News

എൻ.എസ്.എസ് അവാർഡിന്റെ തിളക്കത്തിൽ വേങ്ങര മലബാർ കോളേജ്

വേങ്ങര: കാലിക്കറ്റ് യൂനിവേർഴ്സിറ്റിക്ക് കീഴിലെ മികച്ച എൻ എസ് എസ് യൂണിറ്റായി വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്‌റ്റഡീസിലെ എൻ എസ് എസ് യൂണിറ്റിനെയും മികച്ച പ്രോഗ്രാം ഓഫിസറായി ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ സി. അബ്ദുൽ ബാരിയെയും തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷങ്ങളിൽ കേമ്പസിനകത്തും പുറത്തും നടത്തിയ വൈവിധ്യമാർന്ന സാമൂഹ്യ പ്രവർത്തങ്ങൾക്കാണ് കോളേജിന് ഈ അംഗീകാരം ലഭിച്ചത്.ഒതുക്കുങ്ങലിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് വിദ്യാർത്ഥി കൂട്ടായ്മയിൽ നിർമ്മിച്ച അഭയം ഭവനം, വേങ്ങര, കണ്ണമംഗലം, ഊരകം, പറപ്പൂർ എന്നീ പ്രദേശങ്ങളിലെ പാലിയേറ്റിവ് പ്രവർത്തനം, ശിശു സൗഹൃദ ഗ്രാമം, ദത്തു ഗ്രാമം, പ്രളയ പുനരധിവാസം, സാക്ഷരതാ പ്രവർത്തനം, രക്ത ദാനം, ആരോഗ്യ ബോധവൽക്കരണ പരിപാടികൾ, പരിസ്ഥിതി പ്രവർത്തങ്ങൾ, നൈപുണി വികസന പരിശീലനം, ലഹരി വിരുദ്ധ ക്യാമ്പയ്ൻ, ട്രാഫിക് ബോധവൽക്കരണം,തുടങ്ങിയ മേഖലകളിലാണ് എൻ എസ് എസ് വളണ്ടിയർമാർ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചത്. വ്യത്യസ്ത പരിശീലന പരിപാടികളിലൂടെയും സപ്തദിന സ്പെഷ്യൽ കേമ്പുകളിലൂടെയും വളണ്ടിയർമാരുടെ വ്യക്തിത്വ വികാസത്തിനും ഊന്നൽ നൽകി. പ്രവർത്തന കാലയളവിൽ വേങ്ങരയിലെ സി.എച്.സി , പി.എച്.സി, പാലീയേറ്റിവ് യൂണിറ്റുകൾ, ബ്ലഡ് ഡോണോഴ്സ് ഫോറങ്ങൾ, ബ്ലോക്ക് സാക്ഷരതാ മിഷൻ, കൃഷി വകുപ്പ്,ചൈൽഡ് ലൈൻ, ജില്ലാ പോലീസ്- നിർഭയ ടീം, ജനപ്രതിനിധികൾ, താലൂക് ലൈബ്രറി കൗൺസിൽ , സായം പ്രഭ ഹോം വേങ്ങര, അലിവ് ഡയാലിസിസ് സെന്റർ, അബീർ ഓർഗാനിക് ഫാം, റോസ് മാനർ വേങ്ങര,
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ , കാലാവസ്ഥ വ്യതിയാന ഡയറക്ട്രേറ്റ്, വനം വകുപ്പ് , ശുചിത്വ മിഷൻ, തുടങ്ങി ഒട്ടനവധി സർക്കാർ/ ഇതര സംവിധാനങ്ങളുമായി കൈകോർക്കാനായി എന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈതലവി പറഞ്ഞു.

കാലിക്കറ്റ് സർവകലാശാല 2019-20 വർഷത്തെ മികച്ച പ്രോഗ്രാം ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. അബ്ദുൽ ബാരി

പരിസ്ഥിതി പ്രവർത്തങ്ങളുടെ ഭാഗമായി വളണ്ടിയർമാർ ഊരകം മലയുടെ ജൈവ വൈവിധ്യം ട്രക്കിങ്ങിലൂടെയും വാമൊഴി ശേഖരണത്തിലൂടെയും ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. കേരളത്തിലെ വ്യത്യസ്ത പ്രദേശങ്ങളിലായി നടത്തിയ ഒരു ഡസനോളം പ്രകൃതി പഠന കേമ്പുകളും കാലാവസ്ഥ വ്യതിയാന വകുപ്പിന്റെയും കോളേജ് വിദ്യാഭാസ വകുപ്പിന്റെയും സഹകരണത്തോടെ നടത്തിയ ദേശീയ സെമിനാറും മലബാർ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ പ്രവർത്തന മികവിനുദാഹരണങ്ങളാണ്.

Firose KC
Asst. Professor, Dept. of Journalism, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *