റിദ എം പി ( 4th sem, BA Multimedia )
മലപ്പുറം നഗരത്തിന്റെ ഹൃദയ ഭാഗത്ത് സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന കോട്ടക്കുന്ന് വെറുമൊരു കുന്നിൻപുറമല്ല. അത് ഈ നാടിന്റെ പോരാട്ട വീര്യത്തിന്റെയും കാലം കരുതിവെച്ച ദൃശ്യവിസ്മയങ്ങളുടെയും നേർസാക്ഷ്യമാണ്. ചരിത്രവും ആധുനികതയും ഇത്രമേൽ മനോഹരമായി ഇഴ ചേർന്ന മറ്റൊരു വിനോദസഞ്ചാര കേന്ദ്രം മലബാറിൽ വേറെയുണ്ടാകില്ല.
സാമൂതിരി രാജാക്കന്മാരുടെ ഭരണകാലത്ത് അവരുടെ സൈന്യാധിപനായിരുന്ന പാറനമ്പി പണികഴിപ്പിച്ച കോട്ട നിലനിന്നിരുന്നതിനാലാണ് ഈ പ്രദേശത്തിന് ‘കോട്ടക്കുന്ന് ‘ എന്ന പേര് ലഭിച്ചത്. തന്ത്രപരമായ ഈ മലഞ്ചെരിവ് ഒരു വശത്ത് കടലുണ്ടിപ്പുഴയാലും മറുവശത്ത് ആഴമേറിയ താഴ്‌വരയാലും ചുറ്റപ്പെട്ട ഒരു സ്വാഭാവിക കോട്ട പോലെയാണ്. പണ്ട് വാരക്കൽ പറനമ്പി എന്ന സാമൂതിരി സൈന്യാധിപൻ വള്ളുവനാട്ടിൽ നിന്ന് മലപ്പുറം കീഴടക്കിയപ്പോൾ പണിത ഈ കോട്ടയുടെ കവാടങ്ങളാണ് ഇന്ന് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ കോട്ടപ്പടിയും മൂന്നാംപടിയും. ഇന്ന് കോട്ടയുടെ അവശിഷ്ടങ്ങൾ മാത്രം കാണാമെങ്കിലും ഓരോ കല്ലിനും പഴയ യുദ്ധങ്ങളുടെയും വിജയങ്ങളുടെയും കഥകൾ പറയാനുണ്ട്.
ബ്രിട്ടീഷ് ഭരണകാലത്ത് സൈന്യത്തിന്റെ ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട സിഗ്നൽ സ്റ്റേഷനും സൈനിക താവളവുമായിരുന്നു കോട്ടക്കുന്ന്. എന്നാൽ കോട്ടക്കുന്നിന്റെ മണ്ണ് വിറങ്ങലിച്ചു നിൽക്കുന്നത് 1921-ലെ മലബാർ വിപ്ലവത്തിന്റെ വീരസ്മരണകൾക്ക് മുന്നിലാണ്. വിപ്ലവനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷുക്കാർ വെടിവെച്ചുകൊന്നത് ഈ കുന്നിന്റെ വടക്കേ ചരിവിലായിരുന്നു. 1922 ജനുവരി 20-ന്റെ ആ തണുത്ത പുലരിയിൽ തന്റെ കണ്ണുകൾ കെട്ടരുതെന്നും ചങ്ങലകൾ അഴിക്കണമെന്നും ആവശ്യപ്പെട്ട് മണ്ണിലേക്ക് മുഖം ചേർന്ന് വീണ അദ്ദേഹത്തിന്റെ ധീരസ്മരണകൾ ഇന്നും ഇവിടുത്തെ സ്മാരകത്തിലൂടെ പുതുതലമുറയ്ക്ക് കൈമാറപ്പെടുന്നു.
ചരിത്രസ്മാരകങ്ങൾക്കൊപ്പം തന്നെ ലോകോത്തര നിലവാരത്തിലുള്ള വിനോദ സൗകര്യങ്ങളാണ് ഇന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഇവിടെ ഒരുക്കിയിരിക്കുന്നത്.
വൈകുന്നേരങ്ങളിൽ ആകാശത്ത് വർണ്ണവിസ്മയം തീർക്കുന്ന വാട്ടർ സ്ക്രീൻ ലേസർ ഷോയും മ്യൂസിക്കൽ ഫൗണ്ടനും സന്ദർശകരുടെ പ്രധാന ആകർഷണമാണ്.
കുടുംബങ്ങൾക്കായി വിപുലമായ വാട്ടർ പാർക്ക്, കുട്ടികൾക്കായുള്ള പാർക്ക്, സാഹസികത ഇഷ്ടപ്പെടുന്നവർക്കായി അഡ്വഞ്ചർ പാർക്ക് എന്നിവയും ഇവിടെയുണ്ട്.
ലോകപ്രശസ്തമായ ദുബായ് മിറാക്കിൾ ഗാർഡന്റെ മാതൃകയിൽ ഒരുക്കിയ പൂന്തോട്ടം കോട്ടക്കുന്നിനെ കൂടുതൽ മനോഹരമാക്കുന്നു.
‘മലപ്പുറത്തിന്റെ മറീന ഡ്രൈവ്’ എന്നറിയപ്പെടുന്ന ഇവിടുത്തെ വാച്ച് ടവറിൽ നിന്നാൽ നഗരത്തിന്റെ 360-ഡിഗ്രി കാഴ്ച ലഭിക്കും. സന്ധ്യാസമയത്ത് നഗരം മെല്ലെ വിളക്കുകളിലേക്ക് വഴിമാറുന്ന ‘ഗോൾഡൻ ഹവർ’ വിഷ്വലുകൾ സിനിമാറ്റോഗ്രഫി പഠിക്കുന്നവർക്ക് ഒരു വലിയ പാഠപുസ്തകമാണ്. പുലർച്ചെകളിലെ മഞ്ഞും സന്ധ്യകളിലെ ചുവപ്പും കോട്ടക്കുന്നിനെ ഓരോ ദിവസവും പുതിയൊരു ക്യാൻവാസായി മാറ്റുന്നു.
പ്രാദേശികമായ സാമ്പത്തിക വളർച്ചയിലും മലപ്പുറത്തിന്റെ സാംസ്കാരിക മുഖം ലോകത്തിന് മുന്നിൽ എത്തിക്കുന്നതിലും കോട്ടക്കുന്ന് വലിയ പങ്കുവഹിക്കുന്നു. പഴമയെ സംരക്ഷിച്ചുകൊണ്ട് തന്നെ പുതുമയെ നെഞ്ചേറ്റുന്ന ഈ പ്രദേശം എന്നും മലപ്പുറത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു. ചരിത്രത്തിലേക്ക് നോക്കാനും പ്രകൃതിയെ ആസ്വദിക്കാനും വിനോദങ്ങളിൽ ഏർപ്പെടാനും കോട്ടക്കുന്നിനോളം മികച്ച മറ്റൊരു ഇടം മലപ്പുറത്തില്ല.



