വേങ്ങര: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ ഫുട്ബോൾ മത്സരത്തിൽ തുടർച്ചയായ രണ്ടാം ജയവുമായി വേങ്ങര മലബാർ റാങ്ക് പട്ടികയിൽ മുന്നിൽ. ബി സോൺ ഫുട്ബോൾ മത്സരത്തിൽ തിങ്കളാഴ്ച നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ കൂട്ടായി മൗലാനാ കോളേജുമായിട്ടായിരുന്നു വേങ്ങര മലബാറിന്റെ രണ്ടാം മത്സരം. ഇതോടെ തുടർച്ചയായ ജയവുമായി വേങ്ങര മലബാർ പോയിന്റ് പട്ടികയിൽ മുന്നിലെത്തി. മത്സരത്തിന്റെ നിശ്ചിത സമയത്ത് (0-0) സമനിലയിൽ നിന്നും ടൈ ബ്രേക്കറിൽ 4-1 ന്റെ ആധികാരിക ജയം നേടുകയായിരുന്നു ടീം മലബാർ. മൾട്ടീമീഡിയ വിദ്യാർത്ഥികളായ സഫ്‌വാൻ, സുഹൈൽ പരത്തൊടിക, അനന്തു കൃഷണ, മൂന്നാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിയായ ജിനു എന്നിവരാണ് മലബാറിന് വേണ്ടി ടൈ ബ്രേക്കറിൽ ഗോളുകൾ നേടിയത്. ബുധനാഴ്ച മഞ്ചേരി ഇ.കെ.സിയുമായിട്ടാണ് മലബാറിന്റെ അടുത്ത മത്സരം.
