ഫാത്തിമ സഫ്‌വ.P (Second Semester BA Multimedia )
വേങ്ങര: കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ കിളിനക്കോട് പ്രദേശത്തെ ചരിത്രമാവശേഷിപ്പാണ് വെട്ടുത്തോട് എന്നറിയപ്പെടുന്ന ചീരാത്തോട്. മലപ്പുറം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലയായ ഊരകം മലയുടെ താഴ്‌വാരത്താണ് തോട് സ്ഥിതി ചെയ്യുന്നത്. കടുപ്പമേറിയ ചെങ്കൽ പാറകൾ നിറഞ്ഞതാണ് ഈ പ്രദേശം മുഴുവനും. ഈ ചെങ്കൽ പാറകൾ കൊത്തി താഴ്ത്തി തോട് നിർമിക്കാൻ അഞ്ഞൂറോളം ആളുകൾ രണ്ടുവർഷത്തോളം ജോലി ചെയ്തു.
സാമൂതിരി രാജകന്മാരുടെ കാര്യസ്ഥനായിരുന്ന കപ്പേടത്ത് നയന്മാരുടെ ജന്മദേശം കൂടിയായിരുന്നു കിളിനക്കോട് ഉൾപ്പെടുന്ന ചേറൂർ ഗ്രാമം. ഈ കുടുംബം കർഷകരുടെ പ്രശ്നങ്ങൾക്ക് എന്നും മുൻഗണന നൽകിയിരുന്നു. അതിൽ പ്രമുഖയായ സ്ത്രീയായിരുന്നു കപ്ലെട്ടമ്മ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ചിന്നമ്മ.
ചാലിലെ വെള്ളം കൃഷിക്ക് തടസ്സമായപ്പോൾ പരിഹാരമായി തോട് നിർമ്മിക്കാൻ അമ്മ ഉത്തരവിട്ടു. താഴെയുള്ള കൂടുതൽ പാടങ്ങൾക്ക് വെള്ളം ലഭിക്കുന്ന രീതിയിലായിരുന്നു തോടിന്റെ പദ്ധതി.ചാലിൽ പാടത്തിന്റെ കിഴക്കുഭാഗത്ത് നിന്ന് തുടങ്ങുന്ന തോടിന് ഒന്നരമീറ്റർ മാത്രമെ ആരംഭ ഭാഗത്ത് ആഴം ഉള്ളുവെങ്കിലും ദൂരം കൂടുംതോറും തോടിന്റെ ആഴം കൂടിവരികയായിരുന്നു.
കേവലം ഒരാൾക്ക് നിന്ന് കൊതുവാൻ മാത്രം വീതിയുള്ള ഇതിന് ആകെ ഇരുന്നൂർ മീറ്റർ നീളവും മധ്യഭാഗങ്ങളിൽ എട്ട് മീറ്ററോളം ആഴവും കാണും. ഈ തൊടിന്റെ അവസാനഭാഗം പാറക്കണ്ണിയിലെ പാടങ്ങളുടെ മുകളിലായി ചെറുപൂന്ത് എന്ന സ്ഥലത്താണ്.
ഖിലാഫത്ത് പ്രസ്ഥാനകാലത്ത് തങ്ങൾക്കെതിരെ പോരാടിയിരുന്ന പ്രസ്ഥാനക്കാരെ ബ്രിട്ടീഷ് പട്ടാളം വേട്ടയാടിയപ്പോൾ ദേശാഭിമാനികൾക്ക് സുരക്ഷിതമായ ഒളിതാവളം കൂടിയായിരുന്നു വെട്ടുത്തോട്. നൂറ്റാണ്ട് പിന്നിടുമ്പോഴും വെട്ടുത്തോട് സേവനം തുടർന്ന് കൊണ്ടേയിരിക്കുന്നു. ഇനിയും നൂറ്റാണ്ടുകൾ കടന്നുപോയാലും തലമുറകൾ മാറിവന്നാലും എല്ലാവർക്കും ആശ്രയിക്കാവുന്ന ആശയകേന്ദ്രമാണ് വെട്ടുത്തോട് അഥവാ ചീരത്തോട്.