Fathima Rifa PP
(BA Multimedia 4th semester)
കേരളത്തിൻ്റെ വടക്കൻ ജില്ലകളിൽ ഒന്നായ മലപ്പുറം, അതിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പോലെതന്നെ രുചികരമായ ഭക്ഷണ പാരമ്പര്യത്തിനും പേരുകേട്ടതാണ്. മലബാർ പാചകരീതിയുടെ, പ്രത്യേകിച്ചും മാപ്പിള വിഭവങ്ങളുടെ സിരകളെ ഉണർത്തുന്ന ഭക്ഷണങ്ങളാണ് മലപ്പുറത്തിൻ്റെ രുചിക്കൂട്ടുകൾ. ഇവിടുത്തെ ഭക്ഷണരീതിയിൽ കേരളീയ തനിമയും അറബ് സ്വാധീനവും ഒരുപോലെ ഇഴചേർന്നിരിക്കുന്നു. ഗൾഫ് രാജ്യങ്ങളുമായുള്ള അടുത്ത ബന്ധം കാരണം അറബ് വിഭവങ്ങൾ ഇവിടെ ഏറെ പ്രചാരത്തിലുണ്ട്.
മലപ്പുറത്തിൻ്റെ രുചി വൈവിധ്യത്തിൽ പ്രധാനി ബിരിയാണി തന്നെയാണ്. തലശ്ശേരി ബിരിയാണിയുടെ രുചിക്കൂട്ടുമായി സാമ്യമുണ്ടെങ്കിലും, മലപ്പുറം സ്പെഷ്യൽ ബിരിയാണിക്ക് അതിൻ്റേതായ തനത് സ്വാദുണ്ട്. ജീരകശാല അരിയിൽ, നാടൻ മസാലകൾ ചേർത്ത് ദം ചെയ്തെടുക്കുന്ന ചിക്കൻ, ബീഫ്, മട്ടൺ ബിരിയാണികൾ ഇവിടുത്തെ ഭക്ഷണപ്രേമികളുടെ ഇഷ്ട വിഭവങ്ങളാണ്.
സമീപ വർഷങ്ങളിൽ, ഗൾഫ് നാടുകളിൽ നിന്ന് എത്തിയ കുഴിമന്തി, അൽഫാം ചിക്കൻ, ഷവർമ, കബ്സ തുടങ്ങിയ വിഭവങ്ങൾ മലപ്പുറത്തെ ഹോട്ടൽ മെനുകളിൽ സ്ഥാനം പിടിക്കുകയും വലിയ പ്രചാരം നേടുകയും ചെയ്തു.
മലപ്പുറത്തെ അടുക്കളകളുടെ മറ്റൊരു പ്രത്യേകത അവിടുത്തെ പലഹാരങ്ങളാണ്. വിരുന്നുകാരെ സൽക്കരിക്കാനും നോമ്പ് തുറ വിഭവങ്ങൾക്കായും ഒരുക്കുന്ന പലഹാരങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട്. ഇതിൽ എടുത്തുപറയേണ്ട ചില വിഭവങ്ങൾ ഉണ്ട്.
ചട്ടിപ്പത്തിരി (ഈ വിഭവം മലപ്പുറത്തെ നോമ്പുതുറ വിഭവങ്ങളിൽ പ്രധാനിയാണ്),
ഇറച്ചിപ്പത്തിരി, ഉന്നക്കായ, മുട്ടമാല, സമൂസ എന്നിവയും ഇവിടുത്തെ രുചികരമായ പലഹാരങ്ങളാണ്.
ഇവിടുത്തെ പ്രഭാത ഭക്ഷണവും പ്രധാന വിഭവങ്ങളും എല്ലാ ഇടങ്ങളെ പോലെ ആണെങ്കിലും അവയുടെ രുചിയിൽ വലിയ മാറ്റമുണ്ട്.
നൈസ് പത്തിരിയും ബീഫ് കറിയും മലപ്പുറത്തെ പ്രശസ്തമായ കോമ്പിനേഷനാണ്. നല്ല മസാലയും തേങ്ങ അരച്ചതും ചേർത്ത ബീഫ് കറിക്ക് നൈസ് പത്തിരി ഒരു മികച്ച കൂട്ടാണ്. കൂടാതെ, മൃദലമായ പൊറോട്ടയും കിടിലൻ ബീഫ് റോസ്റ്റും ഇവിടുത്തെ ഇഷ്ടപ്പെട്ട തെരുവ് ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു. പുട്ടും കടലയും, ഇടിയപ്പവും കോഴിക്കറിയും, അപ്പവും മുട്ടക്കറിയുമെല്ലാം ഇവിടുത്തെ സാധാരണ പ്രഭാതഭക്ഷണ വിഭവങ്ങളാണ്.
അതിഥികളെ സൽക്കരിക്കുന്നതിലും വിഭവങ്ങൾ ഒരുക്കുന്നതിലുമുള്ള മലപ്പുറത്തുകാരുടെ പ്രത്യേക ശ്രദ്ധ, ഇവിടുത്തെ ഭക്ഷണത്തിന് ഒരു സവിശേഷമായ മാനം നൽകുന്നു. ചേരുവകളിലെ വൈവിധ്യത്തേക്കാൾ ഉപരി, അത് തയ്യാറാക്കുന്നതിലെ കയ്യൊതുക്കമാണ് മലപ്പുറത്തെ ഭക്ഷണത്തെ പ്രിയങ്കരമാക്കുന്നത്. ചുരുക്കത്തിൽ, മലപ്പുറം എന്നത് രുചികരമായ ഭക്ഷണത്തിൻ്റെ ഒരു വലിയ കലവറയാണ്.




