1943-ൽ ആരംഭിച്ച സ്ഥാപനം ഇന്ന് നിരവധി വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളുടെ കേന്ദ്രം
ഷിഫാന ഷെറിൻ പി.കെ. (BA Multimedia, 4th Semester)
തിരൂരങ്ങാടി: ബ്രിട്ടീഷ് അധിനിവേശകാലത്തും അതിനുശേഷമുണ്ടായ സാമൂഹിക പ്രതിസന്ധികളിലും അനാഥരായ കുട്ടികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് രൂപംകൊണ്ട തിരൂരങ്ങാടി മുസ്ലിം യതീംഖാന, എട്ട് പതിറ്റാണ്ടിലേറെ പിന്നിട്ട് വിദ്യാഭ്യാസ-സാമൂഹിക സേവന രംഗത്തെ പ്രധാന സ്ഥാപനമായി വളർന്നു.
ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾ, രോഗബാധകൾ, നാടുകടത്തലുകൾ, മരണങ്ങൾ തുടങ്ങിയ സാമൂഹിക സാഹചര്യങ്ങളാണ് അനാഥ സംരക്ഷണത്തിനായി ഒരു സംവിധാനത്തിന്റെ ആവശ്യകത ശക്തമാക്കിയത്. കെ.എം. മൗലവിയുടെയും എം.കെ. ഹാജിയുടെയും നേതൃത്വത്തിൽ നാട്ടുകാർ തിരൂരങ്ങാടി നൂറുൽ ഇസ്ലാം മദ്രസയിൽ യോഗം ചേർന്ന് ഇതുസംബന്ധിച്ച തീരുമാനങ്ങളെടുത്തു.
1943-ൽ യതീംഖാനയ്ക്ക് തുടക്കം
അനാഥരായ കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകുക എന്ന ലക്ഷ്യത്തോടെ 1943-ലാണ് തിരൂരങ്ങാടി മുസ്ലിം യതീംഖാന സ്ഥാപിതമായത്. തുടക്കത്തിൽ എം.കെ. ഹാജിയുടെ വീട്ടിൽനിന്നായിരുന്നു പ്രവർത്തനം.
മതപരമായ പരിധികൾക്കപ്പുറം അനാഥരായ കുട്ടികൾക്ക് സംരക്ഷണം നൽകുന്നതിനും സ്ഥാപനം പ്രാധാന്യം നൽകി. വിവിധ മത-സമുദായങ്ങളിൽപ്പെട്ട കുട്ടികളെയും സ്ഥാപനത്തിൽ എത്തിച്ച് പഠിപ്പിച്ചതായി ചരിത്രരേഖകളിൽ വ്യക്തമാക്കുന്നു.
പിന്നീട് സ്വന്തമായി വാങ്ങിയ സ്ഥലത്ത് യതീംഖാനയുടെ കെട്ടിടം പൂർത്തിയാക്കി. 1943 ഡിസംബർ 11-ന് സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അബ്ദുൽ സത്താർ സൈറ്റ് യതീംഖാന ഉദ്ഘാടനം ചെയ്തു.
ഹോസ്റ്റൽ സൗകര്യങ്ങളിലേക്ക്
1956 ജൂൺ 10-ന് ‘ദാറുസ്സലാം’ എന്ന പേരിലുള്ള ഹോസ്റ്റൽ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം അബുസബഹ് അഹ്മദ് മൗലവി അൽ അസ്ഹർ നിർവഹിച്ചു. 1959 ജനുവരി 22-ന് ഹോസ്റ്റലിന്റെ ആദ്യ ബ്ലോക്ക് കേരള ഗവർണർ ഡോ. രാമകൃഷ്ണ റാവു ഉദ്ഘാടനം ചെയ്തു.
114 അനാഥ കുട്ടികളുമായി ആരംഭിച്ച സ്ഥാപനം പിന്നീട് വിപുലമായ ക്യാമ്പസായി വളർന്നു. ഒരേസമയം 1,500-ലധികം അനാഥ കുട്ടികൾക്ക് താമസവും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്ന ഘട്ടവും സ്ഥാപനത്തിന്റെ വളർച്ചയിൽ ശ്രദ്ധേയമായി.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രമായി
യതീംഖാനയുടെ നേതൃത്വത്തിൽ പിന്നീട് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു. 1939 ഫെബ്രുവരി 2-ന് സ്ഥാപിതമായ നൂറുൽ ഇസ്ലാം മദ്രസ തിരൂരങ്ങാടിയിലെ സാമൂഹിക-വിദ്യാഭ്യാസ മുന്നേറ്റങ്ങളുടെ ആദ്യകാല കേന്ദ്രങ്ങളിലൊന്നായിരുന്നു.
1955 ജൂലൈ 2-ന് ആരംഭിച്ച ഓറിയന്റൽ ഹൈസ്കൂൾ പിന്നീട് ഹയർ സെക്കൻഡറി സ്കൂളായി. 1960 ജൂലൈ 2-ന് ഓർഫനേജ് അപ്പർ പ്രൈമറി സ്കൂളും ആരംഭിച്ചു. സമീപപ്രദേശങ്ങളിലെ നിരവധി വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ഈ സ്ഥാപനങ്ങൾ അവസരമൊരുക്കി.
