കിടപ്പുമുറിയെ വിമാനത്താവളമാക്കി മാറ്റിയ എട്ടാം ക്ലാസുകാരന്റെ കരവിരുതിന് കൈയടി
നിഹാല.ഒ (BA Multimedia 5th sem)
എ.ആർ.നഗർ: മറ്റു കുട്ടികൾ ഒഴിവുസമയങ്ങൾ കളികളിലും മൊബൈൽ ഫോണുകളിലും ചെലവഴിക്കുമ്പോൾ എ.ആർ നഗറിലെ ഒരു എട്ടാം ക്ലാസുകാരൻ തന്റെ ലോകം തന്നെ ആകാശത്തേക്ക് ഉയർത്തുകയാണ്. കടലാസും പശയും ഉപയോഗിച്ച് വിമാനങ്ങളും വിമാനത്താവളങ്ങളും നിർമ്മിച്ച് സ്വന്തം കിടപ്പുമുറിയെ ഒരു ചെറിയ വിമാനലോകമാക്കി മാറ്റിയിരിക്കുകയാണ് ഇഷാൻ ഷറഫ്.
എ.ആർ നഗറിലെ വലിയപറമ്പ് സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ഇഷാൻ കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി വിമാന നിർമ്മാണത്തിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരുകാലത്ത് ചിത്രരചനയിലും പെയിന്റിങ്ങിലും താൽപര്യം പ്രകടിപ്പിച്ചിരുന്ന ഇഷാൻ പിന്നീട് തന്റെ സർഗാത്മകതയ്ക്ക് പുതിയൊരു ദിശ കണ്ടെത്തുകയായിരുന്നു,വിമാനങ്ങളുടെ ചെറുമാതൃകകൾ നിർമ്മിക്കുക.
കേവലം എ ഫോർ പേപ്പറുകളും പശയും ഉപയോഗിച്ച് ചെറുതും വലുതുമായി അമ്പതോളം വിമാനങ്ങളാണ് ഇഷാൻ നിർമ്മിച്ചിരിക്കുന്നത്. ഇതിന് പുറമെ മൂന്ന് വിമാനത്താവളങ്ങളുടെ മാതൃകകളും ഒരുക്കിയിട്ടുണ്ട്. യഥാർഥ വിമാനത്താവളങ്ങളുടെ രൂപവും സംവിധാനങ്ങളും കഴിയുന്നത്ര കൃത്യതയോടെ പുനഃസൃഷ്ടിക്കാനുള്ള ശ്രമമാണ് ഈ കൊച്ചുമിടുക്കന്റെ നിർമ്മിതികളിൽ കാണുന്നത്.
വീട്ടിലെ കിടപ്പുമുറി തന്നെയാണ് ഇന്ന് ഇഷാന്റെ പ്രധാന വിമാനത്താവളം. വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിനുള്ള ലൈറ്റിങ് സംവിധാനങ്ങൾ ഉൾപ്പെടെ അവിടെ ഒരുക്കിയിട്ടുണ്ട്. എയർപോർട്ടിലെ ബസ്ബേ, കാർഗോ ടെർമിനൽ, എയർ ട്രാഫിക് കൺട്രോൾ സംവിധാനം തുടങ്ങിയ വിവിധ ഘടകങ്ങളും അദ്ദേഹത്തിന്റെ ചെറിയ വിമാനലോകത്തിന്റെ ഭാഗമാണ്.
യഥാർഥ വിമാനങ്ങളുടെ ഘടനയും അളവുകളും മനസ്സിലാക്കുന്നതിനായി ഇഷാൻ വിവിധ വിവരങ്ങൾ ശേഖരിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. വിമാനത്തിന്റെ ബോഡി, ചിറകുകൾ, ടയറുകൾ തുടങ്ങിയ ഭാഗങ്ങളുടെ അളവുകൾ കണ്ടെത്താൻ ഓൺലൈൻ വീഡിയോകളുടെ സഹായവും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. പിന്നീട് അവയുടെ അനുപാതം മനസ്സിലാക്കി സ്വന്തം മാതൃകകളിൽ ഉൾപ്പെടുത്തുകയായിരുന്നു.
ഇഷാന്റെ ഈ താൽപര്യത്തിന് കുടുംബത്തിന്റെ പിന്തുണയും ശക്തമാണ്. ഒഴിവുസമയങ്ങൾ മൊബൈൽ ഫോണിൽ മാത്രം ചെലവഴിക്കുന്നതിന് പകരം കുട്ടിയുടെ കരകൗശല താൽപര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. പിതാവിന്റെയും മാതാവിന്റെയും സഹോദരന്റെയും പിന്തുണ അദ്ദേഹത്തിന്റെ സൃഷ്ടിപരമായ യാത്രയ്ക്ക് കരുത്തായി.
വിമാനങ്ങളോടുള്ള ഇഷാന്റെ ഇഷ്ടം കേവലം ഒരു ഹോബിയിൽ അവസാനിക്കുന്നില്ല. ഭാവിയിൽ ഒരു ഏവിയേഷൻ അക്കാദമിയിൽ ചേർന്ന് പൈലറ്റ് ലൈസൻസ് നേടണമെന്ന സ്വപ്നവും ഈ എട്ടാം ക്ലാസുകാരനുണ്ട്.
കടലാസിൽ നിർമ്മിച്ച ഓരോ വിമാനത്തിനും പിന്നിൽ ഒരു വലിയ സ്വപ്നമുണ്ട്. ചെറിയൊരു കിടപ്പുമുറിയിൽ നിന്ന് ആകാശം ലക്ഷ്യമാക്കി പറക്കാൻ തയ്യാറെടുക്കുന്ന ഇഷാന്റെ ഈ സർഗാത്മക ലോകം, കുട്ടികളുടെ കഴിവുകളെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കേണ്ടതിന്റെ മനോഹരമായ ഓർമ്മപ്പെടുത്തലാണ്




