വേങ്ങര: 2019-2020 അദ്ധ്യയന വര്‍ഷത്തേക്കുളള ബിരുദ പ്രവേശനത്തോടനുബന്ധിച്ച് മൂന്നാമത്തെ അലോട്ട്മെന്റിനുശേഷം നിലനില്‍ക്കുന്ന ഒഴിവുകളിലേക്ക് പ്രവേശനം നടത്തുന്നതിന് ജൂൺ 27 നു എല്ലാ കോളേജുകളിലേക്കും ഓരോ കോഴ്സിനും ഓണ്‍ലൈന്‍ മുഖാന്തരം അപേക്ഷ സമര്‍പ്പിച്ചവരുടെ ലിസ്റ്റ് അയയ്ക്കുന്നതാണ്.പട്ടികയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അപേക്ഷിച്ച കോളേജുകളില്‍ ജൂൺ 27 മുതല്‍ 29 വരെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് അവസരമുണ്ടായിരിക്കും. കോളേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും റാങ്ക് ലിസ്റ്റ് ജൂലായ് ഒന്നിന് 2 മണിക്ക് തയ്യാറാക്കുന്നതാണ്. പ്രസ്തുത റാങ്ക് ലിസ്റ്റുകളില്‍ നിന്നും ജൂലായ് 2 മുതല്‍ 5 വരെ അഡ്മിഷന് എടുക്കാവുന്നതാണ്.
ഇതിനു മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്ക് ജൂൺ 24 മുതല്‍ ജൂൺ 25 വരെ ലോഗിന്‍ ചെയ്ത് റജിസ്ട്രേഷന് സമയത്ത് നല്‍കിയിട്ടുള്ള വ്യക്തിഗത വിവരങ്ങള്‍, മാര്‍ക്ക് എന്നിവയില്‍ തിരുത്തല്‍ വരുത്തുന്നതിനും കോളേജ് ഓപ്ഷന് മാറ്റി നല്‍കുന്നതിനും അവസരമുണ്ടാകും.
തിരുത്തലുകള്‍ വരുത്തുന്നതിനും റീ-ഓപ്ഷന് നല്‍കുന്നതിനും താഴെപറയുന്നവര്‍ അര്‍ഹരായിരിക്കും.
1. ഹയര്‍ ഓപ്ഷന് ക്യാന്‍സല്‍ ചെയ്യാതെ സ്ഥിരം അഡ്മിഷന് എടുത്ത വിദ്യാര്‍ത്ഥികള്‍
2. ഒന്നും, രണ്ടും, മൂന്നും അലോട്ട്മെന്റ് ലഭിച്ചതിനുശേഷം മാൻഡേറ്ററി ഫീസ് അടച്ചവരും, എന്നാല്‍ സ്ഥിരം അഡ്മിഷന് എടുക്കാത്തവരുമായ വിദ്യാര്‍ത്ഥികള്‍
3. ഒന്നും രണ്ടും മൂന്നും അലോട്ട്മെന്റ് ലഭിച്ചതിനുശേഷം മാന്‍ഡേറ്ററി ഫീസ് അടക്കാത്തവര്‍
4. മെയ് 27 ന് മുന്‍പ് റജിസ്ട്രേഷന് ഫീസ് അടച്ച് ഓണ്‍ലൈന്‍ റജിസ്ട്രേഷന് പൂര്‍ത്തീകരിക്കാത്തവര്‍. ഒന്നാം പ്രയോറിറ്റിയിലേക്ക് പ്രവേശനം ലഭിച്ചവര്‍ക്കും, ഹയര്‍ ഓപ്ഷന് ക്യാന്‍സല്‍ ചെയ്ത് സ്ഥിരം അഡ്മിഷന് എടുത്ത വിദ്യാര്‍ത്ഥികള്‍ക്കും റീ-ഓപ്ഷന് നല്‍കുന്നതിനുളള സൗകര്യമുണ്ടായിരിക്കുന്നതല്ല. എന്നാല്‍, തിരുത്തലുകള്‍ വരുത്തുന്നതിന് പിന്നീട് നോഡല്‍ സെന്റര്‍ മുഖാന്തരം അവസരം നല്‍കുന്നതാണ്.
റീ-ഓപ്ഷന് നല്‍കുന്നതിന് മുന്‍പ് താഴെപറയുന്നവ ശ്രദ്ധിക്കുക.
1. വിദ്യാര്‍ത്ഥികള്‍ www.cuonline.ac.n എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓരോ കോളേജിലെയും ഓരോ കോഴ്സിലെയും കാറ്റഗറി തിരിച്ചുളള വേക്കന്‍സി,വെയിറ്റിംഗ് ലിസ്റ്റ് എന്നിവ പരിശോധിക്കുക. മൂന്നാമത്തെ അലോട്ട്മെന്റിനുശേഷം ഓരോ കോളേജിലും ഓരോ കോഴ്സിലുമുളള വിവിധ കാറ്റഗറിയില്‍ അഡ്മിഷന് എടുത്ത വിദ്യാര്‍ത്ഥികളുടെ അവിടത്തെ ഇന്‍ഡക്സ് പരിശോധിക്കാവുന്നതാണ്.