ആയിഷ നജ (BA Multimedia, 1st Semester)
വേങ്ങര: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മനഃശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘ആത്മ’ എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഒക്ടോബർ 13, 14 തീയതികളിൽ ‘അനുഭവങ്ങൾ കേൾക്കപ്പെടട്ടെ: യഥാർഥ ശബ്ദങ്ങൾ, യഥാർഥ മാറ്റങ്ങൾ’ എന്ന പ്രമേയത്തിൽ നടന്ന പരിപാടികൾ മാനസികാരോഗ്യ ബോധവൽക്കരണം, വൈകാരിക പ്രകടനം, വിദ്യാർഥികൾക്കുള്ള മാനസിക പിന്തുണ എന്നിവയ്ക്ക് പ്രാധാന്യം നൽകി.
പരിപാടിയുടെ ഭാഗമായി ഒക്ടോബർ 13ന് ‘മുഖംമൂടിക്കപ്പുറം’ എന്ന പ്രമേയത്തിൽ മുഖചിത്രരചനാ മത്സരം സംഘടിപ്പിച്ചു. പുഞ്ചിരികൾക്കു പിന്നിൽ മറച്ചുവെക്കുന്ന വികാരങ്ങളെ ചിത്രങ്ങളിലൂടെ ആവിഷ്കരിക്കുകയായിരുന്നു ലക്ഷ്യം. കോളേജിലെ മനഃശാസ്ത്ര വകുപ്പിൽ വെച്ച് നടന്ന മത്സരത്തിന് അനുശ്രീ നേതൃത്വം നൽകി. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
വിദ്യാർഥികൾക്ക് മാനസിക പിന്തുണയും തുറന്ന ആശയവിനിമയത്തിനുള്ള അവസരവും ഒരുക്കുന്നതിനായി ‘സംസാരിക്കാൻ സുരക്ഷിതമായ ഇടം’ എന്ന പേരിൽ സഹപാഠി കൗൺസലിങ് പരിപാടിയും സംഘടിപ്പിച്ചു. കോളേജിലെ ജീവനി മുറിയിൽ നടന്ന കൗൺസലിങ് ബൂത്തിന് ഷാഹിന നേതൃത്വം നൽകി. മാനസിക സമ്മർദങ്ങൾ, ആശങ്കകൾ, വ്യക്തിപരമായ പ്രശ്നങ്ങൾ എന്നിവ തുറന്നുപറയാനും മറ്റുള്ളവരുടെ അനുഭവങ്ങൾ ശ്രദ്ധയോടെ കേൾക്കാനും പരിപാടി അവസരമൊരുക്കി. വിദ്യാർഥികളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകി പരസ്പര പിന്തുണയും മാനസികക്ഷേമവും പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം.
ഒക്ടോബർ 14ന് ഭയവും അതുമായി ബന്ധപ്പെട്ട വികാരങ്ങളും അനുഭവങ്ങളും അടുത്തറിയുന്നതിനായി ‘പ്രേതഭവനം’ എന്ന അനുഭവാധിഷ്ഠിത പരിപാടി സംഘടിപ്പിച്ചു. മനശാസ്ത്ര വിഭാഗം അധ്യാപകൻ റഷീദിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
കലയുടെ സഹായത്തോടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനും മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുമായി ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ കലാചികിത്സാ പരിപാടിയും നടത്തി.
നൂർ കൗൺസലിങ് ആൻഡ് സൈക്കോളജിക്കൽ വെൽ-ബീയിങ് സെന്ററിന്റെയും പോർട്ട്ഫോളിയോ സ്റ്റോക്ക് ട്രേഡേഴ്സിന്റെയും സഹകരണത്തോടെയാണ് കോളേജിൽ പരിപാടികൾ സംഘടിപ്പിച്ചത്. ഓരോ വ്യക്തിയുടെയും അനുഭവങ്ങൾ കേൾക്കപ്പെടണമെന്നും വികാരങ്ങൾ തുറന്നുപറയാൻ സുരക്ഷിതമായ ഇടങ്ങൾ ലഭിക്കണമെന്നും ഓർമിപ്പിക്കുന്നതായിരുന്നു ‘ആത്മ’യുടെ വിവിധ പ്രവർത്തനങ്ങൾ.




