Nihala O (5th sem) BA Multimedia
കുന്നുംപുറം: മലപ്പുറം ജില്ലയിലെ ചരിത്ര ഭൂപടത്തിൽ വേറിട്ടുനിൽക്കുന്ന ഒരു പ്രദേശമാണ് കുന്നംപുറം. നൂറ്റാണ്ടുകൾക്ക് മുൻപ്, അതായത് പ്രാചീന ശിലായുഗത്തിന്റെ അവസാന ഘട്ടമായ മഹാശിലാ സംസ്കാര കാലത്ത് ജീവിച്ചിരുന്ന മനുഷ്യരുടെ ജീവിതരീതികളിലേക്കും ആചാരങ്ങളിലേക്കും വെളിച്ചം വീശുന്ന അമൂല്യമായ ശേഷിപ്പുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം.
പ്രദേശത്തിന് ‘കൊടക്കല്ല്’ എന്ന പേര് വരാൻ തന്നെ കാരണമായത് ഇവിടെ കാണപ്പെടുന്ന കുടക്കല്ലുകളും തൊപ്പിക്കല്ലുകളുമാണ്. മൺമറഞ്ഞുപോയ പൂർവ്വികരുടെ സ്മരണയ്ക്കായി അവർ നിർമ്മിച്ച ഇത്തരം ശിലാ സ്മാരകങ്ങൾ കേരളത്തിന്റെ തന്നെ സാംസ്കാരിക പൈതൃകത്തിന്റെ വലിയൊരു അടയാളപ്പെടുത്തലാണ്.
കുന്നംപുറം – കൊടക്കല്ല് റോഡിൽ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേർന്ന്, പ്രാദേശിക കടകളുടെ പിൻവശത്തായാണ് ചരിത്രപ്രസിദ്ധമായ ഈ ശിലാഘടനകളിൽ ഒന്ന് സ്ഥിതി ചെയ്യുന്നത്. പൂർവ്വികർ മൃതദേഹങ്ങൾ അടക്കം ചെയ്ത ഭരണിക്ക് മുകളിലായി കുടയുടെ ആകൃതിയിൽ വെട്ടുകല്ല് ചെത്തി വെച്ചിരുന്ന ഇത്തരം നിർമ്മിതികൾ പണ്ടുകാലം മുതൽക്കേ ഈ പ്രദേശത്തിന്റെ പ്രധാന ചരിത്ര കൗതുകമായിരുന്നു. വെട്ടുകല്ല് പാകി അതിരുതിരിച്ച ഈ ഘടനകൾ പഴയകാലത്തെ നിർമ്മാണ വൈദഗ്ധ്യത്തിന്റെ ഉത്തമ ഉദാഹരണം കൂടിയാണ്.
എന്നാൽ, കാലം മാറിയതോടെ ഈ ചരിത്ര സ്മാരകത്തിന്റെ നിലവിലെ അവസ്ഥ അത്ര ശുഭകരമല്ല. വികസനത്തിന്റെ വേഗതയ്ക്കിടയിൽ കൃത്യമായ ശ്രദ്ധ ലഭിക്കാത്തതുകൊണ്ട് തന്നെ ഈ പ്രദേശത്തിന്റെ പ്രധാന ഭാഗങ്ങൾ വള്ളിച്ചെടികളും മുള്ളൻകുറ്റികളും കയറി മൂടിയ നിലയിലാണ് കാണപ്പെടുന്നത്. ഇതിനുപുറമേ, വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കൊണ്ടുവന്ന വലിയ കോൺക്രീറ്റ് ഡ്രെയിനേജ് പൈപ്പുകൾ ഈ ശിലാഘടനയ്ക്ക് തൊട്ടടുത്തായി കൂട്ടിയിട്ടിരിക്കുന്നതും, വെട്ടുകല്ലിന്റെ അവശിഷ്ടങ്ങൾക്ക് മുകളിൽ മണ്ണും ഉണങ്ങിയ മരക്കമ്പുകളും അടിഞ്ഞുകൂടി കിടക്കുന്നതും ഈ പൈതൃക സ്മാരകത്തിന്റെ സ്വാഭാവിക ഭംഗിക്ക് മങ്ങലേൽപ്പിക്കുന്നുണ്ട്.
പ്രദേശിക ചരിത്രത്തെക്കുറിച്ച് പുതിയ തലമുറയ്ക്ക് കൃത്യമായ അറിവ് പകർന്നു നൽകാൻ ഇത്തരം ശേഷിപ്പുകൾ നിലനിർത്തേണ്ടത് അനിവാര്യമാണ്. ചരിത്രാന്വേഷികൾക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പഠനവിധേയമാക്കാൻ പറ്റിയ ഈ ചരിത്ര ഇടം, വരുംതലമുറയ്ക്കായി അതിന്റെ തനിമ ചോർന്നുപോകാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്.




