News

വരികളിൽ തുടങ്ങി ഇതൾ കൊഴിഞ്ഞ ലില്ലിയിലെത്തി; ഫസ്ന തയ്യിൽ

Nafia Thengilan (5th sem) BA Multimedia

ചില ഇഷ്ടങ്ങൾ നമ്മളെ വിട്ടുപോകില്ല. കാലം എത്ര അകലേക്ക് കൊണ്ടുപോയാലും അവ വീണ്ടും നമ്മളെ തേടിയെത്തും. ഫസ്ന തയ്യിലിന്റെ എഴുത്തുയാത്രയും അത്തരത്തിലൊന്നാണ്.

വേങ്ങരയിലെ കരിമ്പിലി പ്രദേശത്തെ ഒരു പെൺകുട്ടിയുടെ മനസ്സിൽ വരികൾ ആദ്യമായി ഇടം പിടിച്ചത് ഒരു മലയാളം ക്ലാസ് മുറിയിലായിരുന്നു. അന്ന് അവൾ മലയാളം പഠിക്കാൻ തുടങ്ങിയിട്ട് അധികം കാലമായിരുന്നില്ല. പത്താം ക്ലാസ്സുവരെ പ്രധാന വിഷയം അറബിയായിരുന്നു. പ്ലസ് വണ്ണിന്റെ തുടക്കത്തിലും അതുതന്നെ. എന്നാൽ ഒരു ദിവസം അവൾ മലയാളത്തിലേക്ക് മാറാൻ തീരുമാനിച്ചു.
തീരുമാനം അത്ര എളുപ്പമായിരുന്നില്ല. ചുറ്റുമുള്ളവരിൽ പലർക്കും അതിനോട് യോജിപ്പുണ്ടായിരുന്നില്ല. മലയാളം അധ്യാപിക പോലും അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
പക്ഷേ ഫസ്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോയില്ല.
അങ്ങനെ മലയാളം ക്ലാസ്സിൽ ആദ്യമായി ഇരുന്ന ദിവസങ്ങളിൽ ഒന്നിൽ പഠിച്ച പാഠഭാഗത്തെക്കുറിച്ച് എന്തെങ്കിലും എഴുതാൻ അധ്യാപിക എല്ലാവരോടും ആവശ്യപ്പെട്ടു. ഫസ്നയും എഴുതി അവളുടെ കവിത അധ്യാപിക വായിച്ചു.
പിന്നെ ക്ലാസ്സിലെ മറ്റുള്ളവരോട് അധ്യാപിക ചോദിച്ചു ഇതുപോലെ എഴുതാൻ നിങ്ങൾക്കാർക്കെങ്കിലും കഴിഞ്ഞോ?
ആ ചോദ്യം ഫസ്നയുടെ ഉള്ളിൽ എവിടെയോ തട്ടി.
ഒരുപക്ഷേ അവിടെ നിന്നായിരുന്നു എഴുത്തിലേക്കുള്ള ആദ്യ ചുവട്.

