വേങ്ങര: കോവിഡ്-19 വിതച്ച പ്രതിസന്ധിയിൽ നാടിന് സഹായ ഹസ്തവുമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്. വേങ്ങരയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് മാസ്കുകൾ നിർമിച്ച് നൽകിക്കൊണ്ടാണ് കോളേജ് കോവിഡ് 19 നെതിരായ പോരാട്ടത്തിൽ നാടിന് കൈത്താങ്ങായത്.
വേങ്ങര പോലീസ് സ്റ്റേഷൻ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നീ സ്ഥാപനങ്ങളിലേക്കാണ് മാസ്കുകൾ നൽകിയത്. പ്രിൻസിപ്പാൾ ഡോ. യു സൈതലവിയും കോളേജ് മാനേജർ അബ്‌ദുൾ മജീദ് മണ്ണിശ്ശേരിയും നേതൃത്വം നൽകി.
വേങ്ങര പോലീസ് സ്റ്റേഷനിലേക്കുള്ള മാസ്കുകൾ സർക്കിൾ ഇൻസ്പെക്ടർ ഗോപാലകൃഷ്ണന് കൈമാറി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹഖ് കോളേജ് അധികൃതർ നൽകിയ മാസ്കുകൾ സ്വീകരിച്ചു. വേങ്ങര ഹെൽത്ത് സെന്ററിൽ ഡോക്ടർ സാജിദ് ബാബുവും പഞ്ചായത്ത് ഓഫീസിൽ സെക്രട്ടറി എം എ ജയ്, അസിസ്റ്റന്റ് സെക്രട്ടറി രഞ്ജിനി ജി എന്നിവരും മാസ്കുകൾ ഏറ്റ് വാങ്ങി. വിവിധ സ്ഥാപനങ്ങളിലായി നടന്ന ചടങ്ങുകളിൽ കോളേജിനെ പ്രതിനിധീകരിച്ച് മാനേജർ അബ്ദുൽ മജീദ് മണ്ണിശ്ശേരി, പ്രിൻസിപ്പാൾ ഡോ. യു സൈതലവി, ഗവേണിംഗ് ബോഡി അംഗം സി ടി മുനീർ, ഓഫീസ് അസിസ്റ്റന്റ് സജാദ് എന്നിവർ പങ്കെടുത്തു.