നിഥുന. സി ( 4 sem, BA Multimedia )
മലപ്പുറം ജില്ലയുടെ വാണിജ്യ ചരിത്രത്തിൽ ഒഴിച്ചുകൂടാനാവാത്ത പേരാണ് ചേളാരി ചന്ത.
മലബാറിലെ ഏറ്റവും വലിയ ചന്തകളിലൊന്നായ ചേളാരി ചന്ത, നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവും കൈവിടാതെ ഇന്നും നടത്തികൊണ്ട് പോവുന്നു. ഓരോ ചൊവ്വാഴ്ചയും പുലർച്ചെ 6 മണിക്ക് തുടങ്ങി വൈകുന്നേരം 6 മണിയോടെ ആണ് ചന്ത അവസാനിക്കുന്നത്.
ചന്തയിലേക്ക് വിവിധ സ്ഥലങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്.
ചേളാരിയുടെ പ്രധാന ആകർഷണം ഇവിടുത്തെ വലിയ കാലിച്ചന്തയാണ്. കാളകൾ, പോത്തുകൾ, ആടുകൾ എന്നിവയുടെ വിപുലമായ വിൽപനയാണ് ഇവിടെ നടക്കുന്നത്. പെരുന്നാൾ, വിശേഷ ദിവസങ്ങൾ എന്നിവയോടനുബന്ധിച്ച് കോടിക്കണക്കിന് രൂപയുടെ കച്ചവടമാണ് ഇവിടെ നടക്കാറുള്ളത്.
നാടൻ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, ഇഞ്ചി, മഞ്ഞൾ, തെങ്ങും തൈകൾ എന്നിവ കുറഞ്ഞ നിരക്കിൽ ഇവിടെ ലഭ്യമാണ്. വസ്ത്രങ്ങൾ, ചെരിപ്പുകൾ, ഗൃഹോപകരണങ്ങൾ മുതൽ പഴയ ഇരുമ്പ് സാധനങ്ങൾ വരെ കിട്ടുന്ന ഒരിടമായി ചേളാരി ചന്ത മാറിയിരിക്കുന്നു.
മൂന്ന് വർഷതിലേറെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ചന്ത മുൻപ് ദേശീയപാതയോരത്താണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ചേളാരി നിന്ന് മാറ്റി പറമ്പിൽ പിടിക
റോഡരികിലെ സൗകര്യപ്രദമായ മൈതാനത്തേക്കാണ്
മാറ്റപെട്ടിരിക്കുന്നു.
മലപ്പുറം-കോഴിക്കോട് അതിർത്തിയോട് ചേർന്ന് കിടക്കുന്നതിനാൽ രണ്ട് ജില്ലകളിലെയും വ്യാപാരികൾക്ക് ഇത് പ്രധാന കേന്ദ്രമായിരുന്നു.
ദേശീയപാത വികസനം ചന്തയുടെ പഴയ രീതികളെ ബാധിച്ചിട്ടുണ്ടെങ്കിലും ജനതിരക്കിന് കുറവില്ല. ഇനി ചന്തയിലെത്തുന്നവർക്ക് കൂടുതൽ ശുചിമുറി സൗകര്യങ്ങൾ ഒരുക്കണമെന്നും വാഹന പാർക്കിംഗ് കൂടുതൽ ശാസ്ത്രീയമാക്കണമെന്നും വ്യാപാരികളും പൊതുജനങ്ങളും പറയുന്നത്.
വെറുമൊരു കച്ചവട കേന്ദ്രം എന്നതിലുപരി വിവിധ നാട്ടുകാർ തമ്മിലുള്ള വിശേഷങ്ങൾ പങ്കുവെക്കലും സൗഹൃദം പുതുക്കലും ചന്തദിവസങ്ങളിലെ പ്രധാന കാഴ്ചയാണ്.ഒരുപാട് കച്ചവടക്കാരും സാധാരണക്കാരായ ജനങ്ങളും ആശ്രയിക്കുന്ന ചേളാരി ചന്ത, തിരക്കുകളൊഴിയാതെ ഇന്നും നാടിന്റെ അഭിമാനമായി തുടരുന്നു




