ഫാത്തിമ റിഫ പി.പി
(ബി.എ മൾട്ടിമീഡിയ മൂന്നാം സെമസ്റ്റർ)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ വിഭാഗം മൂന്നാം വർഷ വിദ്യാർത്ഥികൾക്കായി രണ്ട് ദിവസത്തെ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി ക്യാമ്പ് ജൂലൈ 21,22 തിയതികളിൽ അട്ടപ്പാടിയിലെ തത്തേങ്ങലത്ത് വെച്ച് സംഘടിപ്പിച്ചു. വൈൽഡ്ലൈഫ് ഫോട്ടോഗ്രഫി പഠിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ ക്യാമ്പ് സംഘടിപ്പിച്ചത്. ഇത് വിദ്യാർഥികൾക്ക് പ്രകൃതിയെയും വനജീവിതത്തെയും അടുത്തറിയാനുള്ള അവസരമായിരുന്നു.
വിദ്യാർത്ഥികൾ ഏകദേശം 10 കിലോമീറ്ററോളം കാൽനടയായി ട്രക്കിംഗിൽ ഏർപ്പെടുകയും, കാടിനുള്ളിലേക്ക് കടന്ന് പ്രകൃതിദൃശ്യങ്ങളുടെ അപൂർവ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയുമായിരുന്നു. കാടിനെ മനസ്സിലാക്കുകയും അതിലൊരു ഭാഗമാകുകയും ചെയ്ത് ഫോട്ടോഗ്രഫിയിലൂടെ കഥ പറയാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയുമായിരുന്നു ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. അധ്യാപകരായ എം.നമീർ (ഏച്ച്.ഒ.ഡി), എ.കെ.പി ജുനൈദ്, ആധ്യ ഗോഷ് എന്നിവരാണ് മാർഗ നിർദ്ദേശങ്ങൾ നൽകി വിദ്യാർത്ഥികളെ അനുഗമിച്ചത്.
ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾ പകർത്തിയ ഫോട്ടോകൾ വേൾഡ് ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് കോളജിൽ സംഘടിപ്പിക്കുന്ന ഫോട്ടോഗ്രഫി എക്സിബിഷനിൽ പ്രദർശിപ്പിക്കുന്നതാണ്. ക്യാമ്പിൽ നിന്ന് അവർ നേടിയ അനുഭവങ്ങൾ, അവരുടെ ഭാവിയിലെ ഫോട്ടോഗ്രഫി കരിയറിന് സാരമായ ഊർജ്ജം തന്നെ നൽകുമെന്ന് അധ്യാപകർ വോക്സ് പോപ്പ് ന്യൂസിനോട് പറഞ്ഞു.




