Nithuna c (Ba multimedia 5th sem)
ഡിജിറ്റൽ യുഗത്തിൽ മനുഷ്യബന്ധങ്ങൾ വിരൽത്തുമ്പിലേക്ക് ചുരുങ്ങുമ്പോൾ അതോടൊപ്പം തന്നെ അപകടകരമായ ചതിക്കുഴികളും വർദ്ധിച്ചുവരികയാണ്. സോഷ്യൽ മീഡിയ വഴി സൗഹൃദം നടിച്ച് വശീകരിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന ഹണി ട്രാപ്പ് സംഘങ്ങൾ ഇന്ന് സജീവമാണ്.
ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ വരുന്ന ഒരു ലളിതമായ ഫ്രണ്ട് റിക്വസ്റ്റിൽ നിന്നാണ് പലപ്പോഴും ഇത്തരം തട്ടിപ്പുകളുടെ തുടക്കം. ആകർഷകമായ വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ച് സൗഹൃദം സ്ഥാപിക്കുന്ന യുവതികൾ ആഴ്ചകളോളം ചാറ്റിംഗിലൂടെ ഇരയുടെ വിശ്വാസം നേടിയെടുക്കുന്നു. ഇത്തരത്തിൽ ഇരയുമായി മാനസികമായി അടുപ്പം സ്ഥാപിച്ച ശേഷം തട്ടിപ്പുകാർ വീഡിയോ കോളുകളിലേക്ക് നീങ്ങുന്നു. വശീകരണപരമായ സംസാരത്തിലൂടെയും പെരുമാറ്റത്തിലൂടെയും ഇരയെ നഗ്ന വീഡിയോ കോളുകൾക്കായി പ്രേരിപ്പിക്കുകയും, അത്തരം ദൃശ്യങ്ങൾ മൊബൈൽ ഫോൺ ഉപയോഗിച്ച് രഹസ്യമായി റെക്കോർഡ് ചെയ്യുകയുമാണ് ഇവരുടെ രീതി.
ഒരിക്കൽ ദൃശ്യങ്ങൾ കൈക്കലാക്കി കഴിഞ്ഞാൽ അതുവരെ കാണിച്ച സ്നേഹം ഭീഷണിയായി മാറും. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി ഇരയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കുമെന്നും യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിക്കുമെന്നും പറഞ്ഞാണ് ബ്ലാക്ക്മെയിലിംഗ് തുടങ്ങുന്നത്. മാനക്കേട് ഭയക്കുന്ന സാധാരണക്കാർ തട്ടിപ്പുകാർ ആവശ്യപ്പെടുന്ന വൻതുക നൽകാൻ നിർബന്ധിതരാകുന്നു. എന്നാൽ ഒരിക്കൽ പണം നൽകിയതുകൊണ്ട് ഈ ഭീഷണി അവസാനിക്കുന്നില്ല എന്നതാണ് വസ്തുത. ഇരയുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കി വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ട് ഈ സംഘം വേട്ടയാടിക്കൊണ്ടിരിക്കും.
ഹണി ട്രാപ്പ് തട്ടിപ്പുകൾക്ക് ഇരയാകുന്നവർ പലപ്പോഴും ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കാറുണ്ട്. എന്നാൽ ഭയപ്പെടുകയല്ല, മറിച്ച് നിയമപരമായി നേരിടുകയാണ് വേണ്ടത്. ഇത്തരം സംഘങ്ങൾക്ക് പണം നൽകുന്നത് അവരെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയേ ഉള്ളൂ. അതുകൊണ്ട് എത്രയും വേഗം പോലീസിൽ പരാതി നൽകാൻ തയ്യാറാകണം.”
ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വലിയൊരു മാഫിയ തന്നെ ഇത്തരം തട്ടിപ്പുകൾക്ക് പിന്നിലുണ്ട്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മുഖം മാറ്റം വരുത്തിയ ദൃശ്യങ്ങൾ വരെ ഇപ്പോൾ ബ്ലാക്ക്മെയിലിംഗിനായി ഉപയോഗിക്കപ്പെടുന്നുണ്ട്. അപരിചിതരായ വ്യക്തികളിൽ നിന്ന് വരുന്ന വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ സ്വകാര്യത ഉറപ്പുവരുത്തണമെന്നും പോലീസ് നിരന്തരം മുന്നറിയിപ്പ് നൽകുന്നത്.
ഒരു നിമിഷത്തെ അശ്രദ്ധ നിങ്ങളുടെ ജീവിതം തകർക്കാൻ കാരണമായേക്കാം. സൈബർ ലോകത്തെ ചതിക്കുഴികളെ തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ സുരക്ഷ. ഇത്തരം തട്ടിപ്പിന് ഇരയായാൽ ഒട്ടും വൈകാതെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ പോലീസിലോ വിവരം അറിയിക്കുക. പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നതിനാൽ ഭയമില്ലാതെ നിയമസഹായം തേടാവുന്നതാണ്.




