News

ദ്വിദിന ലീഡർഷിപ് ക്യാമ്പ് സംഘടിപ്പിച്ചു

ലുബാബ യാസ്മീൻ (2nd sem BA multimedia)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, വേങ്ങരയിലെ എൻ. സി. സി യൂണിറ്റിന്റെ നേതൃത്വത്തിൽ “ഇഗ്നൈറ്റ്”എന്ന പേരിൽ ഡിസംബർ 23,24 തിയതികളിലായി ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ നേതൃത്വഗുണം, ശാരീരിക മാനസിക ശേഷി, സാങ്കേതിക അറിവ്, സംഘബോധം എന്നിവ വളർത്തുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്.

ദേശീയതയും രാജ്യസേവന മനോഭാവവും യുവതലമുറയിൽ വളർത്തുന്നതിൽ എൻസിസിയുടെ പങ്ക് നിർണായകമാണെന്ന് പരിപാടിയിൽ വക്താക്കൾ അഭിപ്രായപ്പെട്ടു. അക്കാദമിക് പഠനത്തിനൊപ്പം വ്യക്തിത്വവികസനവും ശാസനാപരമായ ജീവിതശൈലിയുമാണ് എൻസിസി പരിശീലനങ്ങളിലൂടെ കാഡറ്റുകൾക്ക് കൈമാറുന്നതെന്നും അവർ പറഞ്ഞു.

എൻസിസി ഓഫീസർ ലെഫ്. ഡോ. സാബു കെ. രസ്തത്തിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങ് വേങ്ങര സബ് ഇൻസ്പെക്ടർ ശ്രീ സുരേഷ് കെ. ഉദ്ഘാടനം ചെയ്തു. ഡോ. ഉമ്മു ഹബീബ, ഡോ. ഫൈസൽ ടി, എ എസ് ഐ നൗഷാദ് മഠത്തിൽ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു. കാഡറ്റുകൾക്ക് പ്രചോദനമാകുന്ന സന്ദേശങ്ങളാണ് അതിഥികൾ പങ്കുവെച്ചത്.

ക്യാമ്പിന്റെ ഭാഗമായി ടെക്നിക്കൽ സെഷൻ,മൂവി സ്ക്രീനിംഗ് ട്രെക്കിങ് എന്നിവ നടന്നു. ഗ്രൂപ്പ് പ്രവർത്തനങ്ങളും സംവാദങ്ങളും ക്യാമ്പിനെ സജീവമാക്കി.
സമാപന ചടങ്ങിൽ കാഡറ്റുകൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ, ഇത്തരത്തിലുള്ള പരിശീലന ക്യാമ്പുകൾ ആത്മവിശ്വാസവും നേതൃഗുണങ്ങളും വളർത്തുന്നതിൽ ഏറെ സഹായകരമാണെന്ന് അവർ അഭിപ്രായപ്പെട്ടു. സാന്ദ്ര, ഫിനിയ, ദേവിക, അപർണ എന്നിവർ ക്യാമ്പിന്റെ വിവിധ ഘട്ടങ്ങൾ വിജയകരമായി ഏകോപിപ്പിച്ചു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *