News

മമ്പുറം സയ്യിദ് അലവി തങ്ങൾ: ഒരു കാലഘട്ടത്തിന്റെ വെളിച്ചം

Jesla Sherin P.P (BA Multimedia 5th sem)

ആത്മീയ നേതൃത്വത്തിനൊപ്പം സാമൂഹിക ഇടപെടലിലും ബ്രിട്ടീഷ് വിരുദ്ധ നിലപാടിലും ശ്രദ്ധേയമായ സാന്നിധ്യം
മലബാറിന്റെ ആത്മീയ, സാമൂഹിക, രാഷ്ട്രീയ ചരിത്രത്തിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ് മമ്പുറം സയ്യിദ് അലവി തങ്ങൾ. പത്തൊൻപതാം നൂറ്റാണ്ടിലെ മലബാറിൽ മതനേതാവെന്ന നിലയിൽ മാത്രമല്ല, സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട സാമൂഹിക നേതാവായും ബ്രിട്ടീഷ് ഭരണത്തിനെതിരായ നിലപാടുകളിലൂടെയും അദ്ദേഹം ശ്രദ്ധേയനായി.

എ.ഡി. 1752-ൽ യമനിലെ ഹളർമൗത്തിലെ തരീം പട്ടണത്തിലാണ് സയ്യിദ് അലവി തങ്ങൾ ജനിച്ചത്. പിതാവ് സയ്യിദ് മുഹമ്മദ് ബിൻ സഹൽ അൽ ഹുസൈനിയും മാതാവ് ഫാത്തിമയുമായിരുന്നു. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട അദ്ദേഹം മാതൃസഹോദരിയുടെ സംരക്ഷണത്തിലാണ് വളർന്നത്. ബാല്യത്തിൽ തന്നെ ഖുർആൻ പഠിക്കുകയും മതവിദ്യാഭ്യാസം നേടുകയും ചെയ്തു.

ഏകദേശം പതിനേഴാം വയസ്സിൽ മതപ്രബോധന പ്രവർത്തനങ്ങൾക്കായി മലബാറിലെത്തിയ അദ്ദേഹം ആദ്യം കോഴിക്കോട്ടെത്തുകയും പിന്നീട് തിരൂരങ്ങാടിയിലെ മമ്പുറത്ത് താമസമാക്കുകയും ചെയ്തു. പിന്നീട് മമ്പുറം അദ്ദേഹത്തിന്റെ ആത്മീയവും സാമൂഹികവുമായ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായി മാറി.

അക്കാലത്ത് മലബാറിലെ സാധാരണ ജനങ്ങൾ ജന്മിമാരുടെ ചൂഷണം ഉൾപ്പെടെയുള്ള വിവിധ സാമൂഹിക പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഈ സാഹചര്യത്തിൽ മമ്പുറം തങ്ങൾ പലർക്കും ആത്മീയവും സാമൂഹികവുമായ ആശ്രയമായി മാറി. വിവിധ മതവിഭാഗങ്ങളിലുള്ള ആളുകളുമായി അദ്ദേഹത്തിന് സൗഹൃദബന്ധമുണ്ടായിരുനന്നു.

കോന്തുനായർ ഉൾപ്പെടെയുള്ള ഇതര മതസ്ഥരുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. മമ്പുറം പ്രദേശത്തെ ഹിന്ദു-മുസ്ലിം സൗഹൃദത്തിന്റെ ചരിത്രത്തിലും അദ്ദേഹത്തിന്റെ പേര് പരാമർശിക്കപ്പെടുന്നുണ്ട്.

മതപരമായ കാര്യങ്ങളിൽ മാത്രമായി പ്രവർത്തനം ഒതുക്കാതെ സാമൂഹിക ആവശ്യങ്ങളിലും അദ്ദേഹം ഇടപെട്ടു. വിവിധ പ്രദേശങ്ങളിൽ പള്ളികൾ സ്ഥാപിക്കുന്നതിനും മതവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങൾക്ക് പിന്തുണ നൽകുന്നതിനും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

മമ്പുറം സയ്യിദ് അലവി തങ്ങളുടെ ജീവിതത്തിലെ പ്രധാന അധ്യായങ്ങളിലൊന്നാണ് ബ്രിട്ടീഷ് ഭരണത്തിനെതിരായ അദ്ദേഹത്തിന്റെ നിലപാടാണ്. ബ്രിട്ടീഷ് ഭരണവും പ്രാദേശിക അധികാരകേന്ദ്രങ്ങളുമായുള്ള സംഘർഷങ്ങളും മലബാറിലെ ജനജീവിതത്തെ ബാധിച്ചിരുന്ന കാലഘട്ടമായിരുന്നു അത്.

ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രതികരിച്ച മാപ്പിള പോരാളികൾക്ക് അദ്ദേഹത്തിന്റെ പിന്തുണയും പ്രചോദനവും ലഭിച്ചിരുന്നു. 1841-ലെ മുട്ടിച്ചിറ സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹം അറബിയിൽ രചിച്ച ‘സൈഫുൽ ബത്താർ’ എന്ന കൃതി ശ്രദ്ധേയമാണ്. ബ്രിട്ടീഷ് വിരുദ്ധ നിലപാട് ശക്തമായി പ്രകടിപ്പിക്കുന്ന ഈ കൃതി പിന്നീട് മലബാറിലെ പ്രതിരോധചരിത്രത്തിന്റെ ഭാഗമായി.

1843-ലെ ചേറൂർ പോരാട്ടത്തിലും മമ്പുറം തങ്ങളുടെ സ്വാധീനം പ്രധാനമായിരുന്നു. പോരാട്ടവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് പരിക്കേറ്റതായും ആ പരിക്ക് പിന്നീട് ആരോഗ്യനില വഷളാകാൻ കാരണമായതായും ചില ചരിത്രവിവരണങ്ങൾ രേഖപ്പെടുത്തുന്നു.

സയ്യിദ് അലവി തങ്ങൾ 1844-ൽ വഫാത്തായതായി.എന്നാൽ ചില ചരിത്രരേഖകളിൽ 1845 എന്നാണ് മരണവർഷം നൽകിയിട്ടുള്ളത്. മമ്പുറത്താണ് അദ്ദേഹത്തെ ഖബറടക്കിയത്. ഇന്ന് മമ്പുറം മഖാം അദ്ദേഹത്തിന്റെ ആത്മീയ പാരമ്പര്യത്തിന്റെ പ്രധാന സ്മാരകമായി നിലകൊള്ളുന്നു.

അദ്ദേഹത്തിന്റെ മകൻ സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ പിന്നീട് ആത്മീയ നേതൃത്വവും ബ്രിട്ടീഷ് വിരുദ്ധ പാരമ്പര്യവും മുന്നോട്ടുകൊണ്ടുപോയി. പിതാവിന്റെ മരണശേഷം മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഫസൽ തങ്ങൾ സജീവമായി പ്രവർത്തിച്ചു.

മമ്പുറം സയ്യിദ് അലവി തങ്ങളുടെ ജീവിതം ഒരു മതനേതാവിന്റെ ജീവിതത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ബ്രിട്ടീഷ് ഭരണത്തിനെതിരെ നിലപാട് സ്വീകരിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം. ആത്മീയതയും സാമൂഹിക ഇടപെടലും രാഷ്ട്രീയ പ്രതിരോധവും കൂടിച്ചേർന്ന അദ്ദേഹത്തിന്റെ ജീവിതം മലബാറിന്റെ ചരിത്രത്തിലും ജനങ്ങളുടെ ഓർമയിലും ഇന്നും ശ്രദ്ധേയമായ സ്ഥാനമാണ് വഹിക്കുന്നത്.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *