വേങ്ങര: വിദ്യാർത്ഥികളുടെ പ്രായോഗിക അറിവും സാങ്കേതിക നൈപുണ്യവും വർദ്ധിപ്പിക്കുന്നതിനായി വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ‘കാഡ് പി.സി.ബി ഡിസൈൻ’ (CAD PCB Design) എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. വയനാട് മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജ് ഇലക്ട്രോണിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ മുഫ്ലിഹ് കെ. ശില്പശാലയ്ക്ക് നേതൃത്വം നൽകി.
ക്യാഡ് (CAD) സോഫ്റ്റ്വെയർ ഉപയോഗിച്ച് പ്രിന്റഡ് സർക്യൂട്ട് ബോർഡ് (PCB) രൂപകൽപ്പന ചെയ്യുന്നതിന്റെ അടിസ്ഥാന തത്വങ്ങൾ സെഷനിൽ പരിചയപ്പെടുത്തി. സർക്യൂട്ട് സ്കീമാറ്റിക് നിർമ്മാണം, പി.സി.ബി ലേഔട്ട് ഡിസൈനിങ്, കൊമ്പോണന്റ് പ്ലേസ്മെന്റ്, റൂട്ടിങ് രീതികൾ, ഡിസൈൻ വെരിഫിക്കേഷൻ തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർത്ഥികൾക്ക് നേരിട്ട് പ്രായോഗിക പരിശീലനം നൽകി. തികച്ചും സംവേദനാത്മകമായി നടന്ന സെഷനിൽ വിഷയാശയങ്ങൾ ലളിതമായി വിശദീകരിക്കുകയും വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് റിസോഴ്സ് പേഴ്സൺ മറുപടി നൽകുകയും ചെയ്തു.
ആധുനിക പി.സി.ബി ഡിസൈനിങ് രീതികളെക്കുറിച്ച് അടുത്തറിയാനും ഇലക്ട്രോണിക്സ് രംഗത്ത് സ്വന്തമായി ഡിസൈനുകൾ തയ്യാറാക്കാനുള്ള കഴിവുകൾ വികസിപ്പിക്കാനും ശില്പശാല വിദ്യാർത്ഥികളെ സഹായിച്ചു.




