Nafia Thengilan (BA Multimedia 4th sem)
മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത് ചേറൂരിൽ ജനിച്ച് വളർന്ന ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് കേരള രാഷ്ട്രീയ ചരിത്രത്തിൽ ശക്തമായ സാന്നിധ്യമായി മാറിയ വ്യക്തിത്വമാണ്. പ്രശസ്ത മാപ്പിള കവിയും പണ്ഡിതനുമായ ചാക്കീരി മൊയ്തീൻകുട്ടി സാഹിബിന്റെ ഏക മകനാണ് അദ്ദേഹം. ചെറുപ്പം മുതൽ തന്നെ അറിവിനോടും ആത്മീയതയോടും അടുപ്പം പുലർത്തിയ അദ്ദേഹം ഖുർആൻ പാരായണത്തിൽ പ്രാവീണ്യം നേടിയവനും മികച്ച ചെസ്സ് കളിക്കാരനുമായും ശ്രദ്ധേയനായിരുന്നു അക്കാലത്ത്.
പാരമ്പര്യവും വ്യക്തിത്വവും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെയും പൊതുപ്രവർത്തനങ്ങളെയും ഗൗരവത്തോടെ രൂപപ്പെടുത്തി.1932 ൽ കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്നുകൊണ്ടാണ് ചാക്കീരി തന്റെ രാഷ്ട്രീയ യാത്ര ആരംഭിക്കുന്നത്. ദേശസ്നേഹവും സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തെ വേഗത്തിൽ പൊതുജനങ്ങളിൽ ശ്രദ്ധേയനാക്കി. 1937ൽ ഏറനാട് താലൂക്ക് ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വളർച്ചയിലെ ആദ്യ പ്രധാന ഘട്ടമായിരുന്നു. എന്നാൽ പാർട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങൾ മൂലം 1939 ൽ കോൺഗ്രസ്സ് വിടുകയും മുസ്ലിം ലീഗിൽ ചേരുകയും ചെയ്തു. ഈ മാറ്റം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ നിർണായക വഴിത്തിരിവായി.
മുസ്ലിം ലീഗിൽ ചേർന്നതോടെ ഏറനാട് മേഖലയിലെ പ്രധാന നേതാവായി അദ്ദേഹം ഉയർന്നു. കോട്ടക്കൽ ഫർക്കയിൽ ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പിൽ പരാജയം നേരിട്ടെങ്കിലും അത് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ആദ്യത്തെയും അവസാനത്തെയും പരാജയമായി മാത്രം മാറി. തുടർന്ന് നടന്ന എല്ലാ പ്രധാന തെരഞ്ഞെടുപ്പുകളിലും വിജയം കൈവരിച്ച് അദ്ദേഹം ജനകീയ നേതാവായി വളർന്നു.
1952 ൽ മദ്രാസ് അസംബ്ലിയിലേക്ക് കോട്ടക്കൽ ഫർക്കയിൽ നിന്ന് മത്സരിച്ച അദ്ദേഹം കുഞ്ഞുണ്ണി നെടുങ്ങാടിയെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. കേരളസംസ്ഥാന രൂപീകരണത്തിന് ശേഷം 1957 ൽ കുറ്റിപ്പുറം മണ്ഡലത്തിൽ നിന്ന് വീണ്ടും വിജയിച്ച് നിയമസഭയിൽ പ്രവേശിച്ചു. 1970 ൽ വീണ്ടും കുറ്റിപ്പുറത്ത് നിന്ന് വിജയിച്ച് തന്റെ രാഷ്ട്രീയ ശക്തി ഉറപ്പിച്ചു. അച്യുതമേനോൻ മന്ത്രിസഭയിൽ സി.എച്ച്. മുഹമ്മദ് കോയ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് 1973 ൽ ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് കേരളത്തിന്റെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലഘട്ടം അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെ ഏറ്റവും സ്വാധീനമുള്ള ഘട്ടമായി വിലയിരുത്തപ്പെടുന്നു.
മലബാർ മേഖലയിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ വ്യാപകമായി വികസിപ്പിക്കാൻ അദ്ദേഹം നിർണായക ഇടപെടലുകൾ നടത്തി. വിദ്യാലയങ്ങൾക്ക് പുതിയ കെട്ടിടങ്ങൾ അനുവദിച്ചതും ഐ.സി.ഡി.എസ് പ്രോജക്ട് സംസ്ഥാനത്ത് നടപ്പിലാക്കിയതും ഈ കാലയളവിലായിരുന്നു. കൂടാതെ അറബിക് കോളേജ് അധ്യാപകർക്ക് ഡയറക്ട് അപ്പോയിൻമെന്റ് സമ്പ്രദായം കൊണ്ടുവന്നതും വിവിധ വകുപ്പുകൾ സംയോജിപ്പിച്ച് കൊണ്ട് സോഷ്യൽ വെൽഫെയർ വകുപ്പ് രൂപീകരിച്ചതും അദ്ദേഹത്തിന്റെ ഭരണകാലത്തെ പ്രധാന നേട്ടങ്ങളാണ്. നാല് മന്ത്രിസഭകളിൽ ചാക്കീരി സ്പീക്കറായിരുന്നു. രാഷ്ട്രീയത്തിൽ ഉറച്ച നിലപാടുകളും കാര്യക്ഷമമായ നേതൃത്വവും അദ്ദേഹത്തെ നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കി. മുസ്ലിം ലീഗിന്റെ സംഘടനാ ശക്തി വർധിപ്പിക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. മലബാറിൽ മുസ്ലിം ലീഗിന്റെ രൂപീകരണ സമയത്ത് കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനായിരുന്ന പൂക്കോയ തങ്ങളെ മുസ്ലിം ലീഗിൽ എത്തിച്ചതും ചാക്കീരിയായിരുന്നു.
സാമൂഹികവും ആത്മീയവുമായ മൂല്യങ്ങളെ ഒരുപോലെ പിന്തുടർന്ന് പൊതുജീവിതത്തിൽ പ്രവർത്തിച്ചിരുന്ന ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് ഗൗരവവും ഹാസ്യവും ഒരുമിച്ചുള്ള വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം ചുറ്റുപാടുകൾക്ക് ആത്മവിശ്വാസവും ഊർജവും പകരുന്നതായിരുന്നു. 1993 ഒക്ടോബർ ഒന്ന് അദ്ദേഹം അന്തരിച്ചു. എന്നാൽ അദ്ദേഹത്തിന്റെ സംഭാവനകൾ ഇന്നും മലബാറിന്റെ വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ നിറഞ്ഞുനിൽക്കുന്നു. ഒരു രാഷ്ട്രീയ നേതാവെന്നതിലുപരി വിദ്യാഭ്യാസ രംഗത്തെ പരിഷ്കർത്താവും സാമൂഹിക നേതാവുമായിട്ടാണ് ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് കേരളചരിത്രത്തിൽ ഇന്നും നില നിൽക്കുന്നത്.




