ആത്മീയ വിശ്വാസത്തിന്റെയും മലബാറിന്റെ കോളനിവിരുദ്ധ ചരിത്രത്തിന്റെയും സാക്ഷിയായി കടലുണ്ടിപ്പുഴയുടെ തീരത്ത് മമ്പുറം
ഷിഫാന ഷെറിൻ പി.കെ. (BA Multimedia, 4th Semester)
തിരൂരങ്ങാടി: പ്രാർത്ഥനയുടെ ശാന്തതയും മലബാറിന്റെ പോരാട്ടചരിത്രവും ഒരേ ഇടത്ത് അനുഭവിച്ചറിയാവുന്ന അപൂർവ കേന്ദ്രമാണ് മമ്പുറം മഖാം. കടലുണ്ടിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മമ്പുറം, നൂറ്റാണ്ടുകളായി ആത്മീയ വിശ്വാസത്തിന്റെ പ്രധാന കേന്ദ്രമായി നിലകൊള്ളുന്നതിനൊപ്പം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രത്തിലും നിർണായക സ്ഥാനമാണ് വഹിക്കുന്നത്.
ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് വിശ്വാസികളാണ് മമ്പുറം മഖാമിലെത്തുന്നത്. തീർത്ഥാടകരുടെ തിരക്കും വഴിയരികിലെ കച്ചവടങ്ങളും സഹായം തേടിയെത്തുന്നവരും ഉൾപ്പെടുന്ന കാഴ്ചകൾ മമ്പുറത്തിന്റെ സവിശേഷമായ സാമൂഹിക അന്തരീക്ഷത്തിന്റെ ഭാഗമാണ്.
യമനി സാദാത്തുമാരുടെ ആത്മീയ പാരമ്പര്യം
മമ്പുറം തങ്ങൾ, തറമ്മൽ തങ്ങന്മാർ തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന യമനി സാദാത്തുമാരുടെ ആത്മീയ പാരമ്പര്യമാണ് മമ്പുറത്തിന്റെ പ്രധാന സവിശേഷത. സയ്യിദ് ഹസൻ ജിഫ്രിയും സയ്യിദ് അലവിയുമാണ് മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന പ്രമുഖർ.
ആത്മീയ നായകൻ, മതപണ്ഡിതൻ, സമുദായ നേതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന സയ്യിദ് അലവി ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിലും സാമൂഹിക ഇടപെടലുകളിലും സജീവമായിരുന്നു. ഇസ്ലാമിക വിജ്ഞാനത്തിൽ അറിവ് നേടിയ അദ്ദേഹം പതിനേഴാം വയസ്സിലാണ് കോഴിക്കോട്ടെത്തിയത്. പിന്നീട് മമ്പുറത്ത് സ്ഥിരതാമസമാക്കിയതോടെയാണ് ‘മമ്പുറം തങ്ങൾ’ എന്ന പേരിൽ പ്രശസ്തനായത്.
സാവിയയിൽ നിന്ന് മഖാമിലേക്ക്
സയ്യിദ് ഹസൻ ജിഫ്രി മമ്പുറത്ത് താമസമാരംഭിച്ചതോടെയാണ് പ്രദേശം പ്രധാന ആത്മീയ കേന്ദ്രമായി വളർന്നത്. അദ്ദേഹത്തെ കാണുന്നതിനായി അദ്ദേഹം സ്ഥാപിച്ച സാവിയയിലേക്ക് ആദ്യകാലത്ത് തീർത്ഥാടകർ എത്തിത്തുടങ്ങി.
ഹസൻ ജിഫ്രിയുടെ മരണശേഷം സാവിയയുടെ ചുമതല ഏറ്റെടുത്തത് അദ്ദേഹത്തിന്റെ അനന്തരവനും സൂഫി ആചാര്യനുമായ സയ്യിദ് അലവിയായിരുന്നു. ഹസൻ ജിഫ്രിയുടെ കല്ലറയ്ക്ക് മുകളിൽ അദ്ദേഹം കുടീരം പണിതു. ഓലമേഞ്ഞ് നിർമ്മിച്ചിരുന്ന ഈ കല്ലറ പിന്നീട് ‘തറമ്മൽ മഖാം’ എന്ന പേരിൽ പ്രശസ്തമായി.
ഹസൻ ജിഫ്രിയുടെ മഖ്ബറ സന്ദർശിക്കാനും സയ്യിദ് അലവി നേതൃത്വം നൽകിയിരുന്ന ആത്മീയ കൂട്ടായ്മകളിൽ പങ്കെടുക്കാനും അക്കാലത്തുതന്നെ നിരവധി വിശ്വാസികൾ എത്തിയിരുന്നു.
തലമുറകളിലൂടെ കൈമാറിയ സംരക്ഷണം
സയ്യിദ് അലവിയുടെ മരണശേഷം അദ്ദേഹത്തെ ഹസൻ ജിഫ്രിയുടെ കല്ലറയ്ക്ക് സമീപം അടക്കം ചെയ്തു. മകൻ സയ്യിദ് ഫസലായിരുന്നു പിന്നീട് മഖാമിന്റെ പ്രധാന ചുമതല വഹിച്ചത്.
ബ്രിട്ടീഷ് ഭരണകൂടം സയ്യിദ് ഫസലിനെയും കുടുംബത്തെയും മക്കയിലേക്ക് നാടുകടത്തിയപ്പോൾ മഖാമിന്റെ പരിപാലന ചുമതല ബന്ധുക്കളെ ഏൽപ്പിച്ചാണ് അദ്ദേഹം യാത്രയായത്. പിന്നീട് സയ്യിദ് അലവിയുടെ പൗത്രനായ അബ്ദുള്ള ജിഫ്രി സംരക്ഷണ ചുമതല ഏറ്റെടുത്തു. മഖാമിനെ കൂടുതൽ സൗകര്യപ്രദവും മനോഹരവുമായ കേന്ദ്രമാക്കി മാറ്റുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമായിരുന്നു.
കാലക്രമേണ മഖാമിന്റെ പരിപാലനാവകാശം കുടുംബത്തിലെ വിവിധ തലമുറകളിലൂടെ കൈമാറി വന്നു. 1998-ൽ പ്രധാന അവകാശികളായ ജിഫ്രി കുടുംബം മഖാമിന്റെ സംരക്ഷണ ചുമതല ദാറുൽ ഹുദാ മാനേജ്മെന്റിന് കൈമാറി.
പോരാട്ടങ്ങളുടെ ചരിത്രം പറയുന്ന മണ്ണ്
മമ്പുറം മഖാമിന്റെ പ്രാധാന്യം ആത്മീയതയിൽ മാത്രം ഒതുങ്ങുന്നില്ല. മലബാറിന്റെ കോളനിവിരുദ്ധ പോരാട്ട ചരിത്രത്തിലും മമ്പുറത്തിന് ശ്രദ്ധേയമായ സ്ഥാനമുണ്ട്.
സയ്യിദ് അലവിയും മകൻ സയ്യിദ് ഫസലും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയവരായിരുന്നു. വിവിധ മാപ്പിള പ്രക്ഷോഭങ്ങൾക്ക് മുമ്പ് പോരാളികൾ മമ്പുറം സന്ദർശിച്ച് ആത്മീയ അനുഗ്രഹം തേടിയിരുന്നുവെന്നാണ് ചരിത്രപരമായ രേഖകളും പ്രാദേശിക പാരമ്പര്യങ്ങളും സൂചിപ്പിക്കുന്നത്.
മമ്പുറം മഖാം ഉൾപ്പെടെയുള്ള ശവകുടീരങ്ങൾ തകർക്കുന്നതിനും തീർത്ഥാടന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും ബ്രിട്ടീഷ് ഭരണകൂടം ശ്രമിച്ചിരുന്നതായും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മഖാം തകർത്തുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ മലബാർ കലാപകാലത്ത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചതായും പറയപ്പെടുന്നു.
