Nafia Thengilan (BA Multimedia 5th sem)
വേങ്ങര സ്വദേശിയായ കെ. മുഹമ്മദ് ഹസൻ കായികരംഗത്ത് ശ്രദ്ധേയ നേട്ടങ്ങൾ സ്വന്തമാക്കി മുന്നേറുകയാണ്. നിലവിൽ ഫറൂഖ് കോളേജിൽ (ഓട്ടോണമസ്) ബി.വോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്. 19 വയസ്സുകാരനായ ഹസൻ പഠനത്തിനൊപ്പം കായിക പരിശീലനവും മുന്നോട്ട് കൊണ്ടുപോകുന്നു.
ഒരു കൗതുകത്തിൽ ആരംഭിച്ച പരിശീലനമാണ് ഇന്ന് ഹസനെ സംസ്ഥാനതല വിജയങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്. സുഹൃത്തിന്റെ നിർദേശത്തെ തുടർന്നാണ് ഹസൻ തായ് ഫൈറ്റേഴ്സ് മാർഷ്യൽ അക്കാദമിയിൽ ചേർന്നത്. ഹസൻ കഴിഞ്ഞ ആറ് വർഷമായി തുടർച്ചയായി പരിശീലനം നടത്തിവരുന്നു. ആദ്യം കിക്ക് ബോക്സിങ്ങിലാണ് പരിശീലനം ആരംഭിച്ചത്. പിന്നീട് കോച്ചായ കെ.വി. സാബിഖിന്റെ നിർദേശപ്രകാരം ബോക്സിങ്ങിലും ശ്രദ്ധ കേന്ദ്രീകരിച്ചു. കഠിനാധ്വാനത്തിന്റെയും സ്ഥിരമായ പരിശീലനത്തിന്റെയും ഫലമായി ബോക്സിങ്ങിൽ സംസ്ഥാനതല മത്സരത്തിൽ സ്വർണമെഡൽ നേടാൻ ഹസന് സാധിച്ചു. കൂടാതെ കിക്ക് ബോക്സിങ്ങിൽ രണ്ട് സ്വർണമെഡലുകളും ഒരു വെങ്കലമെഡലും കരസ്ഥമാക്കി.
അക്കാദമിയിൽ ചേർന്ന് മൂന്ന് വർഷം പിന്നിട്ട ശേഷമാണ് ആദ്യത്തെ വലിയ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞത്. 2023 ൽ 49 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചാണ് സ്വർണമെഡൽ നേടിയത്. ആ നേട്ടം കൂടുതൽ ആത്മവിശ്വാസത്തോടെയും ആവേശത്തോടെയും മുന്നോട്ട് പോകാൻ പ്രചോദനമായി. കായികരംഗത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കുകയാണ് ഹസന്റെ ലക്ഷ്യം. സംസ്ഥാനതല നേട്ടങ്ങൾക്ക് പിന്നാലെ ദേശീയതല മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള തയ്യാറെടുപ്പിലാണ് ഹസൻ.
കുടുംബത്തിന്റെയും കോച്ചുമാരുടെയും പിന്തുണ ഹസന്റെ മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിക്കുന്നു. ഏകദേശം 15-ഓളം മത്സരങ്ങളിൽ പങ്കെടുത്ത ഹസൻ പഠനവും കായികപരിശീലനവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുകയും വേങ്ങരയിലെ യുവാക്കൾക്ക് മാതൃകയാകുകയുമാണ്. ആത്മവിശ്വാസവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ലക്ഷ്യങ്ങൾ കൈവരിക്കാനാകുമെന്ന് തന്റെ നേട്ടങ്ങളിലൂടെ ഹസൻ തെളിയിച്ചിരിക്കുന്നു.