1961 ഒക്ടോബർ 10-ന് സീതി സാഹിബ് മെമ്മോറിയൽ ഓർഫനേജ് ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചു. 1964 ഡിസംബർ 18-ന് ക്യാമ്പസിലെ മസ്ജിദിന്റെ തറക്കല്ലിടൽ നടന്നു. 1971 ഓഗസ്റ്റ് 22-ന് കെ.എം. മൗലവി മെമ്മോറിയൽ ഓർഫനേജ് അറബിക് കോളേജിനും തുടക്കമായി.
1968 ജൂലൈ 15-ന് പി.എസ്.എം.ഒ. കോളേജ് നിലവിൽ വന്നു. യതീംഖാനയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങിയവരിൽ പലരും പിന്നീട് വിവിധ സ്ഥാപനങ്ങളിൽ അധ്യാപകരായും മറ്റ് മേഖലകളിലും പ്രവർത്തിച്ചതായി സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തമാക്കുന്നു.
ഉന്നത വിദ്യാഭ്യാസവും ആരോഗ്യ സേവനവും
വിദൂര വിദ്യാഭ്യാസ മേഖലയിലും യതീംഖാന പ്രവർത്തനം വ്യാപിപ്പിച്ചു. 1992-ൽ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (IGNOU) സ്റ്റഡി സെന്റർ ആരംഭിച്ചു.
ആരോഗ്യരംഗത്തും സ്ഥാപനം ഇടപെടൽ ആരംഭിച്ചു. 1996 ഫെബ്രുവരി 24-ന് എം.കെ. ഹാജി ഓർഫനേജ് ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു. ഇതോടൊപ്പം എം.കെ.എച്ച്. സ്കൂൾ ഓഫ് നഴ്സിംഗിനും തുടക്കമായി.
2015-ൽ അൽ ഫിത്റ ഇസ്ലാമിക് പ്രീ-സ്കൂളും ആരംഭിച്ചു. ഇതോടെ പ്രീ-പ്രൈമറി വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിവിധ തലങ്ങളിലായി സ്ഥാപനത്തിന്റെ പ്രവർത്തനം വ്യാപിച്ചു.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സന്ദർശനം
1985 സെപ്റ്റംബർ 7-ന് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി യതീംഖാന സന്ദർശിച്ചിരുന്നു. സ്ഥാപനത്തിന്റെ അതിഥി പുസ്തകത്തിൽ അദ്ദേഹം രേഖപ്പെടുത്തിയ സന്ദേശത്തിൽ പാരമ്പര്യം സംരക്ഷിച്ചുകൊണ്ട് ആധുനിക ഇന്ത്യയുടെ നിർമാണത്തിൽ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പങ്ക് വഹിക്കണമെന്ന ആശംസ രേഖപ്പെടുത്തിയിരുന്നു.
അനാഥ സംരക്ഷണത്തിനായി ആരംഭിച്ച ഒരു ചെറിയ സംരംഭം പിന്നീട് വിദ്യാഭ്യാസം, ആരോഗ്യപരിചരണം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിലേക്ക് വികസിച്ചതിന്റെ ഉദാഹരണമായാണ് തിരൂരങ്ങാടി മുസ്ലിം യതീംഖാനയെ വിലയിരുത്തുന്നത്.
സാമൂഹിക പിന്തുണയിൽ മുന്നോട്ട്
യതീംഖാനയുടെ പ്രവർത്തനങ്ങൾക്ക് നാട്ടുകാരുടെയും സന്നദ്ധരായ വ്യക്തികളുടെയും സാമ്പത്തികവും സാമൂഹികവുമായ പിന്തുണ ലഭിച്ചുവരുന്നു. കാലക്രമേണ വിവിധ മേഖലകളിലായി നിരവധി സ്ഥാപനങ്ങൾ രൂപീകരിക്കാനും പ്രവർത്തനം വിപുലീകരിക്കാനും ഈ പിന്തുണ സഹായിച്ചു.
അനാഥരായ കുട്ടികൾക്ക് താമസവും വിദ്യാഭ്യാസവും നൽകുക എന്ന പ്രാഥമിക ലക്ഷ്യത്തിൽനിന്ന് ആരംഭിച്ച യതീംഖാന ഇന്ന് വിദ്യാഭ്യാസം, ആരോഗ്യപരിചരണം, തൊഴിൽപരമായ പരിശീലനം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വലിയ സ്ഥാപനസമുച്ചയമായി മാറിയിരിക്കുകയാണ്.
എം.കെ. ഹാജിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഈ സംരംഭത്തിന്റെ അടിസ്ഥാന ലക്ഷ്യം സാമ്പത്തിക സ്വയംപര്യാപ്തതയും സമൂഹത്തിന്റെ പിന്തുണയും നിലനിർത്തിക്കൊണ്ട് സേവനം തുടരുക എന്നതായിരുന്നു. ആ ലക്ഷ്യത്തിന്റെ ഭാഗമായി തിരൂരങ്ങാടി മുസ്ലിം യതീംഖാനയുടെ പ്രവർത്തനം ഇന്നും തുടരുന്നു