മാപ്പിള സമൂഹത്തിന് പുറമെ വിവിധ പിന്നാക്ക വിഭാഗങ്ങളും ഹസൻ ജിഫ്രിയെയും സയ്യിദ് അലവിയെയും ആത്മീയ ആശ്രയമായി കണ്ടിരുന്നതിനാൽ മമ്പുറം വിശാലമായ ജനവിഭാഗങ്ങളുടെ തീർത്ഥാടന കേന്ദ്രമായി മാറി.
ഉറൂസ്: വിശ്വാസികളുടെ സംഗമം
വർഷംതോറും നടക്കുന്ന തങ്ങന്മാരുടെ ആണ്ടുനേർച്ചയാണ് മമ്പുറം ഉറൂസ് എന്നറിയപ്പെടുന്നത്. സ്വദേശത്തുനിന്നും വിദേശത്തുനിന്നും നിരവധി വിശ്വാസികളാണ് ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തുന്നത്.
ആദ്യകാലത്ത് സയ്യിദ് അലവിയുടെ നേതൃത്വത്തിൽ ഹസൻ ജിഫ്രിയുടെ പേരിലായിരുന്നു നേർച്ച നടന്നിരുന്നത്. മഖ്ബറ സിയാറത്ത്, സ്വലാത്ത് ഹൽക്ക, കത്തം ദുആ, മൗലിദ് പാരായണം തുടങ്ങിയവ പ്രധാന ചടങ്ങുകളായിരുന്നു.
സയ്യിദ് അലവിയുടെ മരണശേഷം അദ്ദേഹത്തിന്റെ ആണ്ടുമായി ബന്ധപ്പെട്ട് സയ്യിദ് ഫസൽ ആരംഭിച്ച ചടങ്ങുകളാണ് പിന്നീട് ‘മമ്പുറം ആണ്ട് നേർച്ച’ എന്ന പേരിൽ അറിയപ്പെട്ടത്. മുഹറം മാസത്തിലെ ആദ്യ ദിവസങ്ങളിൽ നടക്കുന്ന ഉറൂസിൽ കത്തം ദുആ, മൗലിദ് പാരായണം, മതപ്രഭാഷണം, അന്നദാനം തുടങ്ങിയ പരിപാടികൾ നടക്കുന്നു.
ഹസൻ ജിഫ്രിയുടെ ആണ്ട് നേർച്ച ശഅ്ബാൻ മാസത്തിലാണ് നടക്കുന്നത്. അദ്ദേഹത്തിന്റെ പേരിൽ സയ്യിദ് അലവി ആരംഭിച്ച സ്വലാത്ത് ഹൽക്ക എല്ലാ വെള്ളിയാഴ്ച രാത്രികളിലും ഇവിടെ നടത്തിവരുന്നു.
ആത്മീയതയും ചരിത്രവും ഒന്നിക്കുന്ന ഇടം
ചെമ്മാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദാറുൽ ഹുദാ ഇസ്ലാമിക് സർവകലാശാലയുടെ മാനേജിംഗ് കമ്മിറ്റിയുടെ കീഴിലാണ് നേർച്ചയും അനുബന്ധ ചടങ്ങുകളും നടക്കുന്നത്.
പ്രാർത്ഥനയ്ക്കായി എത്തുന്ന വിശ്വാസികൾക്ക് ആത്മീയ ചൈതന്യം പകരുന്ന മമ്പുറം, ചരിത്രാന്വേഷകർക്ക് മലബാറിന്റെ സാമൂഹികവും രാഷ്ട്രീയവുമായ ഭൂതകാലത്തിലേക്ക് തുറക്കുന്ന വാതിൽ കൂടിയാണ്. ആത്മീയ പാരമ്പര്യവും സാമൂഹിക ഇടപെടലുകളും കോളനിവിരുദ്ധ പോരാട്ടങ്ങളുടെ ഓർമ്മകളും ഒരുമിച്ചുചേരുന്ന മമ്പുറം മഖാം, മലപ്പുറത്തിന്റെ ചരിത്ര-സാംസ്കാരിക ഭൂപടത്തിലെ ശ്രദ്ധേയമായ അടയാളമായി ഇന്നും നിലനിൽക്കുന്നു.




