നിഹലാ.ഒ (BA Multimedia 5th Sem)
വേങ്ങര: വേങ്ങര ബസ് സ്റ്റാൻഡിലൂടെ കടന്നുപോകുന്നവർക്ക് പൂക്കളുടെ നിറവും സുഗന്ധവും സമ്മാനിക്കുന്ന ഒരു പരിചിത കാഴ്ചയാണ് ഗംഗ ഫ്ലവർ സ്റ്റാൾ ആൻഡ് പൂജ സ്റ്റോർ. ദിവസേന യാത്രക്കാരുടെയും നാട്ടുകാരുടെയും ശ്രദ്ധ ആകർഷിക്കുന്ന ഈ ചെറിയ പൂക്കടയ്ക്ക് പിന്നിൽ ഇരുപത് വർഷത്തെ അധ്വാനത്തിന്റെയും ജീവിത സമരത്തിന്റെയും കഥയുണ്ട്.
കടയുടെ ഉടമയായ 60 വയസ്സുകാരൻ അബ്ദുൽ ഗഫൂർ, ചെറുപ്പം മുതലേ പൂക്കളുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരുന്ന വ്യക്തിയാണ്. പിന്നീട് സ്വന്തമായി ഒരു പൂക്കട ആരംഭിക്കണമെന്ന ആഗ്രഹത്തിൽ നിന്നാണ് “ഗംഗ ഫ്ലവർ സ്റ്റാൾ“ആരംഭിച്ചത്. ഇന്ന് ഏകദേശം ഇരുപത് വർഷമായി വേങ്ങര ബസ് സ്റ്റാൻഡിൽ അദ്ദേഹത്തിന്റെ ജീവിതമാർഗമായി ഈ കട പ്രവർത്തിച്ചുവരുന്നു.
അബ്ദുൽ ഗഫൂറിന് അറിയാവുന്ന ചെറുപ്പം മുതലേ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയാണ് ഇത്. ഈ തൊഴിലാണ് എന്റെ ജീവിതമാർഗം,” അബ്ദുൽ ഗഫൂർ പറയുന്നു.
തുടക്കം മുതൽ തന്നെ നല്ല രീതിയിൽ മുന്നോട്ട് പോയ കടയിൽ ഇന്ന് വിവിധ ആവശ്യങ്ങൾക്കനുസരിച്ചുള്ള പൂക്കൾ ലഭ്യമാണ്. വിവാഹങ്ങൾ, ഓണം, പെരുന്നാളുകൾ, മരണാനന്തര ചടങ്ങുകൾ തുടങ്ങി ജീവിതത്തിലെ സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും വിവിധ സന്ദർഭങ്ങളിൽ പൂക്കൾക്ക് ആവശ്യക്കാരുണ്ട്.
ബാംഗ്ലൂർ, മൈസൂര്, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് പ്രധാനമായും പൂക്കൾ വാങ്ങുന്നത്. ഓരോ സ്ഥലത്തെയും വിപണി വിലയും ലഭ്യതയും അനുസരിച്ച് പൂക്കൾ എത്തിക്കുന്ന സ്ഥലങ്ങളിൽ മാറ്റം വരുത്താറുണ്ടെന്ന് അദ്ദേഹം പറയുന്നു.
എന്നാൽ പൂക്കളുടെ വ്യാപാരം എല്ലായ്പ്പോഴും സുഗന്ധം നിറഞ്ഞതല്ല. വളരെ വേഗത്തിൽ നശിച്ചുപോകുന്ന പൂക്കൾ പലപ്പോഴും വ്യാപാരിക്ക് നഷ്ടം ഉണ്ടാക്കാറുണ്ട്. സീസണുകൾക്കനുസരിച്ച് ലാഭത്തിലും മാറ്റമുണ്ടാകും.
ചില സമയങ്ങളിൽ നല്ല ലാഭം ലഭിക്കും. എന്നാൽ പൂക്കൾ പെട്ടെന്ന് നശിക്കുന്നതിനാൽ ചിലപ്പോൾ വലിയ നഷ്ടവും സംഭവിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു.
കാലം മാറുന്നതിനൊപ്പം വ്യാപാരരീതികളിലും മാറ്റമുണ്ടായി. സോഷ്യൽ മീഡിയയുടെ വളർച്ചയോടെ കൂടുതൽ ആളുകൾ കടയെക്കുറിച്ച് അറിയാൻ തുടങ്ങിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വിവിധ വാർത്താ റിപ്പോർട്ടുകൾ എന്നിവയിലൂടെ കടയുടെ വിവരങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തുകയും ഫോൺ ചെയ്ത് പൂക്കളെക്കുറിച്ച് അന്വേഷിക്കുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്തിട്ടുണ്ട്.
ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിനായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന അബ്ദുൽ ഗഫൂറിന് പൂക്കട ഒരു തൊഴിൽ മാത്രമല്ല. നിറങ്ങൾക്കിടയിൽ അധ്വാനത്തിന്റെ കഥ എഴുതിക്കൊണ്ടിരിക്കുന്ന ഒരു ജീവിതമാണ് അത്.
വേങ്ങര ബസ് സ്റ്റാൻഡിലെ തിരക്കുകൾക്കിടയിലും, ഓരോ ദിവസവും പുതിയ പൂക്കൾ ഒരുക്കിക്കൊണ്ട് അബ്ദുൽ ഗഫൂർ തന്റെ ഇരുപത് വർഷത്തെ യാത്ര തുടരുകയാണ് പൂക്കൾ വാടിയാലും, ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ പ്രതീക്ഷകൾ ഇപ്പോഴും വിരിഞ്ഞുനിൽക്കുന്നു.




