ഷാദിയ ഷാദി, II BA ENGLISH
സ്ഥിരമായി ഒരേ സ്വപ്നം അതും മുഖമില്ലാതെ അവൾ എന്നോട് സംസാരിക്കുന്ന സ്വപ്നം ഒരാഴ്ചയോളമായി തുടർന്നപ്പോഴാണ് അജിനോട് ഇതേ കുറിച്ച് പറഞ്ഞത്.
അവനാണ് മുഖങ്ങളുള്ള ഈ തെരുവിനെ കുറിച്ച് പറഞ്ഞു തന്നത്.
‘മുഖം’….!!
പേരു തന്നെയതാണ്..
ഭാവങ്ങളുടെ നൃത്ത സദസ്സ്, മുഖം!
എങ്ങനെയാണ് ഇവിടെയെത്തിയതെന്നതിനെ കുറിച്ച് ഞാൻ ബോധവാനല്ല.കാരണം,ഞാനിതേവരേ കണ്ടിട്ടേയില്ലാത്ത ഒരിടം,ആരോടും ചോദിക്കാതെ എത്തിപ്പെട്ടത് തന്നെ അത്ഭുതമായിരിക്കുന്നു.
ആറേഴു മാസമായി വരക്കുകയായിരുന്നു ആ ചിത്രം.
വരച്ച ചിത്രങ്ങളില്‍ കൂടുതല്‍ സമയമെടുത്തിട്ടും ഇപ്പോഴും മുഴുവനാകാത്തയൊറ്റയൊന്ന്..!
എന്തോ അവളുടെ മുഖം മാത്രം പതിയുന്നില്ല ക്യാൻവാസിൽ,
നിറം,മണം ഒന്നും ഒത്ത് വരുന്നില്ല.
മനസ്സിന്റെ കണ്ണാടിയിൽ പ്രതിഷ്ഠയായിരുന്ന അവളുടെ മുഖഭാഗം മാത്രം ആകെ തകർന്നിരിക്കുന്നു.
ആ കണ്ണാടി ചില്ലുകളിൽ നിന്നും ഊർന്നു വീഴുന്ന രക്തം..!
അവളുടെ ഒരൊറ്റ ഫോട്ടോയും ശേഷിക്കുന്നില്ലല്ലോ എന്നോർത്ത് നെടുവീർപ്പയച്ചത് മിച്ചം…!
അല്ലെങ്കില്‍ തന്നെ അവളെവിടെയാണ് ശേഷിക്കുന്നത്…!!
ഹാവൂ…മനസ്സ് വീണ്ടും പുകയുന്നു.
ഓർമ്മകളുടെ കരിയും പുകയും ആകെ മലിനമാക്കിയ ഒരു മനസ്സ്….!!
ഇങ്ങനെയുള്ള ദിനങ്ങളിലാണ് അവൾ അഴിച്ചിട്ട കേശഭാരവുമായി ഉറക്കമില്ലായ്മക്കിടയിലെ ഉറക്കത്തിൽ മുഴുക്കെയുള്ള സ്വപ്നത്തിലേക്കിറങ്ങി വന്നത്.
പുറം തിരിഞ്ഞു നിന്നവൾ പെട്ടെന്ന് മുൻവശം തിരിഞ്ഞ് മുഖമെന്റെ മുഖത്തേക്ക് കുനിച്ച് “ഋഷ്….”എന്ന് വിളിക്കുമ്പോഴാണ് എന്റെ കണ്ണുകള്‍ തുറന്നു പോകുന്നതും അവളുടെ മിഴികൾ നിന്നിരുന്നിടത്ത് ശൂന്യത മാത്രം കാണുന്നതും ഞാൻ ഞെട്ടി ഉറക്കം വിടുന്നതും…
ഉണർന്ന് കഴിഞ്ഞിട്ടും ആ മുടിയിഴകൾ ദേഹത്തിലിങ്ങനെ തലങ്ങും വിലങ്ങും പരന്നു കിടക്കുന്നതായി അനുഭവപ്പെടും..
പണ്ട് ഇണചേരലിന്റെ അതീന്ദ്രിയ മന:സുഖവുമായി പടർന്നു പിടിച്ചു കിടന്ന നിലാരാത്രികളിലവളുടെ മുടിയിഴകളെന്റെ നഗ്നതയെ പൊതിഞ്ഞിരുന്നത്….!!
ആഹാ….ഓർമ്മകൾ,
പക്ഷേ…സ്വപ്നങ്ങള്‍…
അതിന്റെ ഭീകരത.
ഉറങ്ങാതിരുന്ന് ഉറങ്ങി പോകുന്നിടത്ത് ഉണർത്തുന്ന അവളുടെ മുഖമില്ലായ്മ..!!
അങ്ങനെയാണ് മുഖതെരുവിനെ അന്വേഷിച്ച് നടക്കുന്നത്.
നഷ്ടമായ മുഖങ്ങളെ തിരിച്ചു കിട്ടുമത്രെ അവിടങ്ങളില്‍..!!
തെരുവിനും എനിക്കും മധ്യേ തടസ്സമായി ആകെയുണ്ടായിരുന്നത് ഒരു വലിയ കവാടമായിരുന്നു.
അതിനു മുകളിൽ പല നിറങ്ങളിലുള്ള മേഘങ്ങള്‍ ചിറകു കോർത്ത് തണലിട്ടിരുന്നു.
കവാടത്തിനരികിലെ കസേരയിൽ പുസ്തകത്തില്‍ മുഖം പൂഴ്ത്തിയിരിക്കുന്ന ഒരാൾ.
കാലടുത്തു വെച്ചപ്പോൾ “ഊം….?”
എന്ന ഭാവത്തിലൊരു നോട്ടം.
ഉത്തരം ആവശ്യമില്ലെന്ന മട്ടിൽ അയാൾ വീണ്ടും പുസ്തകത്തിലേക്ക് തല തിരുകി.
പക്ഷേ…ആ നിമിഷനേരം കൊണ്ട് ഞാനാ മുഖം കണ്ടു.
ബാലനായിരുന്ന കാലം എന്നും വൈകീട്ട് നാരങ്ങാമിഠായിയും നിറയെ ചിരിയും തന്നിരുന്ന ആ മുഖം,
പക്ഷേ….ഇന്ന് നാട്ടിൽ രാഷ്ട്രീയപ്രവർത്തകന്റെ കുപ്പായമണിഞ്ഞ് നാട്ടുകാരെ വിണ്ഢികളാക്കുന്ന അതേ മുഖം…!!
അച്ഛന്റെ…..ആ നിറഞ്ഞ ചിരിയുണ്ടായിരുന്ന മുഖമാണത്…!!
കവാടം പിന്നിട്ട് ചെന്നിടത്ത് നിറയെ ഇടവഴികളുള്ള തിരക്കു നിറഞ്ഞ ചുവന്ന വെളിച്ചമുള്ള തെരുവിനാണ് ഞാൻ സാക്ഷിയായത്.
പക്ഷേ…ആ തിരക്കിലും അവരെല്ലാം ഹൃദ്യമായി ചിരിച്ച് വിശേഷം പങ്ക് വെച്ച് അഭിവാദനം ചെയ്യുന്നുണ്ടായിരുന്നു.
ഒരിടവഴിയിലെ അപ്പുറവും ഇപ്പുറവും നിരത്തി വെച്ച കച്ചവട വസ്തുക്കൾക്കിടയിലൂടെ ഞാൻ നടന്നു കൊണ്ടിരുന്നു.
ഇടക്ക് ഒരു ചെരുപ്പ് കടയിൽ കണ്ട ജോലിക്കാരന്റെ മുഖം പണ്ടെങ്ങോ കണ്ടു മറന്ന പോലെ തോന്നി.
മുന്നോട് നടന്നുക്കൊണ്ടിരുന്നപ്പോഴാണ് പിടിക്കിട്ടിയത്.
കഴിഞ്ഞമാസം നാട്ടിലേക്ക് വിളിച്ചപ്പോൾ അമ്മായി പറഞ്ഞ കുമാരേട്ടനെ…
ഛീ…ഏട്ടനെന്നു വിളിക്കാനൊക്കത്തില്ല..!
നാലുവയസ്സുകാരി മോളുടെ കൂട്ടുകാരിയെ ക്രൂരമായി……..,
ദൈവമേ…എന്തെല്ലാം ക്രൂരതകൾ….!!
പിന്നെയും നീണ്ടു വലിഞ്ഞ് നടന്നുക്കൊണ്ടിരുന്നു.
പലരെയും കണ്ടു,
നാട്ടിൽ തോന്നുന്ന പണം എണ്ണി പറഞ്ഞ് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ഹമീദിനെ…
കേരളം ഞെട്ടിയ ഒന്ന് രണ്ട് പീഡനകേസിൽ തൽക്കാലമകത്തുള്ള കുറ്റവാളികളെ,
ഇപ്പോഴത്തെ നില വെച്ച് അധികം താമസിയാതെ നല്ല പുള്ളി പട്ടം ചാർത്തി കിട്ടി കൂടുതൽ വിദഗ്ദ്ധരായി വരേണ്ടവർ…!!
സംഭവം നടന്ന് ഒന്ന് രണ്ട് ദിവസം പത്രത്തിന്റെ മുൻവശത്ത് പ്രധാനവാർത്തയിൽ ചിരിച്ചു നിന്ന കൊലയാളികളുടെ മുഖങ്ങൾ….!!
പതിനഞ്ചുകാരനെ സ്വവർഗരതിക്കിരയാക്കി മാനസികമായി തകർത്തുകളഞ്ഞ അടുത്ത നാട്ടുകാരൻ റോയിയെ…!!
എന്തിന് കണ്ണും മൂക്കുമില്ലാതെ, ഭാവങ്ങളോ ചിന്തയോ ഇല്ലാതെ നാശം മാത്രം വാരിവിതറുന്ന പല നേതാക്കളെ…!!
അങ്ങനെ തുടങ്ങി മനുഷ്യത്വത്തെ മറവിയുടെ കൂട്ടിലിട്ടിടച്ച സകല മനുഷ്യ ജന്മങ്ങളുടെയും മുഖങ്ങൾ കണ്ടു.
ഇടക്കൊരു വളവിൽ നീണ്ടു മെലിഞ്ഞ പെണ്ണ്.
അവളുടെ പാതിമുഖം ആര്യയുടെതായി തോന്നി.
ഒന്ന് കാണാന്‍ പിന്നാലെ ഓടിയതിന് ഫലമുണ്ടായില്ല,അവൾ ഇടവഴിയിലെ കച്ചവട തിരക്കുകൾക്കിടയിലെവിടെയോ മറഞ്ഞു.
മങ്ങിയ ചുവപ്പു നിറത്തിലവിടെ പരിചിത മുഖങ്ങൾ വീണ്ടും തെളിഞ്ഞു കൊണ്ടേയിരുന്നു.
ആ മുഖങ്ങളിലെല്ലാം ശാന്തതയും നിഷ്കളങ്കതയും തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു.
ഏതോ കടത്തിണ്ണയിലെത്ര നേരമിരുന്നെന്നറിയില്ല.
പാതിയടഞ്ഞ കണ്ണുകൾക്ക് മുമ്പിൽ ഒരു വൃദ്ധനിരുന്ന് “മകനേ…..” എന്നു വിളിക്കുന്നത് കേട്ടാണുണർന്നത്.
കണ്ണു തുറന്നപ്പോള്‍ അയാള്‍ തുടർന്നു.
“മകനേ….ഇത് മുഖങ്ങൾ ഉള്ളിടമാണ്.
ഇതിന് പുറത്ത് നീ എവിടെ നിന്നും വരുന്നുവോ അവിടെ മുഖങ്ങളില്ല..!
മുഖം നഷ്ടപ്പെട്ടവരാണവിടെ,
യഥാര്‍ഥ മുഖങ്ങളെയീ മുഖതെരുവിൽ കൊണ്ടു തള്ളി പൊഴിമുഖങ്ങളണിഞ്ഞവർ…”
അയാൾ കൈ പിടിച്ചമർത്തി ഇറങ്ങി നടന്നു.
എന്റെ മുഖത്തു തറഞ്ഞ ആ കണ്ണുകളിൽ തണുത്ത അഗ്നി ഉറഞ്ഞു നിന്നിരുന്നതായി തോന്നി.
എഴുന്നേറ്റു വീണ്ടും നടക്കവേയാണ് ആരോ ഒരാൾ പെട്ടെന്ന് ആലിംഗനം ചെയ്തത്.
“ഋഷ്……നീ……!!
നീയെന്തായിത് ഇവിടെ?എവിടെയെല്ലാം തിരഞ്ഞൂ നിന്നെ,ഈ നശിച്ച തെരുവില്‍ നിനക്കെന്താ കാര്യം….?!!!”
“അജീ….മിണ്ടരുത്,നശിച്ച തെരുവോ…
എടാ ഇവിടെയെല്ലാവരും ഉണ്ടെടാ..
എന്റെ കുട്ടിക്കാലത്തെ അച്ഛനും നമ്മുടെ കുമാരേട്ടനും അടക്കം എല്ലാവരും….!!
അവരെല്ലാം വളരെ നല്ലവരാണെടാ ഇവിടെ…,
എന്തിന്….!!ഞാനെന്റെ ആര്യയെ കണ്ടെടാ..
ദാ….അവളുടെ മുടിയിഴകൾ ഇങ്ങനെ പിൻഭാഗത്ത് പരന്നു കിടക്കുകയായിരുന്നു..അവളിതാ ഈ ഇടവഴിയിലെങ്ങോ അപ്രതക്ഷയായി.
അവളെ തെരഞ്ഞാണ് ഈ നടത്തം…”
“ഋഷ്…..ഒരു വർഷം മുമ്പ് നിന്നെ പോലെ വെറും ചിത്രകാരൻ ആയ ഒരുത്തനെ വേണ്ടാന്ന് പറഞ്ഞ് അമേരിക്കയില്‍ ഡോക്ടറായ ഒരുത്തന്റെ കൂടെ പോയ നിന്റെ ഭാര്യയായിരുന്ന അവളോ…..!!
തനിക്ക് ഭ്രാന്തായോ ഋഷ്…..!!”
“അജീ……ശ്..ശ്…മിണ്ടരുത്. അവളിവിടെ എവിടെയോ ഉണ്ട് പാവമാണവൾ,അവൾക്കങ്ങനെ ചെയ്യാൻ കഴിയോ എന്നോട്…?
അവളെത്ര സ്നേഹത്തോടെയാ എന്നെ ഋഷ്… എന്ന് വിളിച്ചിരുന്നതെന്നറിയോ നിനക്ക്….!!”
“ഋഷ്…അത്…..നീ വാടാ…ഇവിടെ നിറയെ കൊള്ളരുതായ്മ നടക്കുന്ന ഇടമാ…നീ വിചാരിക്കുന്ന പോലെയല്ല..!!
വന്നേ…”
“പക്ഷേ….അജീ…ഇവിടെ യഥാര്‍ഥ മുഖങ്ങളുണ്ട്.ഞാൻ കണ്ടു.പുറത്തെല്ലാവരും പൊഴിമുഖമണിഞ്ഞ് നടക്കുകയാണ്..
ശാന്തതയും നിഷ്കളങ്കതയും സ്നേഹവും ഉണ്ടായിരുന്ന മുഖങ്ങൾ ഇവിടെ അഴിച്ചു വെച്ചിരിക്കുകയാണ്…”
“ഋഷ് നീ…..!!!
റാം….ഒന്ന് വന്നേ…..ഋഷിന് ഭ്രാന്തായിരിക്കുന്നു…!!
വണ്ടിയിലേക്ക് കയറ്റ്…”
“എന്നെ വിട്…ആരും പിടിക്കണ്ട.എനിക്ക് ഭ്രാന്തില്ല,മുഖങ്ങളില്ലാത്തിടത്തേക്ക് ഞാനില്ല…ഇവിടെ അവളുണ്ട്,അച്ഛനുണ്ട്…
എന്നെ വിട്…”
എന്റെ ശബ്ദം ഇടറിതുടങ്ങിയിരുന്നു.
കൈകാലുകൾ തളർന്നും…..
അവരെന്നെ വാഹനത്തിനകത്തേക്ക് പൊക്കിയെടുത്തിരുത്തി..
“റാം….വേഗം വണ്ടിയെടുക്ക്…ഇവൻ ആക്രമിക്കാൻ ചാൻസുണ്ട്..”
അജിയുടെ സ്വരത്തിൽ ഭയം വന്നു നിറയുന്നത് എന്റെ കർണ്ണപടത്തിൽ വന്നു തട്ടി.
അടഞ്ഞു പോകുന്ന കൺപോളകളെ ആഞ്ഞുതുറന്ന നിമിഷം എനിക്കരികിലേക്കുറ്റു നോക്കുന്ന അജിയുടെ മുഖത്തിന്റെ ഒരു ഭാഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നത് കണ്ട് ഞെട്ടി ഞാൻ.
എന്റെ നീല ഞരമ്പുകൾ എഴുന്നു നിന്നു.
കണ്ണുകളിൽ മങ്ങിയ ചുവന്ന വെളിച്ചം വന്നു നിറഞ്ഞ് എല്ലാം അദൃശ്യമായി.
കാഴ്ചകളും,ഓർമ്മകളും……
ഇപ്പോള്‍ ഞാൻ മാത്രമുണ്ട്. ഞാൻ മാത്രം…