News

ചികിത്സയ്ക്ക് കൈത്താങ്ങായി മെഡ്‌ഓറ; വിദ്യാർഥികളുടെ സ്വപ്നത്തിൽ പിറന്ന റോബോട്ട്

Nafia Thengilan (5th sem) BA Multimedia

ആശുപത്രികളിൽ നഴ്‌സുമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ജോലികൾക്ക് സഹായിയാകാൻ കഴിയുന്ന ഒരു റോബോട്ട്. ആശയം കേൾക്കുമ്പോൾ ഭാവിയിലെ സാങ്കേതിക വിദ്യയെന്ന് തോന്നുമെങ്കിലും അതിന് പിന്നിൽ പ്രവർത്തിച്ചത് പ്ലസ് ടു വിദ്യാർഥികളാണ്. വേങ്ങരയിലെ വിദ്യാർഥികളുടെ സാങ്കേതിക പരീക്ഷണത്തിൽ പിറന്ന മെഡ്‌ഓറ ആരോഗ്യപരിചരണ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റമായി മാറുകയാണ്. മെഡിക്കലി എ. ഐ ഓട്ടോമേറ്റഡ് യൂണിറ്റ് ഫോർ റോബോട്ടിക് അസിസ്റ്റൻസ് എന്നാണ് മെഡ്‌ഓറയുടെ പൂർണ്ണരൂപം.

ആരോഗ്യപരിചരണം എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഡ്‌ഓറയുടെ രൂപകൽപ്പന. പ്രത്യേകിച്ച് ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സേവനം എപ്പോഴും ലഭ്യമാകാത്ത ഗ്രാമപ്രദേശങ്ങളിലും ആദിവാസി മേഖലകളിലും ഈ സംവിധാനം പ്രയോജനപ്പെടുത്താനാകുമെന്നാണ് വിദ്യാർഥികളുടെ പ്രതീക്ഷ.
യഥാർഥ ആരോഗ്യപ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനായി ആശുപത്രി ജീവനക്കാരുമായും ആരോഗ്യ വിദഗ്ധരുമായും നടത്തിയ ചർച്ചകളാണ് പദ്ധതിക്ക് കൂടുതൽ രൂപം നൽകിയത്. രോഗിയുടെ ആരോഗ്യനില നിരീക്ഷിക്കാനും വിവിധ വിവരങ്ങൾ ശേഖരിക്കാനും മെഡ്‌ഓറയ്ക്ക് കഴിയും. രക്തസമ്മർദം, രക്തത്തിലെ ഓക്സിജന്റെ അളവ്, ഹൃദയമിടിപ്പ് തുടങ്ങിയ ആരോഗ്യവിവരങ്ങൾ ശേഖരിച്ച് ഡോക്ടർമാർക്ക് ലഭ്യമാക്കുന്നതിനുള്ള
സംവിധാനവും ഇതിലുണ്ട്. ആവശ്യമായ സാഹചര്യങ്ങളിൽ രോഗിക്ക് ഡോക്ടറുമായി വീഡിയോ കോളിലൂടെ സംസാരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
രോഗിയുടെ മുഖം തിരിച്ചറിഞ്ഞ് കൃത്യസമയത്ത് മരുന്ന് നൽകാനുള്ള സംവിധാനവും റോബോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻസുലിൻ നൽകുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനവും പദ്ധതിയുടെ പ്രത്യേകതയാണ്. രോഗിയുടെ മാനസികാവസ്ഥ മനസ്സിലാക്കി ക്ലിനിക്കൽ തെറപ്പിയും അരോമ തെറപ്പിയും നൽകാൻ മെഡ്‌ഓറയ്ക്ക് കഴിയും.
പാണക്കാട് ദാറുൽ ഉലൂം എച്ച്.എസ്.എസിലെ വിദ്യാർഥികളായ പി. ഹാനി സമാൻ, കെ. മുഹമ്മദ് മഹ്ബിൻ, തേഞ്ഞിപ്പലം സെന്റ് പോൾസ് ഇ. എം. എച്ച്. എസ്. എസിലെ പി.പി. മുഹമ്മദ് ഫാദിൽ എന്നിവരാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച വിദ്യാർഥികൾ. സാങ്കേതികവിദ്യയോടുള്ള താൽപര്യത്തിൽ നിന്ന് തുടങ്ങിയ ശ്രമം പിന്നീട് ദേശീയ അന്തർദേശീയ മത്സരവേദികളിലേക്കും ശ്രദ്ധേയമായ വിജയങ്ങളിലേക്കും വളർന്നു.
മലപ്പുറത്ത് നടന്ന ഒരു എക്സ്പോയിലെ റോബോട്ടിക്സ് പ്രദർശനമാണ് ഇവരുടെ യാത്രയിൽ വഴിത്തിരിവായത്. അവിടെ കണ്ട റോബോട്ടിക്‌സ് പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൂടുതൽ പഠിക്കാനും സ്വന്തമായി ഒരു പദ്ധതി വികസിപ്പിക്കാനും ഇവർ തീരുമാനിച്ചത്. മെന്റർമാരുടെ സഹായത്തോടെ മെഡ്‌ഓറയുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി.

