Nafia Thengilan (5th sem) BA Multimedia
ചെറുപ്പം മുതലേ വായനയെയും എഴുത്തിനെയും കൂട്ടുകാരാക്കിയ മലപ്പുറംകാരിയായ ഇ. അനീന നസ്‌റി എന്ന എഴുത്തുകാരിയുടെ ഏറെ നാളായുള്ള സ്വപ്നമായിരുന്നു സ്വന്തം രചനകൾ ഒരു പുസ്തകമായി വായനക്കാരിലെത്തിക്കുക എന്നത്. സ്കൂളിൽ നിന്നും മദ്രസയിൽ നിന്നും ലഭിച്ച പ്രോത്സാഹനങ്ങളും സമ്മാനങ്ങളും ആ സ്വപ്നത്തിന് കൂടുതൽ കരുത്തേകി. എന്നാൽ പുസ്തകം എഴുതണമെന്ന ആഗ്രഹത്തിന് പിന്നിൽ മറ്റൊരു ആഴത്തിലുള്ള ചിന്ത കൂടിയുണ്ടായിരുന്നു.
ചെറുപ്പത്തിൽ കേട്ട ഒരു വാക്കാണ് അനീനയെ ഏറെ ചിന്തിപ്പിച്ചത്. മനുഷ്യൻ മരിച്ചുകഴിഞ്ഞാൽ കുറച്ചുകാലം മാത്രമേ പ്രിയപ്പെട്ടവരുടെ ഓർമയിൽ ഉണ്ടാകൂ പിന്നീട് പതിയെ ആ ഓർമകളിൽ നിന്നും അകലുമെന്ന ചിന്ത. മരണശേഷവും തന്റെ എഴുത്തിലൂടെ മറ്റുള്ളവരുടെ മനസ്സിൽ നിലനിൽക്കണമെന്ന ആഗ്രഹമാണ് പിന്നീട് ഫാത്തിമ എന്ന പുസ്തകത്തിന്റെ പിറവിക്ക് കാരണമായത്.
സാമ്പത്തികവും പ്രതികൂല സാഹചര്യങ്ങൾ കാരണവും ഒരു ഘട്ടത്തിൽ ആ സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ എഴുത്തുകാരിയുടെ മനസ്സിൽ ആ ആഗ്രഹം ഒരു നീറ്റലായി തുടർന്നു. വിവാഹശേഷം തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കാൻ പ്രോത്സാഹിപ്പിക്കുകയും പിന്തുണ നൽകുകയും ചെയ്ത പങ്കാളിയാണ് വീണ്ടും ആ ആഗ്രഹത്തിന് ചിറകേകിയത്. അദ്ദേഹത്തിന്റെ പിന്തുണയോടെയാണ് അനീന തന്റെ ആദ്യ പുസ്തകമായ “ഫാത്തിമ” പൂർത്തിയാക്കിയത്.
തെറ്റിദ്ധാരണകൾ കാരണം അകലുന്ന ബന്ധങ്ങളാണ് ഫാത്തിമയുടെ പ്രധാന പ്രമേയം. ഒരു വ്യക്തിയെക്കുറിച്ചോ ഒരു സാഹചര്യത്തെക്കുറിച്ചോ പൂർണമായ സത്യാവസ്ഥ മനസ്സിലാക്കാതെ തീരുമാനങ്ങളെടുക്കുന്നതും അതിന്റെ പേരിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയോ വേദനിപ്പിക്കുകയോ ചെയ്യുന്നതും പലപ്പോഴും ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാക്കുന്നു. ഈ യാഥാർഥ്യമാണ് പുസ്തകത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. കഥയിലെ പ്രധാന കഥാപാത്രത്തിന്റെ പേരാണ് ഫാത്തിമ. ഇന്നത്തെ കാലത്ത് ചെറിയ തെറ്റിദ്ധാരണകൾ പോലും ബന്ധങ്ങളിൽ വലിയ അകലം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഈ വിഷയം അനീന തിരഞ്ഞെടുത്തത്. തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കാതെ യാഥാർഥ്യം തിരിച്ചറിഞ്ഞ് ബന്ധങ്ങളെ കാത്തുസൂക്ഷിക്കണമെന്ന ആശയമാണ് ഫാത്തിമ പങ്കുവയ്ക്കുന്നത്.
ആദ്യമായി ഒരു പുസ്തകം എഴുതുന്നതിനാൽ എഴുത്ത് മാത്രമല്ല അത് എങ്ങനെ പുസ്തകത്തിന്റെ രൂപത്തിലേക്ക് കൊണ്ടുവരണം എന്നതിലും അനീനയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. എഴുത്തിന്റെ തുടക്കക്കാരിയായതിനാൽ പല കാര്യങ്ങളും പഠിച്ചുകൊണ്ടായിരുന്നു മുന്നോട്ടുള്ള യാത്ര. ഏകദേശം ഒരു മാസത്തോളം സമയമെടുത്താണ് പുസ്തകം പൂർത്തിയാക്കിയത്.
ഒരിക്കൽ മനസ്സിൽ മാത്രം സൂക്ഷിച്ചിരുന്ന സ്വപ്നം ഇന്ന് ഒരു പുസ്തകമായി വായനക്കാരുടെ കൈകളിലെത്തി. തന്റെ എഴുത്തിലൂടെ മരണശേഷവും ഓർമിക്കപ്പെടണമെന്ന ചെറുപ്പത്തിലെ ആഗ്രഹത്തിന് ഫാത്തിമ എന്ന പുസ്തകത്തിലൂടെ അനീന ഒരു തുടക്കം കുറിക്കുകയാണ്. എട്ട് മാസം മുമ്പ് പുറത്തിറങ്ങിയ ഫാത്തിമ ഇതിനകം വായനക്കാരിലേക്ക് എത്തിക്കഴിഞ്ഞു. എന്നാൽ അത് അനീനയുടെ എഴുത്തുയാത്രയിലെ ഒരു അവസാനമല്ല മറിച്ച് പുതിയ രചനകളിലേക്കുള്ള തുടക്കമാണ്. അടുത്ത പുസ്തകത്തിന്റെ എഴുത്തും ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്.




