News

സംരംഭകയിലേക്കും ഇൻഫ്ലുവൻസറിലേക്കും വളർന്ന അഫ്ന

Nafia Thengilan (5th sem) BA Multimedia

വേങ്ങര: സ്വന്തമായി വരുമാനം കണ്ടെത്തണമെന്ന ആഗ്രഹത്തിൽ നിന്ന് മറ്റുള്ളവർക്ക് കൂടി തൊഴിൽ നൽകുന്ന നിലയിലേക്കുള്ള യാത്രയിലാണ് ഇരുപത്തിയൊന്നുകാരിയായ വേങ്ങര സ്വദേശി കെ. അഫ്ന. ആർട്ടിലൂടെ തുടങ്ങിയ യാത്ര ഇന്ന് ‘മോസോ’ എന്ന ഇവന്റ് ബിസിനസിലേക്കും കണ്ടന്റ് ക്രിയേഷനിലേക്കും വളർന്നിരിക്കുകയാണ്.
ചെറുപ്പം മുതലേ ചിത്രരചനയോട് താൽപര്യമുണ്ടായിരുന്ന അഫ്ന ലോക്ക്ഡൗൺ കാലത്താണ് തന്റെ കഴിവിനെ കൂടുതൽ ഗൗരവത്തോടെ കാണുന്നത്. പിന്നീട് ഫേസ് പോർട്രെയ്റ്റുകൾ ചെയ്യാൻ തുടങ്ങി. അതിലൂടെ വരുമാനം കണ്ടെത്താനും കഴിഞ്ഞു. ആർട്ടിൽ നിന്ന് റെസിൻ ബിസിനസിലേക്കും ക്രാഫ്റ്റിംഗ് മേഖലയിലേക്കും കടന്നു.

പഠനത്തോടൊപ്പം പുതിയ കാര്യങ്ങൾ പഠിക്കണമെന്ന താൽപര്യവും അഫ്നയ്ക്കുണ്ടായിരുന്നു. പ്ലസ് ടു പഠനകാലത്ത് സ്പിരിച്വൽ സൈക്കോളജി ആൻഡ് കൗൺസലിങ് കോഴ്സ് പൂർത്തിയാക്കി. സ്കൂൾ കാലം മുതൽ തന്നെ സംസാരിക്കാനും കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാനും താൽപര്യമുണ്ടായിരുന്ന അഫ്ന പിന്നീട് ജൂനിയർ വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസുകൾ നൽകുകയും മറ്റുള്ളവരുടെ പ്രശ്നങ്ങൾ കേൾക്കുകയും ചെയ്തു. ഈ ആശയവിനിമയ കഴിവ് ആണ് പിന്നീട് അഫ്നയെ കണ്ടന്റ് ക്രിയേഷൻ മേഖലയിലേക്ക് എത്തിച്ചത്.

കോളേജ് പഠനകാലത്ത് കണ്ടന്റ് ക്രിയേഷൻ ആരംഭിച്ചപ്പോൾ കളിയാക്കലുകളും വിമർശനങ്ങളും നേരിടേണ്ടി വന്നു. ഒരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്നുള്ള പെൺകുട്ടി ഡിജിറ്റൽ മേഖലയിലേക്ക് ഇറങ്ങുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളും കുടുംബത്തിന് നേരിടേണ്ടിവന്നു. എന്നാൽ അതൊന്നും അഫ്നയുടെ തീരുമാനത്തെ മാറ്റിയില്ല. കണ്ടന്റ് ക്രിയേഷനിലൂടെ വളർത്തിയ വ്യക്തിഗത ബ്രാൻഡിങ് പിന്നീട് സ്വന്തം ബിസിനസിന്റെ മാർക്കറ്റിങ്ങിനും ഉപയോഗിച്ചു. ആദ്യം ആളുകളുടെ വിശ്വാസം നേടിയെടുക്കുക പിന്നീട് അതിലൂടെ ബിസിനസിനെ പരിചയപ്പെടുത്തുക എന്ന രീതിയിലായിരുന്നു അഫ്നയുടെ സമീപനം.

ഇതിനിടയിലാണ് മോസോ എന്ന ഇവന്റ് ബിസിനസ് തുടക്കമിടുന്നത്. ജൂലൈ 3ന് മോസോ പ്രവർത്തനം ആരംഭിച്ചു. തുടക്കത്തിൽ തന്നെ ചിലരിൽ നിന്ന് പരിഹാസം നേരിടേണ്ടിവന്നു. പന്തൽ പണിയാണോ ചെയ്യുന്നത്? എന്ന തരത്തിലുള്ള കമന്റുകളും കേൾക്കേണ്ടി വന്നു. എന്നാൽ അതൊന്നും ബിസിനസിൽ നിന്ന് പിന്നോട്ടുപോകാൻ കാരണമായില്ല. ഇന്ന് മോസോയുടെ ഭാഗമായി നിരവധി ജീവനക്കാർ പ്രവർത്തിക്കുന്നു. തുടക്കം കുറിച്ച് വെറും രണ്ട് മാസം പിന്നിടുമ്പോഴേക്കും അമ്പത്തിയഞ്ച് ഇവന്റുകൾ ഏറ്റെടുത്ത് പൂർത്തിയാക്കാനും കഴിഞ്ഞു. ആർട്ടിൽ നിന്ന് ക്രാഫ്റ്റിലേക്കും അവിടെ നിന്ന് കണ്ടന്റ് ക്രിയേഷനിലേക്കും പിന്നീട് ഇവന്റ് ബിസിനസിലേക്കുമുള്ള അഫ്നയുടെ ഓരോ ചുവടും സ്വയം പഠിച്ചെടുത്ത അനുഭവങ്ങളുടെ ഭാഗമാണ്.

അഫ്നയുടെ ലക്ഷ്യം സ്വന്തം വരുമാനം മാത്രം നേടുക എന്നതല്ല. എനിക്ക് മാസം ഇത്ര ശമ്പളം കിട്ടണം എന്നതിലുപരി ഞാൻ എത്ര ശമ്പളം മറ്റുള്ളവർക്ക് കൊടുക്കണം എന്നാണ് ചിന്തിക്കേണ്ടത് എന്നതാണ് അവളുടെ കാഴ്ചപ്പാട്. ഒരു ചെറിയ ആർട്ട് ബിസിനസിൽ നിന്ന് ആരംഭിച്ച യാത്ര ഇന്ന് മറ്റുള്ളവർക്ക് കൂടി ജോലി നൽകുന്ന സംരംഭത്തിലേക്ക് എത്തിയിരിക്കുന്നു. അഫ്നയുടെ യാത്ര ഇപ്പോഴും തുടരുകയാണ് സ്വന്തം ബ്രാൻഡിനൊപ്പം സ്വന്തം ഇടവും വളർത്തിക്കൊണ്ട്. മോസോയുടെ യാത്രയ്ക്ക് ഇപ്പോൾ മൂന്ന് മാസം പിന്നിട്ടിരിക്കുന്നു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *