News

ബാല്യകാല സ്വപ്നത്തിൽ നിന്ന് മാധ്യമരംഗത്തെ നേട്ടങ്ങളിലേക്ക്: പി അഭിന ചിറക്കൽ

Fathima Rifa PP (BA Multimedia 4th semester)

മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ വകുപ്പ് മുൻ വിദ്യാർഥിനിയായിരുന്ന പി അഭിന ചിറക്കൽ മാധ്യമരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചിരിക്കുകയാണ്. ബാല്യകാലം മുതൽ ജേർണലിസ്റ്റാകാനുള്ള സ്വപ്നം പിന്തുടർന്ന് വിവിധ പ്രതിസന്ധികളും പരിമിതികളും മറികടന്നാണ്
ഇന്ന് ഏഷ്യയിലെ പ്രമുഖ മീഡിയ നെറ്റ്‌വർക്കുകളിലൊന്നായ ബിഗ് ടിവിയിൽ സീനിയർ സബ് എഡിറ്ററായി പ്രവർത്തിക്കുന്നത്. ഡെസ്ക് പ്രവർത്തനത്തിലും ഫീൽഡ് റിപ്പോർട്ടിംഗിലും സമൃദ്ധമായ അനുഭവസമ്പത്ത് നേടിയ അഭിന തന്റെ കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് മാധ്യമരംഗത്ത് വ്യക്തമായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.

ഏഴാം ക്ലാസ് കാലഘട്ടം മുതൽ ജേർണലിസത്തിലേക്ക് ആകർഷണം പ്രകടിപ്പിച്ച അഭിന പ്ലസ്ടുവിൽ ജേർണലിസം ഉൾപ്പെടുത്തിയ ഹ്യൂമാനിറ്റീസ് വിഷയമാണ് പഠിച്ചത്. ഡിഗ്രി തലത്തിൽ ജേർണലിസം പഠിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ കുടുംബ സാഹചര്യങ്ങൾ മൂലം ദൂരെയായി പഠിക്കാൻ സാധിക്കാതെ വന്നതോടെ വേങ്ങരയിലെ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ മൾട്ടിമീഡിയ കോഴ്‌സിൽ ചേർന്നു. തുടക്കത്തിൽ ജേർണലിസം മാത്രമാണ് തന്റെ പ്രധാന ലക്ഷ്യമെന്നും മറ്റ് വിഷയങ്ങൾ ഗൗനിക്കേണ്ടതില്ലെന്നുമായിരുന്നു അവരുടെ നിലപാട്. എന്നാൽ പിന്നീട് മൾട്ടിമീഡിയയുടെ പ്രാധാന്യം അവർ തിരിച്ചറിഞ്ഞു. വെബ് ഡിസൈൻ, വീഡിയോ എഡിറ്റിംഗ്, ക്യാമറ തുടങ്ങിയ മേഖലകളിലെ അറിവ് വ്യക്തിഗത വളർച്ചയ്ക്കും സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കും സഹായകരമാണെന്ന് അവർ വ്യക്തമാക്കി. “മൾട്ടിമീഡിയയിൽ പഠിക്കുന്ന ഓരോ വിഷയവും ഒരു ന്യൂസ് ചാനലിന്റെ പ്രവർത്തനത്തിൽ അനിവാര്യമാണ്” എന്ന് അവർ ചൂണ്ടിക്കാട്ടി. ജീവിതത്തിൽ ഏത് സാഹചര്യത്തിലും നിലനിൽക്കാൻ സഹായിക്കുന്ന കോഴ്‌സാണിത് എന്നും അവർ കൂട്ടിച്ചേർത്തു.

കോവിഡ് കാലഘട്ടത്തിലാണ് അഭിന പഠനം പൂർത്തിയാക്കിയത്. ആശയവിനിമയ സൗകര്യങ്ങളുടെ കുറവ് വലിയ വെല്ലുവിളിയായിരുന്ന സാഹചര്യത്തിൽ ഒരു ലോക്കൽ ചാനലിലൂടെയാണ് മാധ്യമരംഗത്തേക്ക് പ്രവേശിച്ചത്. തുടക്കത്തിൽ വാർത്ത തയ്യാറാക്കുന്നതിൽ വ്യക്തമായ ധാരണയില്ലായിരുന്നെങ്കിലും പ്രവർത്തനപരമായ അനുഭവങ്ങളിലൂടെ അവർ അതിൽ നൈപുണ്യം നേടി. തുടർന്ന് കേരളവിഷൻ ന്യൂസിൽ ചേർന്നതോടെ അഭിനയുടെ കരിയറിൽ നിർണായക മാറ്റം ഉണ്ടായി.നാലുവർഷത്തോളം ഡെസ്കിൽ പ്രവർത്തിച്ച് ന്യൂസ് പ്രൊഡക്ഷൻ രംഗത്ത് കഴിവ് തെളിയിച്ച അവർ, പിന്നീട് ഫീൽഡിൽ റിപ്പോർട്ടിംഗിലേക്ക് മാറി. കോഴിക്കോട് ബ്യൂറോയിലൂടെയാണ് ഫീൽഡ് പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ സോഴ്‌സുകൾ കണ്ടെത്തുന്നതിലും ബന്ധങ്ങൾ സ്ഥാപിക്കുന്നതിലും ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും സഹപ്രവർത്തകരുടെ സഹായത്തോടെ അത് മറികടക്കാനായി.

എം.ടി വാസുദേവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട റിപ്പോർട്ടിംഗ് അഭിനയുടെ കരിയറിലെ പ്രധാനപ്പെട്ട അനുഭവമായി. കൂടാതെ തദ്ദേശ തിരഞ്ഞെടുപ്പുകളും കോഴിക്കോട് മെഡിക്കൽ കോളേജിലെ തീപിടിത്തവും ഉൾപ്പെടെ നിരവധി പ്രധാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ചികിത്സാ പിഴവുകളും ലഹരി സംബന്ധമായ വിഷയങ്ങളും ഉൾപ്പെടുത്തിയ എക്സ്ക്ലൂസീവ് വാർത്തകളും അവർ അവതരിപ്പിച്ചു. ബേപ്പൂർ വാട്ടർ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട റിപ്പോർട്ടിംഗിലൂടെ അഭിന ശ്രദ്ധേയമായ അംഗീകാരം നേടി. കുറച്ച് സമയത്തിനുള്ളിൽ നിരവധി സ്റ്റോറികൾ തയ്യാറാക്കി ബേപ്പൂർ വാട്ടർ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട റിപ്പോർട്ടിംഗിലൂടെ അഭിന ശ്രദ്ധേയമായ അംഗീകാരം നേടി. ഈ പ്രവർത്തനത്തിനായി അഭിനയ്ക്ക് സമഗ്ര റിപ്പോർട്ടിംഗിനും മികച്ച റിപ്പോർട്ടിംഗിനുമുള്ള പുരസ്കാരങ്ങൾ ലഭിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ കൈകളിൽ നിന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ജില്ലാ കളക്ടർ, കോഴിക്കോട് മുൻമേയർ ഡോ. ബീന ഫിലിപ്പ്, കോഴിക്കോട് എംഎൽഎ അഹമ്മദ് ദേവർകോവിൽ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്കാരം സ്വീകരിച്ചതിനെ അഭിന തന്റെ കരിയറിലെ പ്രധാന നേട്ടമായി കാണുന്നു.

നിലവിൽ ബിഗ് ടിവിയിൽ സീനിയർ സബ് എഡിറ്ററായി പ്രവർത്തിക്കുന്ന അഭിന “നമ്മളെ തളർത്താൻ ഒരുപാട് പേരുണ്ടാവും. പക്ഷേ സമയം എടുത്ത് പതിയെ മുന്നേറാൻ ശ്രമിക്കുക. മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ആവശ്യമില്ല; നമുക്ക് ശരിയെന്ന് തോന്നുന്നത് തിരഞ്ഞെടുക്കണം. അപമാനങ്ങളും വിമർശനങ്ങളും സ്വാഭാവികമാണ്. അവയെ മറികടന്ന് പഠനത്തിലൂടെയാണ് മുന്നേറേണ്ടത്,” എന്നും വ്യക്തമാക്കി.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *