നിഥുന. സി (BA Multimedia, 4th sem)
മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ചെരുപ്പടി മല. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി ശാന്തമായ കാറ്റും പച്ചപ്പും നിറഞ്ഞ ഈ മലമുകളിൽ നിന്നുള്ള കാഴ്ച്ചകൾ ഏതൊരു സഞ്ചാരിയുടെയും മനസ്സ് നിറയ്ക്കുന്നതാണ്.ആകാശത്തോട് മുട്ടിനിൽക്കുന്ന പച്ചപ്പണിഞ്ഞ മലനിരകളും ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ താഴ്വരയെ പുതപ്പിട്ടതുപോലെ മൂടിനിൽക്കുന്ന മഞ്ഞുമേഘങ്ങളും ചേർന്നൊരുക്കുന്ന പ്രകൃതിയുടെ സുന്ദരമായ ഒരു വിസ്മയമാണ് ചെരുപ്പടി മലയും മിനി ഊട്ടിയും.
പ്രകൃതിഭംഗി കൊണ്ടും മനോഹരമായ കോടമഞ്ഞ് കൊണ്ടും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറി മിനി ഊട്ടി.
മലപ്പുറത്തിന്റെ ഊട്ടി എന്ന വിശേഷണത്തിലേക്ക് അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ് ചെരുപ്പടി മല. ഇത് വിനോദസഞ്ചാരികളുടെ പുതിയ ഇഷ്ടകേന്ദ്രകൂടി ആണ് .അതി മനോഹരമായ കോടമഞ്ഞും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പച്ചപ്പും സഞ്ചാരികളുടെ മനം കവരുകയാണ്.
നഗരത്തിരക്കുകളിൽ നിന്ന് മാറി അല്പം ശാന്തത ആഗ്രഹിക്കുന്നവർക്ക് മലപ്പുറം ജില്ലയിൽ തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ഇടമാണ് മിനി ഊട്ടി. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കരിപ്പൂർ എയർപോർട്ടിന് സമീപമാണ്.
ചെരുപ്പടി മലയുടെ ഏറ്റവും വലിയ സവിശേഷത ഇവിടുത്തെ കാലാവസ്ഥയാണ്. അതിരാവിലെയും വൈകുന്നേരങ്ങളിലും മലമുകളിൽ എത്തുന്ന സഞ്ചാരികളെ വരവേൽക്കുന്നത് കട്ടിയുള്ള കോടമഞ്ഞാണ്. ഇവിടുത്തെ വലിയ പാറക്കെട്ടുകളും തടാകങ്ങളും ആരെയും കണ്ണഞ്ചിപ്പിക്കും.
മലമുകളിൽ നിന്നുള്ള കാഴ്ച്ച അതിമനോഹരമാണ്. കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയും വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും ഇവിടെ നിന്ന് വ്യക്തമായി കാണാൻ സാധിക്കും. കൊണ്ടോട്ടി നഗരത്തിന്റെയും സമീപ ഗ്രാമങ്ങളുടെയും മനോഹരമായ കാഴ്ചയാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.
അല്പം സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ഓഫ് റോഡ് ട്രെക്കിംഗ് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ഫോട്ടോഗ്രാഫർമാരുടെ പ്രിയപ്പെട്ട ലൊക്കേഷനായി മാറിയ ചെരുപ്പടി മല ഇപ്പോൾ വെഡിങ് ഫോട്ടോഷൂട്ടുകളുടെയും പ്രധാന കേന്ദ്രമാണ്. സീസൺ സമയത്ത് വയനാടോ ഇടുക്കിയോ പോയ ഒരു അനുഭവമാണ് ഇവിടെ ഓരോരുത്തർക്കും കിട്ടുന്നത്.
അവധി ദിവസങ്ങളിൽ കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കാൻ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. എന്നാൽ മലയിലേക്കുള്ള പാതയിലെ കഠിനമായ വളവുകളും സുരക്ഷാ സംവിധാനങ്ങളുടെ കുറവും ആശങ്കയുണ്ടാക്കുന്നുണ്ട്. വിനോദസഞ്ചാര വകുപ്പ് ഇവിടെ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാവുകയാണ്.