പ്ലസ് വണ്ണും പ്ലസ് ടുവും പിന്നിടുമ്പോൾ വരികളോടുള്ള അടുപ്പം കൂടുതൽ വളർന്നു. പുസ്തകങ്ങൾ കൂട്ടുകാരായി. കുറ്റാളൂർ വി.സി. സ്മാരകം വായനശാല അവളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായി. വായിച്ച പുസ്തകങ്ങളുടെ എണ്ണം കൂടുന്നതിനൊപ്പം അവളുടെ ചിന്തകളുടെ ലോകവും വലുതായി.
പക്ഷേ കാലം അവളെ മറ്റൊരു വഴിയിലേക്ക് കൊണ്ടുപോയി.
വിവാഹത്തോടെ പതിയെ വായനയും എഴുത്തുമെല്ലാം ജീവിതത്തിൽ നിന്ന് അകന്നു. ഒരിക്കൽ തന്റെ ലോകത്തിന്റെ ഭാഗമായിരുന്ന പലതും ഓർമ്മകളായി. ജീവിതത്തിന് പുതിയ ഉത്തരവാദിത്തങ്ങളും തിരക്കുകളും വന്നു.
എങ്കിലും ചില ഇഷ്ടങ്ങൾ അങ്ങനെയല്ല അവ നമ്മളെ വിട്ടുപോകില്ല.
ഒൻപത് വർഷങ്ങൾക്ക് ശേഷം ഫസ്നയുടെ ഉള്ളിലെ എഴുത്തുകാരി വീണ്ടും ഉണർന്നു. മനസ്സിൽ വീർപ്പുമുട്ടിക്കിടന്നിരുന്ന വരികൾക്ക് അവൾ ഇൻസ്റ്റഗ്രാമിലൂടെ ജന്മം നൽകി. ചെറിയ കുറിപ്പുകൾ, കവിതകൾ, ചെറുകഥകൾ ഓരോന്നായി അവ പുറത്തേക്ക് ഒഴുകി.
ആ എഴുത്തുകൾക്ക് ലഭിച്ച പ്രോത്സാഹനവും സ്നേഹവും അവൾക്ക് വീണ്ടും എഴുതാനുള്ള ധൈര്യം നൽകി. ചിലരുടെ ചെറിയ വാക്കുകൾ പോലും വലിയ പ്രചോദനമായി മാറി.
അങ്ങനെ വർഷങ്ങൾക്കിപ്പുറം അവളുടെ എഴുത്ത് ഒരു പുസ്തകത്തിന്റെ രൂപം സ്വീകരിച്ചു. “ഇതൾ കൊഴിഞ്ഞ ലില്ലി” ഇത് ഫസ്നയുടെ ആദ്യ നോവൽ ആണ്. ഒരു കാലത്ത് മലയാളത്തിലേക്ക് മാറിയപ്പോൾ താൻ എടുത്ത തീരുമാനം ശരിയാകുമോ എന്ന സംശയങ്ങൾ ഉണ്ടായിരുന്നെങ്കിൽ വർഷങ്ങൾക്കിപ്പുറം അതേ ഭാഷയിൽ സ്വന്തം നോവൽ എഴുതിനിൽക്കുകയാണ് ഫസ്ന. എറണാകുളത്തെ വി. ഡി. സതീശന്റെ ഗസ്റ്റ് ഹൗസിലേക്ക് പുസ്തകം കൈമാറിയതും ഈ യാത്രയിലെ മറ്റൊരു ഓർമ്മയായി. മാമൻ മുഖേനയാണ് പുസ്തകം അവിടേക്ക് കൈമാറിയത്.

എഴുത്തിനൊപ്പം ഫാഷൻ ഡിസൈൻ അധ്യാപികയായിട്ടാണ് ഫസ്ന തന്റെ പ്രൊഫഷണൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. അധ്യാപനത്തിന്റെയും മറ്റ് തിരക്കുകളുടെ ഇടയിലും അവളെ വീണ്ടും അവളിലേക്ക് തന്നെ കൊണ്ടുവരുന്ന ഒന്നാണ് എഴുത്ത്. ഫസ്നയ്ക്ക് എഴുത്ത് വെറുമൊരു ഹോബിയല്ല. മനസ്സിൽ നിറയുന്ന കാര്യങ്ങൾ വരികളാക്കി പുറത്തേക്ക് വിടുമ്പോൾ ലഭിക്കുന്ന ഒരു ആശ്വാസവും സമാധാനവുമാണ്.
ഒരുപക്ഷേ വർഷങ്ങൾക്കു മുമ്പ് നഷ്ടപ്പെട്ടുപോയ സ്വന്തം ലോകത്തെ വീണ്ടും കണ്ടെത്താനുള്ള ഒരു വഴി.
“ഇതൾ കൊഴിഞ്ഞ ലില്ലി” യിൽ അവസാനിച്ചിട്ടില്ല ഫസ്നയുടെ എഴുത്തുയാത്ര.
ഇപ്പോൾ അവൾ രണ്ടാമത്തെ നോവലിന്റെ പണിപ്പുരയിലാണ്.
ഒരിക്കൽ ഒരു മലയാളം ക്ലാസ്സിൽ അധ്യാപിക ചോദിച്ച ഇതുപോലെ എഴുതാൻ നിങ്ങൾക്കാർക്കെങ്കിലും കഴിഞ്ഞോ? എന്ന ചോദ്യം മുതൽ തുടങ്ങിയ യാത്ര ഇന്ന് സ്വന്തം പേരിലുള്ള ഒരു നോവലിലെത്തി നിൽക്കുന്നു. ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ആ വരികൾക്ക് ഇനി പറയാനുള്ള കഥകൾ ഇനിയും ബാക്കിയാണ്. പ്ലസ് വണ്ണിൽ തുടങ്ങിയ വരികൾ മുപ്പതാം വയസ്സിൽ ഒരു നോവലായി മാറി.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *