News

വൈകല്യങ്ങളെ ജയിച്ച് മുന്നേറിയ അക്ഷയ്; സാഹിത്യവും സാമൂഹിക സേവനവും ചേർന്നൊരു പ്രചോദന യാത്ര

Shifana Sherin pk (BA Multimedia 4th sem)

കോട്ടക്കൽ: 2001സെപ്റ്റംബർ 14ന് ജനിച്ച അക്ഷയ് ഒരു ഭിന്നശേഷിക്കാരനായ വ്യക്തിയായിട്ടും ജീവിതത്തിലെ വെല്ലുവിളികളെ വഴിമുടക്കാതെ കഴിവുകൾ കൊണ്ട് മുന്നേറിയ യുവാവാണ്. ഹൈസ്കൂൾ പഠനകാലത്ത് തന്നെ സ്വന്തം ആശയങ്ങൾ പങ്കുവെച്ച് “എന്റെ ജീവിത വീക്ഷണങ്ങൾ” എന്ന മാഗസിൻ തയ്യാറാക്കിയാണ് എഴുത്തിലേക്കുള്ള തുടക്കം. തുടർന്ന് പ്ലസ് വൺ ഘട്ടത്തിൽ “മഞ്ചാടി”, പ്ലസ് ടുവിന് ശേഷം “ആനന്ദ സ്പർശം” എന്നീ മാഗസിനുകൾ വഴി തന്റെ സാഹിത്യ പ്രവർത്തനം തുടർന്നു. പിന്നീട് പിഎസ്എംഒ കോളേജിൽ ചരിത്രത്തിൽ ബിരുദം നേടി. കോളേജ് ജീവിതത്തിൽ “നിറങ്ങൾ ചാലിച്ച മയിൽപീലികൾ” (2021) എന്ന മാഗസിനും, “അനുഭവങ്ങളും ചരിത്രങ്ങളും” (2025) എന്ന മാഗസിനും രൂപം നൽകി. അതിന്റെ അവതാരിക പ്രശസ്ത സാഹിത്യകാരനായ ജി രാജേഷ് കരിങ്കപ്പാറയായിരുന്നു.

2021- ൽ തന്നെ തുഞ്ചൻ കോളേജിൽ വെച്ച് സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങുകയും അതേ വർഷം ഭിന്നശേഷി സംഗമ സർഗ്ഗവേദി എന്ന സംഘടന ആരംഭിക്കുകയും ചെയ്തു. പിന്നീട് ഇത് സിഗനേച്ചർ ഡിസബിലിറ്റി എമ്പവർമെന്റ് ഫോറം എന്നാക്കി മാറ്റി. ഭിന്നശേഷിക്കാരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതും കലാപരിപാടികൾ സംഘടിപ്പിക്കുന്നതും ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തുന്നതുമായ ഒരു ശക്തമായ സാമൂഹിക വേദിയായി വളർന്നു. ഈ സംഘടനയുടെ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. സമൂഹത്തിൽ സ്വാധീനം ചെലുത്തുന്ന വ്യക്തികൾക്ക് സാഹിത്യ പുരസ്കാരങ്ങൾ നൽകുന്ന പ്രവർത്തനവും സംഘടന നടത്തി വരുന്നു.

അക്ഷയ് ഒരു ഓൺലൈൻ ന്യൂസ് റിപ്പോർട്ടറായും പ്രവർത്തിക്കുന്നു; കോട്ടക്കൽ, പരപ്പനങ്ങാടി, തിരൂരങ്ങാടി മേഖലകളിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ “കഥകൾക്കിടയിലൂടെ” എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചു. മെയിൻ ട്രസ്റ്റ്‌ എന്ന ഭിന്നശേഷി കൂട്ടായ്മയുടെ “ഇടം” എന്ന മാഗസിനിൽ “ഓണപ്പുലരി” എന്ന കവിതാസമാഹാരവും പ്രസിദ്ധീകരിച്ചു. 2024–25 കാലയളവിൽ കോളേജ് യൂണിയൻ മാഗസിൻ “ഒപ്പരി”, “യുദ്ധവും സമാധാനവും” എന്നീ ലേഖനം രചിച്ചു.

സിനിമാ മേഖലയിലും അദ്ദേഹത്തിന്റെ ഇടപെടൽ ശ്രദ്ധേയമാണ്. “നിറങ്ങൾ ചാലിച്ച മയിൽപീലികൾ” എന്ന മാഗസിൻ 2025-ൽ ഡോക്യുമെന്ററിയായി പുറത്തിറങ്ങി. സംവിധായകൻ മുനീർ മുഖാരി, സ്റ്റോറി റൈറ്റർ പ്രദീപ്‌ അറേങര എന്നിവർ പങ്കാളികളായി. കൂടാതെ മീഡിയ വൺ യൂട്യൂബ് ചാനലിൽ അദ്ദേഹത്തിന്റെ അഭിമുഖവും പ്രദർശിപ്പിച്ചിട്ടുണ്ട്.

സാമൂഹിക പ്രവർത്തനങ്ങൾക്ക് അംഗീകാരമായി “വോയിസ്‌ ഓഫ് ഡിസബിൽഡ് ” എന്ന കേരള സ്റ്റേറ്റ് തല കൂട്ടായ്മയിൽ നിന്ന് സംസ്ഥാന പുരസ്കാരവും യൂണിയൻ തലത്തിൽ വർഷം തോറും അവാർഡുകളും ലഭിച്ചിട്ടുണ്ട്. ഈ യാത്രയിൽ നിരവധി വെല്ലുവിളികൾ നേരിട്ടെങ്കിലും, അവയെ ആത്മവിശ്വാസത്തോടെ മറികടന്ന് മുന്നേറുകയാണ് അദ്ദേഹം. പഠനം പൂർത്തിയാക്കിയ ശേഷം ഇപ്പോൾ യുജിസി നെറ്റ് ലക്ഷ്യമാക്കി മുന്നേറുന്ന അക്ഷയ് ഭാവിയിൽ ഒരു ഗവേഷകനായി വളരാനാണ് ആഗ്രഹിക്കുന്നത്.

വൈകല്യങ്ങളെ ശക്തിയാക്കി മാറ്റി സാഹിത്യവും മീഡിയയും സാമൂഹിക സേവനവും ഒരുമിച്ച് ചേർത്തെടുത്ത അക്ഷയിയുടെ യാത്ര ഇന്നത്തെ യുവതലമുറയ്ക്ക് വലിയ പ്രചോദനമാണ്.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *