News Uncategorized

വനസഞ്ചാരത്തിൽ ജാഗ്രത നിർബന്ധം; നിയമങ്ങൾ പാലിക്കണം

Fathima Rifa PP (BA Multimedia 4th semester)

കേരളത്തിലെ വിവിധ വനമേഖലകളിൽ സംഘടിപ്പിക്കുന്ന ടൂറിസം, ട്രക്കിങ് പ്രവർത്തനങ്ങൾ കർശനമായ നിയമങ്ങൾ പാലിച്ചാണ് നടത്തപ്പെടുന്നത്. പ്രകൃതിയെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനായി സന്ദർശകർക്ക് വിവിധ നിർദേശങ്ങൾ നൽകപ്പെട്ടിട്ടുണ്ട്.

വനമേഖലകൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട എക്കോ ടൂറിസം കേന്ദ്രങ്ങളിലോ വനം വകുപ്പിൽ നിന്നോ മുൻകൂട്ടി അനുമതി പത്രം നേടേണ്ടതാണ്. അനുമതി ഇല്ലാതെ വനത്തിലേക്ക് പ്രവേശിക്കുന്നത് ശിക്ഷാർഹമാണ്. നിശ്ചിത സമയക്രമം പാലിച്ചുകൊണ്ട് മാത്രമേ സന്ദർശനം അനുവദിക്കൂ. രാത്രികാല യാത്രകൾക്ക് അനുമതി ലഭ്യമല്ല.
പ്ലാസ്റ്റിക് ഉപയോഗം പരമാവധി ഒഴിവാക്കണം. കവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ കാടിനകത്ത് ഉപേക്ഷിക്കുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യും. മിക്ക വനമേഖലകളും പ്ലാസ്റ്റിക് വിമുക്ത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ സന്ദർശകർ ഇത് കൃത്യമായി പാലിക്കണം.
വേനൽക്കാലത്ത് കാട്ടുതീയുടെ സാധ്യത കൂടുതലായതിനാൽ തീപ്പെട്ടി, ഇൻഫ്ളാമബിൾ വസ്തുക്കൾ എന്നിവ കൊണ്ടുപോകുന്നത് ഒഴിവാക്കണം. പുകവലി പോലുള്ള പ്രവൃത്തികളും അപകടസാധ്യത വർധിപ്പിക്കും. ചെറിയ തീപ്പൊരി പോലും വലിയ കാട്ടുതീക്ക് കാരണമാകാം.
വന്യജീവികളെ കാണുമ്പോൾ ശാന്തത പാലിക്കണം. അവയെ പ്രകോപിപ്പിക്കുന്ന രീതിയിൽ പെരുമാറുന്നത് അപകടങ്ങൾക്ക് ഇടയാക്കും. ഫോട്ടോ എടുക്കാനോ അടുത്ത് പോകാനോ ശ്രമിക്കുന്നത് ഒഴിവാക്കി, സുരക്ഷിത അകലം പാലിച്ച് മാത്രമേ അവയെ നിരീക്ഷിക്കാവൂ.

കുരങ്ങ് പോലുള്ള മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നത് ഒഴിവാക്കണം. ഇത് അവയുടെ സ്വഭാവത്തിൽ മാറ്റം വരുത്താൻ കാരണമാകും.
കാടിനകത്ത് അമിത ശബ്ദം ഉണ്ടാക്കരുത്. ശബ്ദം മൃഗങ്ങളെ പ്രകോപിപ്പിക്കുകയും ആക്രമണ സാധ്യത വർധിപ്പിക്കുകയും ചെയ്യും. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഗൈഡുമാരെയോ വനം വകുപ്പിന്റെ ജീവനക്കാരെയോ ഒപ്പം നിയോഗിക്കുന്നതാണ് പതിവ്. നിർദേശിച്ച പാതകളിലൂടെ മാത്രം സഞ്ചരിക്കണം. കാടിനകത്ത് വാഹനങ്ങളിൽ നിന്ന് അനാവശ്യമായി ഇറങ്ങുന്നത് ഒഴിവാക്കണം.
വസ്ത്രധാരണത്തിലും ശ്രദ്ധ വേണം. കാടിന്റെ നിറങ്ങളുമായി ഇണങ്ങുന്ന പച്ച, തവിട്ട്, ചാര നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉചിതമാണ്. മാലിന്യങ്ങൾ നിർദേശിച്ച സ്ഥലങ്ങളിലുള്ള വേസ്റ്റ് ബിന്നുകളിൽ മാത്രം നിക്ഷേപിക്കണം.

വനസഞ്ചാരത്തിന് മുമ്പ് സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ച് പൊതുവായ ധാരണ ഉണ്ടാക്കുന്നത് സുരക്ഷിത യാത്രയ്ക്ക് സഹായകരമാണെന്ന് നിലമ്പൂർ വഴിക്കടവ് മുൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) പി. മണിലാൽ നിർദേശിച്ചു. സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ ബന്ധപ്പെട്ട ഓഫീസുകളുമായി ബന്ധപ്പെടുകയും കാലാവസ്ഥ, മൃഗങ്ങളുടെ സാന്നിധ്യം തുടങ്ങിയ വിവരങ്ങൾ മുൻകൂട്ടി ശേഖരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം നിർദേശിച്ചു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *