News

പാഴ് വസ്തുക്കളിൽ വിസ്മയം തീർക്കുന്ന എം.വി.എസ് കണ്ണമംഗലം: സ്ലൈറ്റിൽ വിരിഞ്ഞ ആ വലിയ സ്വപ്നം

നിഹാല. ഒ (BA Multimedia 4th Sem)

​വേങ്ങര: മറ്റുള്ളവർ പാഴ്‌വസ്തുക്കളായി തള്ളിക്കളയുന്നവയിൽ കലയുടെ സൗന്ദര്യം കണ്ടെത്തുകയാണ് എം.വി.എസ് കണ്ണമംഗലം എന്ന കലാകാരൻ. ബോർഡിൽ എഴുതുന്ന ചോക്ക് കഷണങ്ങൾ മുതൽ വീണടിയുന്ന കരിയിലകൾ വരെ ഇദ്ദേഹത്തിന്റെ വിരൽത്തുമ്പിൽ അത്ഭുതങ്ങളായി മാറുന്നു. വേങ്ങര കണ്ണമംഗലം സ്വദേശിയായ ഇദ്ദേഹം തന്റെ വ്യത്യസ്തമായ ചിന്തകളിലൂടെയും നിർമ്മിതികളിലൂടെയും കലാലോകത്ത് തന്റേതായ ഒരിടം കണ്ടെത്തിക്കഴിഞ്ഞു.

​എം.വി.എസ് കണ്ണമംഗലത്തിന്റെ കലായാത്രയ്ക്ക് ഊർജ്ജം പകർന്നത് തന്റെ രണ്ടാം ക്ലാസ്സിലെ അധ്യാപകനായ തോമസ് മാഷാണ്. സ്ലൈറ്റിൽ വിമാനം വരച്ച കൊച്ചു എം.വി.എസ് ന്റെ കഴിവ് തിരിച്ചറിഞ്ഞ് മറ്റു ക്ലാസ്സുകളിൽ കൊണ്ടുപോയി പ്രദർശിപ്പിച്ച മാഷിന്റെ ആ വലിയ മനസ്സിനെ ഇന്നും അദ്ദേഹം നന്ദിയോടെ ഓർക്കുന്നു. അന്ന് ലഭിച്ച ആ പ്രോത്സാഹനമാണ് പാഴ്‌വസ്തുക്കളിൽ പോലും വൈവിധ്യം തിരയാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്.

​വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ എന്ന പ്രശസ്ത കവിതയെ ആസ്പദമാക്കി കളിമണ്ണിൽ തീർത്ത ദൃശ്യാവിഷ്കാരം അദ്ദേഹത്തിന്റെ സൃഷ്ടികളിൽ ഏറ്റവും ശ്രദ്ധേയമാണ്. ആ കവിത തന്നിലുണ്ടാക്കിയ ആഴത്തിലുള്ള വൈകാരികതയാണ് അത്തരമൊരു ശില്പം നിർമ്മിക്കാൻ കാരണമായതെന്ന് അദ്ദേഹം പറയുന്നു. ഇതുകൂടാതെ 30 അടി നീളത്തിൽ വെട്ടുതുണികൾ കൊണ്ട് അഞ്ച് മണിക്കൂർ കൊണ്ട് നിർമ്മിച്ച ഇന്ത്യയുടെ ഭൂപടം അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ തെളിവാണ്.

ചിത്രകലയിൽ മാത്രമല്ല, എഴുത്തിലും എം.വി.എസ് കണ്ണമംഗലം തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ബാലകുസുമം മാസികയിൽ പ്രസിദ്ധീകരിച്ച ‘അമ്മിയും കുട്ടിയും’, മലർവാടി മാസികയിലെ ‘കൊറോണക്കാലം’ എന്നീ കവിതകൾ ശ്രദ്ധേയമാണ്. കൂടാതെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ ‘അതിഥി’ എന്ന കവിതയും അദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞതാണ്. ഒരു അധ്യാപകൻ എന്ന നിലയിലുള്ള തിരക്കുകൾക്കിടയിലും കലയ്ക്കായി അദ്ദേഹം സമയം കണ്ടെത്തുന്നത് നിശബ്ദമായ രാത്രികളിലാണ്.

വെറും നിർമ്മിതികളിൽ ഒതുങ്ങുന്നതല്ല ഇദ്ദേഹത്തിന്റെ കല. ചുറ്റുമുള്ള വസ്തുക്കളെയും ജീവിതത്തെയും വളരെ തത്വാധിഷ്ഠിതമായാണ് അദ്ദേഹം നിരീക്ഷിക്കുന്നത്.
“സത്യം ആർക്കൊപ്പമാണെന്ന് നോക്കി അവർക്കൊപ്പം നിൽക്കാതെ, സത്യം ആർക്കൊപ്പമാണെങ്കിലും അവർക്കൊപ്പം നിൽക്കുക!” എന്നതുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ദാർശനിക ചിന്തകൾ ഏറെ അർത്ഥവത്താണ്.
“മൈനസ് പോയിന്റാണ് ശ്രദ്ധിക്കപ്പെടുക എന്നതാണ് മൈനസ് പോയിന്റിനുള്ള പ്ലസ് പോയിന്റ്” എന്ന് അദ്ദേഹം വിശ്വസിക്കുന്നു.

വിശ്വാസത്തെക്കുറിച്ചും നന്മയെക്കുറിച്ചും അദ്ദേഹത്തിന്റേതായ വേറിട്ട കാഴ്ചപ്പാടുകളുണ്ട്.
​”നമ്മൾ പുതിയ കാര്യങ്ങൾ ചെയ്യുമ്പോൾ സമൂഹത്തിൽ നിന്ന് പരിഹാസങ്ങളും എതിർപ്പുകളും ഉണ്ടായേക്കാം. എന്നാൽ അവയെല്ലാം അതിജീവിച്ചവർക്കേ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയൂ,” പുതിയ കലാകാരന്മാരോട് ഇദ്ദേഹത്തിന് പറയാനുള്ളത് ഇതാണ്.
​ചെമ്പുകമ്പിയിൽ തീർത്ത ഗാന്ധിചിത്രം, നൂലിൽ തീർത്ത ഗാന്ധിജി, ചോക്കിൽ തീർത്ത പള്ളി മിനാരങ്ങൾ എന്നിങ്ങനെ നീളുന്നതാണ് എം.വി.എസ് കണ്ണമംഗലത്തിന്റെ കലാശേഖരം. പുകയൂർ വലിയപറമ്പ് മലബാർ സെൻട്രൽ സ്കൂളിലെ ചിത്രകലാ അധ്യാപകനായ ഇദ്ദേഹം വരും തലമുറയ്ക്കായി നാട്ടു പഴമയെയും തന്റെ പെയിന്റിംഗുകളിലൂടെ കരുതിവെക്കുന്നു.

ഒറ്റയ്ക്ക് ചെയ്യാൻ കഴിയാത്ത ചില വലിയ സ്വപ്നങ്ങൾ ഇനിയും തന്റെ ഉള്ളിൽ ബാക്കിയുണ്ടെന്നും പിന്തുണ ലഭിച്ചാൽ അവ യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം വോക്സ്പോപ് ന്യൂസിനോട് പറഞ്ഞു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *