Nouha ayisha Kv (4th sum Ba Multimedia)
മലപ്പുറം ജില്ലയിലെ മൂന്നിയൂർ പഞ്ചായത്തിലെ കളിയാട്ടമുക്ക് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പുരാതന കാവ് വിശ്വാസികളിൽ ആത്മീയ ആവേശം നിറച്ച് വാർഷിക കളിയാട്ട മഹോത്സവത്തിനായി ഒരുങ്ങുകയാണ്.
ഏകദേശം ആയിരം വർഷം പഴക്കമുള്ളതായി വിശ്വസിക്കപ്പെടുന്ന ഈ കാവ്, നാട്ടുകാരുടെ ആചാരപരവും സാംസ്കാരികവുമായ ജീവിതത്തിന്റെ പ്രധാന ഭാഗമാണ്.
തലപ്പാറയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മുട്ടിച്ചിറ ശുഹദാ വഴി ചെറിയ ഒരു കേറ്റം കയറിപ്പോയാൽ എത്തിച്ചേരാവുന്ന ഈ കാവ്, പ്രദേശത്തെ വിശ്വാസികളുടെ ആത്മീയ കേന്ദ്രമായി നിലകൊള്ളുന്നു. ഭദ്രകാളി സങ്കൽപ്പത്തിൽ ആരാധിക്കപ്പെടുന്ന ദേവിയെ “അമ്മഞ്ചേരി ഭഗവതി” എന്ന പേരിലാണ് ഇവിടെ വിശേഷിപ്പിക്കുന്നത്.
ഈ കാവിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് വിളിവള്ളി തറവാട്ടുകാരുടെ ഉബഹസനപരമായ ചടങ്ങുകളിലൂടെ ദേവിയെ ഇവിടെ കുടിയിരുത്തിയെന്നാണ് നാട്ടുവിശ്വാസം. രോഗനിവാരണത്തിനും, ശത്രുനാശത്തിനും, സാധുജനങ്ങളുടെ സംരക്ഷണത്തിനുമായി ദേവി ഇടപെടുന്നുവെന്നതാണ് വിശ്വാസികളുടെ ആത്മവിശ്വാസം.
ഇടവ മാസത്തിലെ ആദ്യ തിങ്കളാഴ്ച്ചയാണ് കളിയാട്ട മഹോത്സവത്തിന് തുടക്കം കുറിക്കുന്നത്. “കാപ്പൊലിക്കൽ” എന്ന് അറിയപ്പെടുന്ന അവസാന ആഘോഷത്തോടെയാണ് പ്രധാന ചടങ്ങുകൾ സമാപിക്കുന്നത്. തുടർന്ന് എല്ലാ ദിവസവും രാത്രി കളിയാട്ടം നടക്കും. കുരുത്തോല, തെങ്ങിൻ്റെ ഇല, നാർ, വെള്ള, കറുപ്പ്, ചുവപ്പ് നിറങ്ങളിലുള്ള തുണികൾ എന്നിവ ഉപയോഗിച്ച് കുതിര കെട്ടി ദേവിക്ക് സമർപ്പിക്കുന്നതാണ് പ്രധാന ആചാരം.
പെരുമലയൻ സമുദായത്തിൽപ്പെട്ടവർ ഈ ചടങ്ങുകളുടെ പ്രധാന നിർവാഹകരാണ്. ഇവർ ദേവിക്ക് ദിവസവും കണ്ണി നിൽക്കുകയും പ്രത്യേക രീതിയിൽ വാദ്യോപകരണങ്ങളോടുകൂടി കുതിര കാണിക്കയും ചെയ്യുന്നു. സാധാരണയായി ചെറിയ പരമ്പരാഗത ചെണ്ടയാണ് ഈ ചടങ്ങുകളിൽ ഉപയോഗിക്കുന്നത്.
മതഭേദമന്യേ എല്ലാവരും ഈ കാവിന്റെ വിശ്വാസങ്ങളിലും ആചാരങ്ങളിലും പങ്കാളികളാകുന്നു എന്നതാണ് ശ്രദ്ധേയമായ പ്രത്യേകത. സ്ത്രീകൾക്കും ഈ ആചാരങ്ങളിൽ പ്രധാന പങ്കുണ്ട്. ശുദ്ധിയോടെ നോമ്പെടുത്ത സ്ത്രീകളാണ് പൂജകൾ നിർവഹിക്കുന്നത്.
മഹോത്സവത്തിലെ പ്രധാന ആകർഷണം 12 ദിവസത്തെ “കോഴി കളിയാട്ടം” ആണ്. പകൽ കളിയാട്ടവും ഇതോടൊപ്പം നടക്കുന്നു. ഓരോ സമുദായത്തിനും പ്രത്യേക ഉത്തരവാദിത്തങ്ങൾ നൽകപ്പെട്ടിട്ടുള്ളതിനാൽ, ആചാരങ്ങളുടെ സമഗ്രതയും വിശ്വാസത്തിന്റെ ചൈതന്യവും ഉറപ്പുവരുത്തുന്നു.
വൈകുന്നേരങ്ങളിൽ തെക്കൻ ഭാഗങ്ങളിൽ തിരുമുടി കെട്ടി വെളിച്ചപ്പാട് തൂങ്ങുന്നത് വേനൽ പെരുമണ്ണ സമുദായക്കാർ നിർവഹിക്കുന്ന പ്രധാന ചടങ്ങാണ്. അതുപോലെ തള്ളപ്പൊള്ളി എടുക്കൽ, നാമം ചൊല്ലൽ തുടങ്ങിയവ മറ്റു സമുദായങ്ങൾ ഏറ്റെടുത്ത് നടത്തുന്നു. മമ്പുറം മഖാമിൽ സാധർച്ച് നടത്തി യാത്ര ആരംഭിക്കുന്നതും ഈ ആഘോഷത്തിന്റെ ഭാഗമായി കാണപ്പെടുന്നു.
രാത്രികളിൽ നടക്കുന്ന കളിയാട്ടം ദൃശ്യഭംഗിയാൽ ശ്രദ്ധേയമാണ്. അനേകം വിശ്വാസികളും സന്ദർശകരും ഒത്തുചേരുന്ന ഈ വേളയിൽ, പ്രദേശം ഉത്സവാന്തരീക്ഷത്തിലേക്ക് മാറുകയും നിരവധി കച്ചവടക്കാരും എത്തിയതോടെ ഒരു പ്രത്യേക ഉത്സവ ഭംഗി അനുഭവപ്പെടുകയും ചെയ്യുന്നു.




