News

വി.സി. ബാലകൃഷ്ണപ്പണിക്കർ സ്മാരക ഗ്രന്ഥാലയം: വായനയുടെ വെളിച്ചം പകരുന്ന ഇടം

Jesla Sherin P.P (BA Multimedia 5th sem)

വേങ്ങരയിലെ ഊരകം കീഴ്‌മുറിയിൽ പ്രവർത്തിക്കുന്ന പ്രധാന വായനാകേന്ദ്രമാണ് വി.സി. ബാലകൃഷ്ണപ്പണിക്കർ സ്മാരക ഗ്രന്ഥാലയം. 1994 ഏപ്രിൽ 4-ന് സ്ഥാപിതമായ ഈ ഗ്രന്ഥാലയം ഇന്ന് നാട്ടുകാരുടെ വായനാശീലവും സാംസ്കാരികബോധവും വളർത്തുന്ന ഇടമായി മാറിയിരിക്കുന്നു.

ആദ്യകാലത്ത് കുന്നത്ത് പ്രദേശത്തായിരുന്നു ഗ്രന്ഥാലയത്തിന്റെ പ്രവർത്തനം. പിന്നീട് കൂടുതൽ സൗകര്യങ്ങളുള്ള ഇടത്തേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. പ്രശസ്ത മഹാകവി വി.സി. ബാലകൃഷ്ണപ്പണിക്കരുടെ സ്മരണാർത്ഥമാണ് ഗ്രന്ഥാലയം അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നത്. ലൈബ്രറി കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ ഗ്രന്ഥാലയം തിരൂരങ്ങാടി താലൂക്കിലെ ലൈബ്രറികളുടെ ശൃംഖലയിലെ ഭാഗമാണ്.

നിലവിൽ വിവിധ വിഭാഗങ്ങളിലായി 15,230 പുസ്തകങ്ങൾ ഗ്രന്ഥാലയത്തിലുണ്ട്. നോവൽ, ബാലസാഹിത്യം, നാടകം, ആത്മകഥ, ജീവചരിത്രം, മനശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി സാഹിത്യം തുടങ്ങിയ വിവിധ മേഖലകളിലെ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന തരത്തിലാണ് പുസ്തകശേഖരം ഒരുക്കിയിരിക്കുന്നത്.

പുസ്തകവായനയിൽ മാത്രം ഒതുങ്ങുന്നതല്ല ഗ്രന്ഥാലയത്തിന്റെ പ്രവർത്തനം. വിവിധ പ്രായവിഭാഗങ്ങളെയും താൽപര്യങ്ങളെയും ഉൾപ്പെടുത്തി വിവിധ പരിപാടികളും ഇവിടെ സംഘടിപ്പിക്കാറുണ്ട്. നാട്ടുകാരുടെ സജീവ പങ്കാളിത്തവും ഇത്തരം പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നു.

അംഗത്വത്തിന്റെ കാര്യത്തിലും ഗ്രന്ഥാലയം ശ്രദ്ധേയമായ നില കൈവരിച്ചിട്ടുണ്ട്. ബാലവേദിയിൽ 219 അംഗങ്ങളും സാധാരണ അംഗത്വത്തിൽ 239 പേരും ജീവകാല അംഗത്വത്തിൽ 108 പേരുമാണ് നിലവിലുള്ളത്. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും മുതിർന്നവരെ വായനയിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനും ഗ്രന്ഥാലയം വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.

വി.സി. ബാലകൃഷ്ണപ്പണിക്കറുടെ സ്മരണ നിലനിർത്തുന്നതിനായി അദ്ദേഹത്തിന്റെ ചരമദിനത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. കൂടാതെ, അദ്ദേഹത്തിന്റെ പേരിൽ വർഷംതോറും അർഹരായ എഴുത്തുകാർക്ക് വി.സി. സാഹിത്യ പുരസ്കാരം നൽകിവരുന്നു.

ഊരകം കീഴ്‌മുറി ജി.എൽ.പി. സ്കൂളിലാണ് പുരസ്കാരച്ചടങ്ങ് സംഘടിപ്പിക്കാറുള്ളത്. വിവിധ വർഷങ്ങളിലായി ബാലൻ പൂതേരി, വി.പി. മൊയ്തീൻകുട്ടി, എം.എം. സജീന്ദ്രൻ, നൂറ, രവണ്ണ പ്രഭു, ബാലൻ വേങ്ങര, സുഹാറ കൂട്ടായി തുടങ്ങിയവർക്ക് വി.സി. പുരസ്കാരം ലഭിച്ചിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി പ്രവർത്തിക്കുന്ന വി.സി. ബാലകൃഷ്ണപ്പണിക്കർ സ്മാരക ഗ്രന്ഥാലയം ഇന്ന് ഒരു പുസ്തകശേഖരം മാത്രമല്ല. വായനയെയും അറിവിനെയും സാംസ്കാരിക ഇടപെടലുകളെയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന നാട്ടിലെ പ്രധാന കൂട്ടായ്മകളിലൊന്നാണ്. പുതിയ തലമുറയിലേക്ക് വായനയുടെ സംസ്കാരം പകരുന്നതിലും ഈ ഗ്രന്ഥാലയം ശ്രദ്ധേയമായ പങ്കാണ് വഹിക്കുന്നത്.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *