Nafia Thengilan (BA Multimedia 4th sem)
വേങ്ങര: സ്പീഡ് സ്കേറ്റിംഗിന്റെ ട്രാക്കിൽ അതിവേഗത്തിൽ മുന്നേറുന്ന പി മുഹമ്മദ് ലഹൻ ഇന്ന് കേരളത്തിലെ കായിക ലോകത്ത് ശ്രദ്ധേയമായ ഒരു പേരായി മാറിയിരിക്കുകയാണ്. ആർ.എസ്.എഫ്.ഐ ഓൾ ഇന്ത്യ റാങ്കിംഗിൽ നാലാം സ്ഥാനം സ്വന്തമാക്കിയ ഈ യുവതാരത്തിന്റെ മുഖത്ത് കാണുന്ന ആത്മ വിശ്വാസത്തിനു പിന്നിൽ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും നീണ്ട കഥയുണ്ട്.
മലപ്പുറം ജില്ലയിലെ വേങ്ങര വെട്ടുതോട് സ്വദേശിയായ ലഹൻ ചെറുപ്പം മുതലേ കായികരംഗത്തോട് വലിയ താൽപര്യം പുലർത്തിയിരുന്നു. എന്നാൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലെ കായികാധ്യാപകനോട് തന്റെ സ്കേറ്റിംഗ് സ്വപ്നം പങ്കുവെച്ചത് ജീവിതത്തിലെ നിർണായക വഴിത്തിരിവായി. അതിന് ശേഷം ആരംഭിച്ച പരിശീലനം പിന്നീട് ജീവിതത്തിന്റെ ഘടകമായി മാറി.“ഈ സ്പോർട്സിന് വലിയ ചിലവുണ്ട്. ചില സമയങ്ങളിൽ മുന്നോട്ട് പോകാൻ വളരെ പ്രയാസമായിരുന്നു. പക്ഷേ ലഹന്റെ കുടുംബവും കോച്ചായ മുഹമ്മദ് റാഷിദും ലഹന് ശക്തിയായി നിന്നു” എന്ന് ലഹൻ പറയുന്നു.
ദിവസങ്ങളോളം നീളുന്ന കഠിനമായ പരിശീലനമാണ് ലഹന്റെ ദിനചര്യ. പഠനത്തോടൊപ്പം തന്നെ സ്കേറ്റിംഗിനും ഒരുപോലെ പ്രാധാന്യം നൽകിയും പാലക്കാട്, കോഴിക്കോട്, എറണാകുളം, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ പരിശീലനം നടത്തിയും തന്റെ കഴിവുകൾ മെച്ചപ്പെടുത്താൻ ലഹൻ പരിശ്രമിച്ചു. ഓരോ ദിവസവും തന്റെ പരിധികളെ മറികടക്കാനുള്ള ശ്രമമാണ് ഇന്നത്തെ വിജയത്തിലേക്ക് എത്തിച്ചത്.
സ്കൂൾ ഗെയിംസിലും ആർ.എസ്.എഫ്.ഐ സ്റ്റേറ്റ് ചാമ്പ്യനായും യൂണിവേഴ്സിറ്റി ഗെയിംസിൽ മെഡൽ നേടി കഴിവ് തെളിയിച്ച ലഹന് ദേശീയ തലത്തിൽ നാലാം റാങ്ക് നേടിയത് വലിയ നേട്ടമായി. എന്നാൽ ഈ വിജയങ്ങൾക്കപ്പുറം സാമ്പത്തിക വെല്ലുവിളികളും യാത്ര ബുദ്ധിമുട്ടുകളും പലപ്പോഴും പരീക്ഷിച്ചു.
വേഗതയുടെ നിശബ്ദതയോട് അടുപ്പമുള്ള ലഹൻ കേവലം മെഡലുകൾ നേടുക എന്നതിലുപരി തന്നെ പോലുള്ള യുവാക്കൾക്ക് പ്രചോദനമാകുക എന്നതാണ് ലഹന്റെ ലക്ഷ്യം. രാജ്യത്തിനായി കൂടുതൽ നേട്ടങ്ങൾ കൈവരിക്കണമെന്ന വലിയ സ്വപ്നത്തോടെയാണ് ലഹൻ മുന്നേറുന്നത്. പ്രതിസന്ധികളെ അതിജീവിച്ച് സ്വപ്നങ്ങളെ പിന്തുടരുന്ന ഈ യുവതാരത്തിന്റെ യാത്ര കഠിനാധ്വാനം ഉണ്ടെങ്കിൽ ലക്ഷ്യങ്ങൾ അകലെയല്ലെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.




