നിഹാല.ഒ (BA Multimedia 4th sem)
വേങ്ങര: ചരിത്രം വെറും അറിവല്ല വരുംതലമുറയ്ക്കായി കാത്തുവെക്കേണ്ട നിധിയാണെന്ന് വിശ്വസിക്കുന്ന ഒരാളുണ്ട് മലപ്പുറം ജില്ലയിലെ കാടപ്പടിയിൽ. വേങ്ങര കക്കാടംപുറം ജി.യു.പി സ്കൂൾ അധ്യാപകനായ അബ്ദുൽ കരീം (പുറ്റെക്കാടൻ കരീം) തന്റെ വീടിനെ ചരിത്രത്തിന്റെ വിസ്മയ ലോകമാക്കി മാറ്റിയിരിക്കുന്നു. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ പിതാവ് നൽകിയ ഒരു വിദേശ നാണയത്തിൽ നിന്ന് തുടങ്ങിയ കൗതുകമാണ് ഇന്ന് 15 കോടി രൂപയോളം മൂല്യം കണക്കാക്കുന്ന പുരാവസ്തു ശേഖരമായി മാറിയിരിക്കുന്നത്.
ഒരു സർക്കാർ അധ്യാപകനായി ജോലി ചെയ്യുമ്പോഴും പുരാവസ്തുക്കളോടുള്ള അടങ്ങാത്ത ആവേശം കരീമിനെ ഇന്ത്യയൊട്ടാകെ സഞ്ചരിക്കാൻ പ്രേരിപ്പിച്ചു. ഈ യാത്രകളിലുടനീളം അദ്ദേഹം കണ്ടെത്തിയത് വെറും വസ്തുക്കളല്ല. മറിച്ച് കാലത്തിന്റെ അടയാളങ്ങളാണ്. ടിപ്പു സുൽത്താന്റെ ആന നാണയം മുതൽ പഴയകാലത്തെ ഗ്രാമഫോണുകൾ, റേഡിയോകൾ, സ്റ്റാമ്പുകൾ, ചെമ്പ്-ഓട് പാത്രങ്ങൾ, വിദേശ രാജ്യങ്ങളിലെ അപൂർവ്വ നാണയങ്ങൾ എന്നിവയൊക്കെ ഇദ്ദേഹത്തിന്റെ ശേഖരണത്തിലുണ്ട്.
ഹെർബൽ രാജാവ് റോം രാജാവിനും അബ്സിനിയ രാജാവിനും അയച്ച അപൂർവ്വ കത്തുകളുടെ പകർപ്പുകൾ ഇദ്ദേഹത്തിന്റെ പക്കലുള്ള ഏറ്റവും മൂല്യമേറിയ രേഖകളിലൊന്നാണ്. പിതാവ് നൽകിയ ആ ആദ്യ നാണയം ഇന്നും ഒരു പ്രിയപ്പെട്ട ഓർമ്മയായി അദ്ദേഹം കാത്തുസൂക്ഷിക്കുന്നു.
കേരള സംസ്ഥാന പുരാവസ്തു വകുപ്പിന്റെയും സാക്ഷരതാ മിഷന്റെയും ശ്രദ്ധ പിടിച്ചുപറ്റിയ ഈ ശേഖരം ഇന്ന് ചരിത്രപ്രേമികളുടെയും വിദ്യാർത്ഥികളുടെയും പ്രിയപ്പെട്ട ഇടമാണ്. ചരിത്ര രേഖാ സർവ്വേയുടെ ഭാഗമായി നിരവധി പഠിതാക്കൾ ഇവിടം സന്ദർശിച്ചിട്ടുണ്ട്. തന്റെ ഈ അമൂല്യ ശേഖരം വരും തലമുറയ്ക്ക് ഉപകാരപ്പെടുന്ന രീതിയിൽ സ്വന്തം വീട്ടിൽ തന്നെ ഒരു മ്യൂസിയമായി മാറ്റുക എന്നതാണ് കരീമിന്റെ വലിയ ലക്ഷ്യം.
പഴയ കാലത്തെ അറിഞ്ഞാൽ മാത്രമേ പുതിയ തലമുറയ്ക്ക് ചരിത്രബോധവും ഉത്തരവാദിത്വബോധവും ഉണ്ടാവുകയുള്ളൂ എന്നാണ് കരീമിന് പറയാനുള്ളത്. 15 കോടി രൂപയുടെ ഈ മഹാശേഖരം വെറുമൊരു സമ്പാദ്യമായല്ല. മറിച്ച് താൻ ജീവിച്ച കാലത്തിന്റെ അടയാളപ്പെടുത്തലായാണ് കരീം കാണുന്നു.
കുടുംബത്തിന്റെ പൂർണ്ണ പിന്തുണയും ഈ പ്രവർത്തനങ്ങൾക്ക് പിന്നിലുണ്ട്.
കാലം പിന്നോട്ട് നടന്നപ്പോൾ കിട്ടിയ ഈ മുത്തുകൾ വരുംതലമുറയ്ക്കായി ഒരുക്കാൻ ഈ അധ്യാപകൻ ഇന്നും തന്റെ യാത്രകൾ തുടരുകയാണ്.