വേൾഡ് റോബോട്ട് ഒളിമ്പ്യാഡിന്റെ വെർച്വൽ ഘട്ടത്തിൽ നിരവധി ടീമുകളോട് മത്സരിച്ച് ശ്രദ്ധേയമായ സ്ഥാനം നേടിയ സംഘം പിന്നീട് ചെന്നൈയിൽ വെച്ചു നടന്ന റീജിയണൽ മത്സരത്തിൽ വിജയിക്കുകയും തുടർന്ന് നടന്ന വേൾഡ് റോബോട്ട് ഒളിമ്പ്യാഡിന്റെ ദേശീയതല മത്സരത്തിൽ സ്വർണ്ണ ബാഡ്ജ് കരസ്ഥമാക്കാനും ഇവർക്കായി.
കേരള സർക്കാരിന്റെ കെ-ഡിസ്‌ക് പദ്ധതിയായ യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിൽ സംസ്ഥാനതല വിജയികളാകാനും സാധിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും തങ്ങളുടെ ആശയം അവതരിപ്പിക്കുകയും ചെയ്തിരുന്നു.
കൂടാതെ റോബോടെക്സ് നാഷണൽ ഫൈനലിസ്റ്റ് പദവിയും ടൈ യങ് എന്റർപ്രണേഴ്സ് ആഗോളതലത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ ഏറ്റവും മികച്ച ബിസിനസ്സ് മോഡലിനുള്ള അവാർഡും സ്വന്തമാക്കി ഈ കൊച്ചു മിടുക്കന്മാർ തങ്ങളുടെ മികവ് തെളിയിച്ചു. കുറഞ്ഞ ചെലവിൽ കൂടുതൽ ആളുകളിലേക്ക് ആരോഗ്യസഹായം എത്തിക്കാനുള്ള ഒരു സാമൂഹിക സംരംഭമാക്കുകയാണ് മെഡ്‌ഓറയിലൂടെ വിദ്യാർഥികളുടെ ലക്ഷ്യം. ഒരു റോബോട്ട് നിർമ്മിച്ചതിനപ്പുറം ആരോഗ്യരംഗത്ത് സാങ്കേതികവിദ്യയ്ക്ക് എന്തെല്ലാം ചെയ്യാനാകുമെന്ന് അന്വേഷിച്ചുകൊണ്ടുള്ള മൂന്ന് വിദ്യാർഥികളുടെ പരീക്ഷണം കൂടിയാണ് മെഡ്‌ഓറ. അവരുടെ ഈ ചെറിയ തുടക്കം ഭാവിയിൽ കൂടുതൽ വലിയ ആരോഗ്യസാങ്കേതിക പരിഹാരങ്ങൾക്ക് വഴിയൊരുക്കുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *