News

“ആയുർവേദ പാരമ്പര്യത്തിനപ്പുറം; ഐക്യത്തിന്റെ ചരിത്രം പറയുന്ന കോട്ടക്കൽ”

Shifana Sherin pk (BA Multimedia 5th sem)

കോട്ടക്കൽ: മലപ്പുറം ജില്ലയുടെ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകങ്ങളിൽ ശ്രദ്ധേയമായ സ്ഥാനമാണ് കോട്ടക്കലിനുള്ളത്. ജില്ലാ ആസ്ഥാനത്തു നിന്ന് ഏകദേശം 12 കിലോമീറ്റർ തെക്ക്-പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ പട്ടണം ലോകപ്രശസ്തമായത് വൈദ്യരത്നം പി. എസ്. വാര്യർ സ്ഥാപിച്ച കോട്ടക്കൽ ആര്യവൈദ്യശാലയിലൂടെയാണ്. ആയുർവേദ ചികിത്സയുടെ ആഗോള ഭൂപടത്തിൽ കോട്ടക്കലിനെ അടയാളപ്പെടുത്തിയ ഈ സ്ഥാപനം മാത്രമല്ല. ഗൃഹസാമഗ്രി വ്യവസായവും വിവിധ മതവിഭാഗങ്ങളുടെ സഹവർത്തിത്വവും ഈ നാടിന്റെ പ്രത്യേകതകളാണ്. വിശ്വംബരക്ഷേത്രം, വെങ്കിടത്തേവർ ശിവക്ഷേത്രം, ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രം, പാലപ്പുറ ജുമാമസ്ജിദ്, പാലത്തറ ജുമാമസ്ജിദ്, സെന്റ് ജോർജ് സിറിയൻ പള്ളി, ആതുരമാത പള്ളി എന്നിവ ഇവിടെ നിലകൊള്ളുന്ന മതസൗഹാർദ്ദത്തിന്റെ പ്രതീകങ്ങളാണ്. കോട്ടക്കൽ പൂരം, വെങ്കിടത്തേവർ ക്ഷേത്രോത്സവം, പാലപ്പുറ നേർച്ച തുടങ്ങിയ ആഘോഷങ്ങൾ ഈ നാടിന്റെ സാംസ്കാരിക ജീവിതത്തെ സമ്പന്നമാക്കുന്നു.

എന്നാൽ ഇന്ന് ആയുർവേദത്തിന്റെ തലസ്ഥാനമായി അറിയപ്പെടുന്ന കോട്ടക്കലിന് 1921-ലെ മലബാർ ചരിത്രവുമായി അഭേദ്യമായ ബന്ധമുണ്ട്. ഖിലാഫത്ത് സമരത്തിന്റെ തീപ്പൊരി ഏറനാടൻ ഗ്രാമങ്ങളെ പോലെ കോട്ടക്കലിനെയും ബാധിച്ചിരുന്നു. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നിരവധി കോട്ടക്കൽ സ്വദേശികൾ ഖിലാഫത്ത് പ്രസ്ഥാനത്തിൽ പങ്കെടുത്തിരുന്നു. സമരത്തെ അടിച്ചമർത്താൻ ബ്രിട്ടീഷ് പട്ടാളം വീടുകൾ റെയ്ഡ് ചെയ്യുകയും നിരവധി പുരുഷന്മാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയോ നാടുകടത്തുകയോ ചെയ്തിരുന്നു. 1921 ഓഗസ്റ്റ് 20-ന് ഖിലാഫത്ത് നേതാവായിരുന്ന ആലി മുസ്ലിയാരെ അറസ്റ്റ് ചെയ്യാനെത്തിയ ബ്രിട്ടീഷ് സൈന്യം തിരൂരങ്ങാടി പള്ളിക്കു നേരെ വെടിയുതിർത്തുവെന്ന വാർത്ത മലബാറിലാകെ പടർന്നു. വാർത്ത കോട്ടക്കലിലെത്തിയതോടെ ഗ്രാമം സംഘർഷഭരിതമായി. കൈയിൽ കിട്ടിയ ആയുധങ്ങളുമായി ഒരു സംഘം പുരുഷന്മാർ തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ടു. ചിലർ ചേർന്ന് കോട്ടക്കൽ പുത്തൂർ തോടിന്റെ പാലം തകർക്കുകയും സബ് രജിസ്ട്രാർ ഓഫീസ്, പോസ്റ്റ് ഓഫീസ് എന്നിവയ്ക്ക് തീയിടുകയും ചെയ്തു.

തുടർന്ന് കോട്ടക്കൽ അങ്ങാടിയിൽ യോഗം ചേർന്ന സമരക്കാർ കോട്ടക്കൽ കിഴക്കെ കോവിലകം ലക്ഷ്യമാക്കി നീങ്ങാൻ തീരുമാനിച്ചു. ബ്രിട്ടീഷ് ഭരണകൂടവുമായി സഹകരിച്ച് പ്രാദേശിക ഭരണം നടത്തിയിരുന്നതാണ് കിഴക്കെ കോവിലകത്തിനെതിരായ അവരുടെ പ്രതിഷേധത്തിന് കാരണം. കോവിലകത്തേക്കുള്ള വഴി ആര്യവൈദ്യശാലയുടെ മുന്നിലൂടെയായിരുന്നു.
സമരക്കാർ കോവിലകത്തേക്ക് നീങ്ങുന്നുവെന്ന വിവരം അറിഞ്ഞ പി. എസ്. വാര്യർ അവരെ ആര്യവൈദ്യശാലയിലേക്ക് വിളിച്ചുവരുത്തി. അമ്പതോളം പേരടങ്ങിയ സംഘത്തിൽ നിന്ന് നേതൃനിരയിലുള്ള നാല് അഞ്ച് പേരുമായി അദ്ദേഹം വിശദമായ ചർച്ച നടത്തി. സമരാവേശത്തിൽ മുന്നേറുന്ന ജനക്കൂട്ടത്തെ തന്റെ സാന്നിധ്യത്തിലേക്ക് ക്ഷണിച്ച് സംസാരിക്കാൻ സാധിച്ചതിന് പിന്നിൽ മാപ്പിള സമൂഹവുമായി അദ്ദേഹം പുലർത്തിയിരുന്ന ദീർഘകാല സൗഹൃദവും വിശ്വാസബന്ധവുമായിരുന്നു.

ബ്രിട്ടീഷുകാരെ പുറത്താക്കി ഖിലാഫത്ത് രാജ്യം സ്ഥാപിക്കുകയെന്നതാണ് ലക്ഷ്യമെന്ന് സമരക്കാർ വാര്യരോട് വ്യക്തമാക്കി. എന്നാൽ പി. എസ്. വാര്യർ അവരോട് ക്ഷമയോടെയും യുക്തിയോടെയും കാര്യങ്ങൾ വിശദീകരിച്ചു. സർവായുധസജ്ജരായ ബ്രിട്ടീഷ് സൈന്യത്തെ വെറും വടിയും കുന്തവും ഉപയോഗിച്ച് നേരിടുന്നത് ബുദ്ധിശൂന്യതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതോടൊപ്പം സാമൂതിരിയും മാപ്പിളമാരും തമ്മിൽ നിലനിന്നിരുന്ന ചരിത്രപരമായ സൗഹൃദബന്ധങ്ങളെക്കുറിച്ചും അദ്ദേഹം അവരെ ഓർമിപ്പിച്ചു.
സാമൂതിരിയുടെ അധികാരാരോഹണ ചടങ്ങായ അരിയിട്ടുവാഴ്ചയിൽ പോലും മാപ്പിളമാർക്ക് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കോട്ടക്കൽ പാലപ്പുറം പള്ളിക്കും കാവതികളം പള്ളിക്കും ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയതും കോട്ടക്കൽ ചന്ത വികസിപ്പിക്കുന്നതിനായി പരപ്പനങ്ങാടിയിൽ നിന്ന് മുസ്ലിം കച്ചവടക്കാരെ കൊണ്ടുവന്ന് ഇവിടെ താമസിപ്പിച്ചതുമെല്ലാം അദ്ദേഹം ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി. ഈ സൗഹൃദത്തിന്റെ ചരിത്രം കേട്ട സമരക്കാർ ഒടുവിൽ കോവിലകം ആക്രമിക്കാതെ പിന്തിരിയാൻ തീരുമാനിച്ചു.
1921-ലെ സംഘർഷങ്ങൾ ഒരു വർഷത്തിലേറെ നീണ്ടുനിന്നു. ഏറനാട് പ്രദേശം അക്ഷരാർഥത്തിൽ സ്തംഭിച്ച അവസ്ഥയിലായിരുന്നു. സർക്കാർ സംവിധാനങ്ങളുടെ സാധാരണ പ്രവർത്തനങ്ങൾ പലതും നിലച്ചിരുന്നു. എന്നാൽ ഈ പ്രതിസന്ധിക്കിടയിലും കോട്ടക്കൽ ആര്യവൈദ്യശാലയുടെ പ്രവർത്തനങ്ങൾക്ക് വലിയ തടസ്സമുണ്ടായിരുന്നില്ല. ഔഷധ നിർമ്മാണത്തിനാവശ്യമായ പച്ചമരുന്നുകൾ ശേഖരിച്ച് എത്തിച്ചിരുന്നത് പ്രധാനമായും മാപ്പിള സമൂഹാംഗങ്ങളായിരുന്നു. അതുകൊണ്ട് തന്നെ വൈദ്യശാലയുടെ പ്രവർത്തനം തുടർന്നുപോവാൻ സാധിച്ചു.

മതസൗഹാർദ്ദത്തിലും മനുഷ്യസ്നേഹത്തിലും വിശ്വസിച്ചിരുന്ന പി. എസ്. വാര്യരുടെ കാഴ്ചപ്പാടിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഭവനമായ കൈലാസ മന്ദിരം. 1926-ൽ കലാപത്തിന്റെ മുറിവുകൾ ഇനിയും ഉണങ്ങാത്ത കാലത്താണ് ഈ ഭവനം നിർമ്മിക്കപ്പെട്ടത്. അതിന്റെ കവാടമുദ്രകളിൽ ഹിന്ദു, മുസ്ലിം, ക്രൈസ്തവ മതചിഹ്നങ്ങൾ ഒരുമിച്ച് ആലേഖനം ചെയ്തിരിക്കുന്നു. മതഭേദങ്ങൾക്കപ്പുറം മനുഷ്യരെ കാണാനുള്ള അദ്ദേഹത്തിന്റെ വിശാലമായ ദർശനത്തിന്റെ സ്മാരകമായി അത് ഇന്നും നിലകൊള്ളുന്നു.
ആയുർവേദത്തിന്റെ മഹത്തായ പാരമ്പര്യം ലോകത്തിന് സമ്മാനിച്ച കോട്ടക്കൽ 1921-ലെ കലാപകാലത്ത് സമാധാനത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച നാടുകൂടിയായിരുന്നു. ആ ചരിത്രത്തിന്റെ കേന്ദ്രത്തിൽ വൈദ്യരത്നം പി. എസ്. വാര്യർ എന്ന മഹത് വ്യക്തിത്വത്തിന്റെ ഇടപെടൽ ഇന്നും ഓർമിക്കപ്പെടേണ്ട ഒരു അധ്യായമായി നിലനിൽക്കുന്നു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *