ചേർന്ന് രചിച്ച ഈ കൃതി ചരിത്രവും കീർത്തനശൈലിയും ചേർത്ത് ഈ സമരത്തിന്റെ യാഥാർത്ഥ്യം ശക്തമായി അവതരിപ്പിക്കുന്നു. ഇന്ന് ചേറൂർ വിപ്ലവം കേരളത്തിന്റെ സമരചരിത്രത്തിൽ മായാത്ത ഒരു അടയാളമായി തുടരുന്നു. അനീതിക്കെതിരെ ഉയർന്ന ഒരു സ്വരത്തിന്റെ പ്രതീകമായി സാമൂഹിക സമത്വത്തിനായുള്ള മനുഷ്യരുടെ അതിജീവന പോരാട്ടത്തിന്റെ ഉദാഹരണമായി ഈ സംഭവം ഇന്നും ജനമനസ്സുകളിൽ ജീവനോടെ നിലകൊള്ളുന്നു.




