റിദ എം പി (4 sem, BA Multimedia)
ഒരുകാലത്ത് കേരളത്തിലെ തിയേറ്ററുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന മലയാള സിനിമ ഇന്ന് ലോകസിനിമയുടെ ഭൂപടത്തിൽ തന്റേതായ ഇടം ഉറപ്പിച്ചു കഴിഞ്ഞു. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച്, സബ്ടൈറ്റിലുകളുടെ സഹായത്തോടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ മലയാള ചിത്രങ്ങളെ നെഞ്ചിലേറ്റുകയാണ്. എന്താണ് മലയാള സിനിമയെ ഇത്രമേൽ പ്രിയപ്പെട്ടതാക്കുന്നത്?
മറ്റു ഇൻഡസ്ട്രികൾ വലിയ ബഡ്ജറ്റിലും ഗ്ലാമറിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, മലയാള സിനിമ എന്നും വിശ്വസിക്കുന്നത് കഥകളുടെ കരുത്തിലാണ്. സാധാരണക്കാരന്റെ ജീവിതവും അവർ നേരിടുന്ന പ്രതിസന്ധികളും തികച്ചും സ്വാഭാവികമായ രീതിയിൽ അവതരിപ്പിക്കാൻ നമ്മുടെ സംവിധായകർക്ക് കഴിയുന്നു.
സിനിമ എന്നത് വെറും വിനോദമല്ല, അത് ജീവിതത്തിന്റെ പ്രതിഫലനമാണ്” എന്ന ലളിതമായ സത്യമാണ് മലയാള സിനിമയെ വേറിട്ട് നിർത്തുന്നത്.
മലയാള സിനിമയുടെ ആഗോള വളർച്ചയിൽ ഒട്ടിട്ടി പ്ലാറ്റ്ഫോമുകൾ വലിയ പങ്കുവഹിച്ചു. കോവിഡ് ലോക്ക്ഡൗൺ കാലത്ത് ‘ദൃശ്യം 2’, ‘ജോജി’, ‘മിന്നൽ മുരളി’ തുടങ്ങിയ ചിത്രങ്ങൾ നെറ്റ്ഫ്ലിക്സിലും ആമസോൺ പ്രൈമിലും തരംഗമായതോടെ അന്യഭാഷാ പ്രേമികൾ മലയാള സിനിമയുടെ ക്വാളിറ്റി തിരിച്ചറിഞ്ഞു. ഇന്ന് ഒരു മലയാള ചിത്രം റിലീസ് ചെയ്യുമ്പോൾ അത് ചെന്നൈയിലോ ബാംഗ്ലൂരിലോ മാത്രമല്ല, വിദേശ രാജ്യങ്ങളിലും വലിയ ചർച്ചയാകുന്നു.
കുറഞ്ഞ ബഡ്ജറ്റിൽ മികച്ച ഔട്ട്പുട്ട് നൽകുന്ന കാര്യത്തിൽ മലയാള സിനിമ മുൻപന്തിയിലാണ്.
സൂപ്പർതാരങ്ങൾ മുതൽ പുതുമുഖങ്ങൾ വരെ കഥാപാത്രമായി ജീവിക്കുന്ന കാഴ്ചയാണ് മലയാളത്തിൽ കാണുന്നത്. കഥാപാത്രത്തിന് വേണ്ടി ശാരീരികമായും മാനസികമായും തയ്യാറെടുക്കുന്ന അഭിനേതാക്കൾ മലയാള സിനിമയുടെ വലിയ മുതൽക്കൂട്ടാണ്.
ഇന്ന് മലയാള സിനിമകൾക്ക് ആഗോള മാർക്കറ്റ് ലക്ഷ്യമിട്ടുള്ള പ്രൊമോഷനുകൾ ലഭിക്കുന്നുണ്ട്. കേരളത്തിന് പുറത്തുള്ള തിയേറ്ററുകളിൽ മലയാള സിനിമകൾക്ക് ലഭിക്കുന്ന റെക്കോർഡ് കളക്ഷൻ ഇതിന് തെളിവാണ്.
പരിമിതമായ സൗകര്യങ്ങളിൽ നിന്ന് ആരംഭിച്ച് ഇന്ന് ആഗോള നിലവാരത്തിലേക്ക് ഉയർന്നു നിൽക്കുന്ന മലയാള സിനിമയുടെ വളർച്ച വിസ്മയിപ്പിക്കുന്നതാണ്. പണമല്ല, മറിച്ച് ക്രിയേറ്റിവിറ്റിയാണ് സിനിമയുടെ ജീവൻ എന്ന് മലയാള സിനിമ ലോകത്തിന് കാണിച്ചുകൊടുക്കുന്നു. വെള്ളിത്തിരയിലെ ഈ വിപ്ലവം വരും കാലങ്ങളിലും കൂടുതൽ ഉയരങ്ങൾ കീഴടക്കുമെന്ന് ഉറപ്പാണ്.




