Nouha ayisha Kv (BA Multimedia 5th sem)
വേങ്ങര: ഐതിഹ്യവും മതസൗഹാർദ്ദവും പൈതൃകവും ചേർന്നുനിൽക്കുന്ന അമ്മാഞ്ചേരി ഭഗവതി ക്ഷേത്രം നാടിന്റെ സാംസ്കാരിക ചരിത്രത്തിൽ ശ്രദ്ധേയമായ ഇടമാണ്. മുന്നിയൂർ കളിയാട്ടക്കാവിലെ പ്രതിഷ്ഠയായ ഭഗവതി വേങ്ങരയിലേക്ക് എഴുന്നള്ളിയെത്തിയതോടെയാണ് പ്രദേശത്ത് ദേവീസാന്നിധ്യം ഉണ്ടായതെന്നാണ് പ്രാദേശിക വിശ്വാസം. തുടർന്ന് ദേവിക്കായി കാവ് നിർമ്മിക്കപ്പെട്ടതായും ഐതിഹ്യം പറയുന്നു.
ഇന്നത്തെ വേങ്ങര പണ്ട് ‘മുണ്ടിയൻ തടം’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് താമസിച്ചിരുന്ന ‘മുണ്ട് തയ്യൻ’ എന്ന പ്രമുഖന്റെ പേരുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലനാമം രൂപപ്പെട്ടതെന്നും കാലക്രമത്തിൽ ‘മുണ്ടിയൻ തടം’ ലോപിച്ച് ‘വേങ്ങര’ എന്ന പേര് രൂപപ്പെട്ടതായും പ്രാദേശിക ചരിത്രവിവരങ്ങൾ സൂചിപ്പിക്കുന്നു.
ജാതിവിവേചനവും അയിത്തവും ശക്തമായിരുന്ന കാലഘട്ടത്തിലും അമ്മഞ്ചേരി കാവ് വ്യത്യസ്തമായൊരു സാമൂഹിക മാതൃകയ്ക്ക് വേദിയായെന്നാണ് ചരിത്രപരമായ വിശ്വാസം. ക്ഷേത്രഭരണത്തിലും ആചാരാനുഷ്ഠാനങ്ങളിലും വിവിധ സമുദായങ്ങൾക്ക് പങ്കാളിത്തം നൽകിയിരുന്നു. നായർ, പണിക്കർ, ആശാരി, തട്ടാൻ, കൊല്ലൻ തുടങ്ങിയ സമുദായങ്ങൾക്കൊപ്പം പട്ടികജാതി വിഭാഗങ്ങൾക്കും ക്ഷേത്രകാര്യങ്ങളിൽ പങ്കാളിത്തം ഉറപ്പാക്കിയിരുന്നതായി രേഖകൾ പറയുന്നു.
മതസൗഹാർദ്ദത്തിന്റെ പ്രതീകമെന്ന നിലയിലും അമ്മാഞ്ചേരി കാവ് ഇന്ന് ശ്രദ്ധേയമാണ്. കുംഭമാസത്തിൽ നടക്കുന്ന താലപ്പൊലി മഹോത്സവം വേങ്ങരയുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ്. സ്ത്രീകളും കുട്ടികളും താളമേന്തിയുള്ള താലപ്പൊലി ഘോഷയാത്രയ്ക്കൊപ്പം പരമ്പരാഗത വാദ്യമേളങ്ങളും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കാളവരവും കൊടിവരവും ഉത്സവത്തിന് മാറ്റുകൂട്ടുന്നു. മത-ജാതി വ്യത്യാസങ്ങൾ മറന്ന് പ്രദേശവാസികൾ ഒന്നിച്ച് പങ്കെടുക്കുന്നതാണ് ഉത്സവത്തിന്റെ പ്രധാന പ്രത്യേകത.
മണ്ഡലകാലത്ത് പ്രത്യേക പൂജകളും വഴിപാടുകളും നടക്കുന്നു. മുട്ടറുക്കൽ, ചുറ്റുവിളക്ക്, നിറമാല, പായസ നിവേദ്യം, അർച്ചന, പുഷ്പാഞ്ജലി തുടങ്ങിയവയാണ് പ്രധാന വഴിപാടുകളിൽ ചിലത്. നവീകരണ കലശവും ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളിലൊന്നാണ്.
വേങ്ങരയുടെ വിശ്വാസവും പാരമ്പര്യവും സാമൂഹിക ഐക്യവും ഒരുമിച്ച് പ്രതിഫലിപ്പിക്കുന്ന ഇടമായാണ് അമ്മഞ്ചേരി ഭഗവതി ക്ഷേത്രം ഇന്നും നിലകൊള്ളുന്നത്. തലമുറകളിലൂടെ കൈമാറിയ ഐതിഹ്യങ്ങളും വിവിധ വിഭാഗങ്ങളുടെ കൂട്ടായ്മയും ക്ഷേത്രത്തെ വേങ്ങരയുടെ സാംസ്കാരിക പൈതൃകത്തിന്റെ പ്രധാന ഭാഗമാക്കി മാറ്റിയിരിക്കുകയാണ്.




