Nafia Thengilan (BA Multimedia 5th Sem)
വി.സി. ബാലകൃഷ്ണപ്പണിക്കർ മലയാള കവിതയുടെ പരിവർത്തനയുഗത്തിന് പുതിയ ദിശ നൽകിയ പ്രമുഖ കവികളിൽ ഒരാളായിരുന്നു. പരമ്പരാഗത കവിതാശൈലിയിൽ നിന്ന് കാൽപനികതയിലേക്കുള്ള മാറ്റത്തിൽ അദ്ദേഹത്തിന്റെ കൃതികൾ വലിയ സ്വാധീനം ചെലുത്തി. കവിയെന്ന നിലയിലും പത്രപ്രവർത്തകനെന്ന നിലയിലും ശ്രദ്ധേയനായ അദ്ദേഹം കേരളചിന്താമണി, മലബാറി, ചക്രവർത്തി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായും പ്രവർത്തിച്ചു.
1889 മാർച്ച് ഒന്ന് മലപ്പുറം ജില്ലയിലെ ഊരകം മേൽമുറി എന്ന സ്ഥലത്താണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് മാങ്കാവിൽ പടിഞ്ഞാറേ കോവിലകത്ത് വിദ്വാൻ ഏട്ടൻ തമ്പുരാന്റെ കീഴിൽ സംസ്കൃത കാവ്യ ശാസ്ത്രാദികൾ പഠിച്ചു. പഠനകാലത്തുതന്നെ സംസ്കൃത കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. തൃശ്ശൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരളചിന്താമണിയിൽ ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രശസ്ത കാവ്യമായ ഒരു വിലാപം രചിക്കപ്പെട്ടത്.19-ാം വയസ്സിൽ എഴുതിയ ഈ കൃതി മലയാള സാഹിത്യ ചരിത്രത്തിൽ പ്രത്യേക സ്ഥാനം നേടി. പിന്നീട് തിരൂരിൽ ലക്ഷ്മീസഹായം എന്ന പത്രപ്രവർത്തനം നടത്തുന്നതിനിടെ വിശ്വരൂപം, സാമ്രാജ്യഗീത തുടങ്ങിയ ശ്രദ്ധേയ കൃതികളും രചിച്ചു.
കവിതകൾക്ക് പുറമെ ഇന്ദുമതീ സ്വയംവരം എന്ന നാടകവും അന്യഥാ ചിന്തിതം കാര്യം ദൈവമന്യത്ര ചിന്തയേൽ എന്ന കഥയും അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളിൽ ഉൾപ്പെടുന്നു. സന്ധ്യാസൂര്യൻ, മീനാക്ഷി, നിശ, മഴക്കാറിലെ ആദിത്യൻ, ശീലാവതി, മങ്കിഗീത, രണ്ടു മുക്തക ങ്ങൾ, വർഷാചന്ദ്രൻ, സാമ്രാജ്യഗീത, സാമ്രാജ്യഗാഥ, ഭൂപാല മംഗളം, ഹാനോവർ വംശാവലി, ബാലാ പഞ്ചകം, പനി, ദുർഗ്ഗാഷ്ടകം, ഒരു സ്തുതി, ശ്രീവാസുദേവാഷ്ടകം, അരോഗത്വമേകണമമ്മേ,
ദേവീസ്ഥവം തുടങ്ങിയ കവിതകൾ ഇന്നും വായനക്കാരുടെ ശ്രദ്ധ ആകർഷിക്കുന്നു.
ജീവിതത്തിന്റെ അവസാനഘട്ടത്തിൽ ക്ഷയരോഗബാധിതനായ അദ്ദേഹം 23-ാം വയസ്സിൽ 1912 ഒക്ടോബർ 20ന് അന്തരിച്ചു. ചുരുങ്ങിയ ജീവിതകാലത്തിനുള്ളിൽ തന്നെ മലയാള സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ അദ്ദേഹത്തെ അനുസ്മരിച്ച് എല്ലാ വർഷവും മഹാകവി വി.സി. ബാലകൃഷ്ണപ്പണിക്കർ സാഹിത്യപുരസ്കാരം നൽകിവരുന്നു. അദ്ദേഹത്തിന്റെ കൃതികൾ ഇന്നും സാഹിത്യലോകത്ത് ആദരവോടെ ഓർക്കപ്പെടുന്നു.




