നിഹാല.ഒ (4th Sem BA Multimedia)
പെരുവള്ളൂർ: കേരള സ്റ്റേറ്റ് ജൂനിയർ ഗേൾസ് ബോക്സിങ് ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ നേട്ടവുമായി നിൽക്കുന്ന ഹുദ ഫാത്തിമയുടെ മുഖത്ത് ഒരു ചെറുപുഞ്ചിരിയുണ്ട്. എന്നാൽ ആ പുഞ്ചിരിക്കു പിന്നിൽ കഠിനാധ്വാനത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെയും കഥയുണ്ട്. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ ജി.എച്ച്.എസ്.എസ്സിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഈ 15-കാരി, ഇന്ന് കേരളത്തിലെ കായിക പ്രേമികൾക്കിടയിൽ ശ്രദ്ധേയമായ ഒരു പേരായി മാറിക്കഴിഞ്ഞു.
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഹുദ ആദ്യമായി ബോക്സിങ് ഗ്ലൗസുകൾ അണിയുന്നത്. കായികരംഗത്ത് ചെറുപ്പം മുതലേ താല്പര്യമുണ്ടായിരുന്നെങ്കിലും ബോക്സിങ് പോലെ ശാരീരികക്ഷമതയും മനക്കരുത്തും ഏറെ വേണ്ടുന്ന ഒരു കായികവിഭാഗം ഒരു പെൺകുട്ടി തിരഞ്ഞെടുക്കുമ്പോൾ പലർക്കും അത്ഭുതമായിരുന്നു. എന്നാൽ കുടുംബവും സുഹൃത്തുക്കളും നൽകിയ വലിയ പിന്തുണയാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് ഹുദ പറയുന്നു.
> “എന്നെ ശാരീരികമായും മാനസികമായും കൂട്ടിപ്പിടിച്ചത് എന്റെ ഉമ്മയാണ്. പെൺകുട്ടികൾ പൊതുവെ കടന്നുവരാൻ മടിക്കുന്ന ഈ മേഖലയിൽ എനിക്ക് ധൈര്യം നൽകിയതും ഉമ്മയുടെ വാക്കുകളായിരുന്നു. ആ സപ്പോർട്ട് കാരണമാണ് എനിക്ക് വലിയ ഉയരങ്ങളിൽ എത്താൻ സാധിച്ചത്,” ഹുദ തന്റെ വിജയരഹസ്യം വെളിപ്പെടുത്തുന്നു.
ദിവസവും പുലർച്ചെ 4 മണിക്ക് തുടങ്ങുന്നതാണ് ഹുദയുടെ ജീവിതം. സ്കൂളിൽ പോകുന്നതിന് മുൻപ് രാവിലെ 5:30 മുതൽ 7:30 വരെ നീളുന്ന കഠിനമായ പരിശീലനം. വൈകുന്നേരം സ്കൂൾ വിട്ടാലുടൻ വീണ്ടും പരിശീലന കളരിയിലേക്ക്. കോച്ച് വിഷ്ണു സാറിന്റെ കീഴിലുള്ള ശിക്ഷണവും ക്ലബ്ബിലെ കുട്ടേട്ടനും കുടുംബവും നൽകുന്ന പ്രോത്സാഹനവുമാണ് ഹുദയെ ഓരോ ദിവസവും റിങ്ങിലേക്ക് ഊർജ്ജസ്വലതയോടെ എത്തിക്കുന്നത്.
യാത്രകളിലും മത്സരവേദികളിലും ഹുദ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭക്ഷണമാണ്. ദൂരസ്ഥലങ്ങളിൽ മത്സരത്തിനായി പോകുമ്പോൾ ഭക്ഷണത്തിൽ നിന്നുള്ള ഇൻഫെക്ഷനുകൾ പലപ്പോഴും ആരോഗ്യത്തെ ബാധിക്കാറുണ്ട്. എങ്കിലും റിങ്ങിനുള്ളിലെ ആ നിശബ്ദതയെ ഹുദ പ്രണയിക്കുന്നു. “ബോക്സിങ് റിങ്ങിൽ കയറിക്കഴിഞ്ഞാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാനോ കേൾക്കാനോ കഴിയില്ല. അതൊരു വല്ലാത്ത അനുഭവമാണ്,” എന്ന് ഹുദ ചിരിയോടെ കൂട്ടിച്ചേർക്കുന്നു.
ബോക്സിംഗിന് പുറമെ ആം റെസ്‌ലിംഗിലും ഹുദ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നാഷണൽ ലെവലിൽ ആം റെസ്‌ലിംഗിൽ രണ്ടാം സ്ഥാനം നേടിയത് ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമായാണ് ഹുദ കാണുന്നത്. വെള്ളി മെഡൽ കിട്ടിയപ്പോൾ ആദ്യം ഉമ്മയെ വിളിച്ച് സന്തോഷം പങ്കിട്ട ഹുദയ്ക്ക് ഇനി വെയിറ്റ് ലിഫ്റ്റിംഗിലും ഒരു കൈ നോക്കണമെന്ന ആഗ്രഹമുണ്ട്.
കേവലം മെഡലുകൾ നേടുക എന്നതിലുപരി, ഇന്നത്തെ തലമുറയിലെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധിക്കാനുള്ള കരുത്ത് ഇത്തരം കായിക ഇനങ്ങളിലൂടെ ലഭിക്കുമെന്ന് ഹുദ വിശ്വസിക്കുന്നു. ഒളിമ്പിക്സ് എന്ന വലിയ സ്വപ്നത്തിലേക്ക് കണ്ണുനട്ടിരിക്കുന്ന ഹുദ ഫാത്തിമയുടെ ഈ കുതിപ്പ്, പ്രതിസന്ധികൾക്ക് മുന്നിൽ തളർന്നുപോകുന്ന ഏതൊരു വ്യക്തിക്കും ഒരു വലിയ പ്രചോദനമാണ്.




