News

വാക്കുകൾക്ക് മഷിയുടെ കരുത്ത്; എഴുത്തിൽ സ്വന്തം ഇടം കണ്ടെത്തി തൻസീഹ

നിഹാല.ഒ (BA Multimedia 4th Sem)

തിരൂരങ്ങാടി: ചിന്തകൾ വാക്കായി മാറുന്ന പ്രക്രിയയ്ക്ക് ശക്തി പകരുന്നത് മഷിയാണെന്ന് വിശ്വസിക്കുന്ന ഒരു യുവ എഴുത്തുകാരിയുണ്ട് നമുക്കിടയിൽ തിരൂരങ്ങാടി കൊളപ്പുറം ആസാദ് നഗർ സ്വദേശിനിയായ കെ.വി. തൻസീഹ. തന്റെ പത്താം ക്ലാസ്സ് പഠനകാലത്താണ് ‘മഷിക്കുപ്പി’ എന്ന കവിതാ സമാഹാരത്തിലൂടെ സാഹിത്യ ലോകത്ത് ശ്രദ്ധേയമായത്.

എ.ആർ നഗർ എച്ച്.എസ്.എസ്സിലെ പഠനകാലത്തെ അനുഭവങ്ങളും അധ്യാപകരുടെ പിന്തുണയുമാണ് ഈ കൊച്ചു മിടുക്കിയെ ഒരു എഴുത്തുകാരിയാക്കി മാറ്റിയത്.
​സ്കൂൾ കാലഘട്ടത്തിലെ വിവിധ സന്ദർഭങ്ങളിൽ തോന്നിയിരുന്ന ചിന്തകളെ അധ്യാപകരുടെ നിർബന്ധപ്രകാരമാണ് തൻസീഹ ഒരു പുസ്തക രൂപത്തിലാക്കിയത്. പ്രശസ്ത ഗാനരചയിതാവ് രമേശ് കാവിൽ തന്റെ “മഷികുപ്പി” എന്ന പുസ്തകം പ്രകാശനം ചെയ്തത് തന്റെ എഴുത്തുജീവിതത്തിലെ വലിയൊരു അനുഗ്രഹമായാണ് തൻസീഹ കാണുന്നത്.

​ഒരു എഴുത്തുകാരി എന്ന നിലയിൽ താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി അനുയോജ്യമായ വാക്കുകൾ കണ്ടെത്തുക എന്നതാണെന്ന് തൻസീഹ പറയുന്നു. ഇതിലെ ‘ഇരുൾ പൊട്ടൽ’ എന്ന കവിത അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ ഇരുട്ടത്തിരുന്ന് എഴുതിയ അനുഭവം തൻസീഹയുടെ എഴുത്തോടുള്ള അർപ്പണബോധം വെളിവാക്കുന്നു. തന്റെ കവിതകൾക്ക് ഒരു പ്രത്യേക പ്രമേയം നിശ്ചയിക്കാൻ തൻസീഹ ആഗ്രഹിക്കുന്നില്ല. പകരം തന്റെ ചിന്തകളും വായനക്കാരുടെ ചിന്തകളും കണ്ടുമുട്ടുന്ന ഒരിടമായിട്ടാണ് അവൾ തന്റെ പുസ്തകത്തെ കാണുന്നത്.

​മെഡിക്കൽ വിദ്യാർത്ഥിനിയായ തൻസീഹയ്ക്ക് എഴുത്ത് എന്നത് തന്റെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമാണ്. പഠനത്തിനിടയിലും എഴുത്തിന്റെ വഴിയിൽ തൻസീഹ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. പുതിയ എഴുത്തുകാർക്ക് നൽകാൻ തൻസീഹയ്ക്ക് ഒരേയൊരു സന്ദേശമേയുള്ളൂ. “ഭയപ്പെടാതെ നിങ്ങളായിട്ട് തന്നെ എഴുതുക. മറ്റുള്ളവരുടെ വിലയിരുത്തലുകളെ ഭയക്കേണ്ടതില്ല. ഇത് നിങ്ങളുടെ ചിന്താഗതികളാണ്. അത് എല്ലാവരും അംഗീകരിക്കണമെന്നില്ല. വിലയിരുത്തലുകളെ പോസിറ്റീവ് ആയി കാണുക.”

​യാദൃശ്ചികമായി തുടങ്ങിയ എഴുത്തിന്റെ വഴിയിൽ തൻസീഹ ഇന്ന് ഏറെ ദൂരം മുന്നോട്ട് പോയിരിക്കുന്നു. പ്രൊഫഷണൽ പഠനത്തിനിടയിലും തന്റെ ചിന്തകളെ അക്ഷരങ്ങളിലൂടെ അടയാളപ്പെടുത്തുന്ന ഈ യുവ എഴുത്തുകാരി വരും തലമുറയിലെ വിദ്യാർത്ഥികൾക്ക് വലിയൊരു പ്രചോദനമാണ്.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *