News

കൊണ്ടോട്ടി പഴയങ്ങാടി കുബ്ബക്കൽ പള്ളി: ആത്മീയ പാരമ്പര്യവും ശില്പകലയുടെ വിസ്മയവും നിറഞ്ഞ പൈതൃക കേന്ദ്രം

Nouha Ayisha kv (4th semester BA multimedia)

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ടൗണിനോട് ചേർന്ന് നിൽക്കുന്ന പഴയങ്ങാടി അഥവാ കുബ്ബക്കൽ പള്ളി മഖ്ബറ ആത്മീയ മഹത്വവും ചരിത്ര പൈതൃകവും ചേർന്ന ഒരു വിശിഷ്ട കേന്ദ്രമാണ്. 18ാം നൂറ്റാണ്ടിൽ നിർമ്മിച്ചതായി കരുതപ്പെടുന്ന ഈ പള്ളി കൊണ്ടോട്ടി പള്ളി എന്ന പേരിലും അറിയപ്പെടുന്നു. ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത് ഹസ്രത് ശൈഖ് മുഹമ്മദ് ഷാ ചെസ്തി തങ്ങളാണ്. നാട്ടുകാർ “കൊണ്ടോട്ടി തങ്ങൾ” എന്ന പേരിൽ ആദരിക്കുന്ന മഹാനായ സൂഫി സന്യാസി.

മനോഹരമായ പേർഷ്യൻ ശിൽപകലയും മുഗൾ ശൈലിയുടെയും സ്വാധീനത്തോടെ സൂക്ഷ്മമായ കൊത്തുപണികളും ചേർത്ത് നിർമ്മിച്ച ഈ കുബ്ബ, കേരളത്തിലെ അപൂർവ ശില്പസൃഷ്ടികളിൽ ഒന്നാണ്. അർദ്ധവൃത്താകൃതിയിലുള്ള കരിങ്കൽ പാളികൾ, കമാനങ്ങൾ, മകുടങ്ങൾ, വിശാലമായ ഗുംബദ് എന്നിവ ഈ സ്മാരകത്തിന്റെ ഭംഗി വർധിപ്പിക്കുന്നു. ഏകദേശം 11,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ നിർമ്മിതി ഇന്നും സന്ദർശകരെ വിസ്മയിപ്പിക്കുന്നു.

നൂറ്റാണ്ടുകളായി ഇവിടെ നടന്നുവരുന്ന കൊണ്ടോട്ടി നേർച്ച ഉറൂസിനോടനുബന്ധിച്ച് വലിയ ആത്മീയ സംഗമമായി അറിയപ്പെട്ടിരുന്നു. എന്നാൽ കാലക്രമേണ ചില അധാർമ്മിക ഘടകങ്ങൾ കൂടി വന്നതോടെ പണ്ഡിതന്മാരുടെയും മതനേതാക്കളുടെയും ഇടപെടലിലൂടെ സമവായം കൈവരിച്ച് അടുത്തകാലത്തായി അത്തരം പ്രവർത്തനങ്ങൾ ഒഴിവാക്കപ്പെട്ടത് പ്രശംസനീയമാണ്.

ചിസ്തി, ഖാദിരി തറീഖകളുടെ ആത്മീയ പാത പിന്തുടർന്നിരുന്ന ഹസ്രത് മുഹമ്മദ് ഷാ സുൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ ചെസ്തി തങ്ങളുടെ പാരമ്പര്യത്തിൽപ്പെട്ട മഹാനായിരുന്നു. കൊങ്കൺ തീരത്തുനിന്ന് ആത്മീയ പ്രചാരണത്തിനായി കേരളത്തിലെത്തിയ അദ്ദേഹം കൊണ്ടോട്ടി പ്രദേശത്ത് താമസം ഉറപ്പിക്കുകയും അന്നത്തെ ഭരണാധികാരികളിൽ നിന്നും നാട്ടുകാരിൽ നിന്നും വലിയ സ്വീകരണം ലഭിക്കുകയും ചെയ്തു.

അന്നത്തെ കാടുകൾ നിറഞ്ഞ പ്രദേശമായ കൊണ്ടോട്ടി തങ്ങളുടെ നേതൃത്വത്തിൽ വെട്ടിത്തെളിച്ചാണ് വികസനം നേടിയത് എന്നത് പ്രചാരത്തിലുള്ള ചരിത്രമാണ്. കുബ്ബയുടെ നിർമാണം ഗോൾകൊണ്ടയും ബിജാപൂർ സുൽത്താന്മാരുടെ ശിൽപകലയുടെ സ്വാധീനത്തോടെയുമാണ് നടന്നതെന്ന് പറയപ്പെടുന്നു.

കുബ്ബയുടെ കിഴക്കുഭാഗത്ത് മഹാകവി മോയിൻകുട്ടി വൈദ്യരുടെ മഖ്ബറയും സ്ഥിതിചെയ്യുന്നു. ആത്മീയ സമാധാനം, പ്രാർത്ഥന, ഉദ്ദേശ സാഫല്യം എന്നിവ തേടി ആയിരക്കണക്കിന് വിശ്വാസികൾ ഇവിടെ സന്ദർശിക്കാറുണ്ട്. വലിയുള്ളാഹി തൃപ്പനച്ചി ഉസ്താദ്, കണ്ണ്യല മൗല തുടങ്ങിയ മഹാന്മാർ ഈ സന്ദർശനത്തെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നത് ഈ സ്ഥലത്തിന്റെ ആത്മീയ പ്രാധാന്യം കൂടുതൽ വ്യക്തമാക്കുന്നു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *