ആയിഷ നജ എ (BA Multimedia, 1st Semester)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മാനേജ്‌മെന്റ് സ്റ്റഡീസ് ആൻഡ് കൊമേഴ്‌സ് ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരള സ്റ്റേറ്റ് ഹയർ എജ്യുക്കേഷൻ കൗൺസിലുമായി സഹകരിച്ച് ‘സിസ്റ്റമാറ്റിക് ലിറ്ററേച്ചർ റിവ്യൂ ആൻഡ് ബിബ്ലിയോമെട്രിക് അനാലിസിസ്’ വിഷയത്തിൽ ദ്വിദിന പ്രായോഗിക പരിശീലന ശിൽപ്പശാല സംഘടിപ്പിച്ചു. ഒക്ടോബർ 7, 8 തീയതികളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ കോളേജ് ക്യാമ്പസിലായിരുന്നു ശിൽപ്പശാല.
കേരള സർവകലാശാലയിലെ സെന്റർ ഫോർ ഗ്ലോബൽ അക്കാദമിക്‌സിന്റെ ഡയറക്ടറും കൊമേഴ്‌സ് വിഭാഗം പ്രൊഫസറും മേധാവിയുമായ പ്രൊഫ. ഡോ. ബിജു ടെറൻസ് ക്ലാസ് നയിച്ചു.
ബിബ്ലിയോമെട്രിക് അനാലിസിസിന്റെ അടിസ്ഥാനങ്ങൾ, ആർ സ്റ്റുഡിയോ, വോസ്വ്യൂവർ തുടങ്ങിയ ഗവേഷണ ഉപകരണങ്ങളുടെ ഉപയോഗം എന്നിവയിൽ പരിശീലനം നൽകി. സ്കോപ്പസ്, വെബ് ഓഫ് സയൻസ് തുടങ്ങിയ ഗവേഷണ ഡാറ്റാബേസുകളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്ന രീതിയും സിസ്റ്റമാറ്റിക് ലിറ്ററേച്ചർ റിവ്യൂ തയ്യാറാക്കുന്ന രീതിയും പരിചയപ്പെടുത്തി.
തീസിസുകൾക്കും ഗവേഷണ പ്രബന്ധങ്ങൾക്കുമായി സാഹിത്യ അവലോകനം, എസ്.എൽ.ആർ., ബിബ്ലിയോമെട്രിക് ഗവേഷണ പ്രബന്ധം എന്നിവ തയ്യാറാക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും ശിൽപ്പശാലയിൽ നൽകി. വിദ്യാർഥികൾ, ഗവേഷകർ, അധ്യാപകർ എന്നിവർക്ക് ഗവേഷണരംഗത്തെ പ്രായോഗിക പരിജ്ഞാനം വർധിപ്പിക്കാൻ സഹായിക്കുന്ന തരത്തിലായിരുന്നു പരിശീലനം.




