ഹർഷിദ കെ. ടി (2nd sem BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ 11 മത് വിദ്യാർത്ഥി യൂണിയന്റെ നെയിം റിവീലിംഗ്, സ്പോർട്സ് , ആർട്സ് ഫെസ്റ്റ് തുടങ്ങിയവയുടെ പേരുകളുടെ പ്രഖ്യാപനം, വിവിധ വകുപ്പുകളുടെ ജേഴ്സി ലോഞ്ചിംഗ് എന്നിവ ഉൾക്കൊള്ളിച്ച പ്രത്യേക പരിപാടി ഭംഗിയായി നടന്നു. യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ ചടങ്ങ് പ്രിൻസിപ്പൽ ഡോ.സി.സൈദലവി ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ മുഖ്യ അതിഥിയായി എത്തിയ ഉമർ വ്യത്യസ്ത രീതിയിൽ ഫുട്ബോൾ ഉപയോഗിച്ച് അസാധാരണമായ കഴിവുകൾ കാഴ്ചവച്ചു. പുതുമുഖ ഫ്രീസ്റ്റൈൽ ഫുട്ബോളർ ആണ്. തന്റെ പ്രത്യേക ഫ്രീസ്റ്റൈൽ പ്രകടനങ്ങളിലൂടെ അദ്ദേഹം വിദ്യാർത്ഥികളെ അത്ഭുതപ്പെടുത്തി. മികവും ആത്മവിശ്വാസവും ഒരുമിച്ചു കലർന്ന അദ്ദേഹത്തിന്റെ പ്രകടനം ചടങ്ങിന്റെ പ്രധാന ആകർഷണമായി. വിദ്യാർത്ഥി യൂണിയൻ്റെ ഔദ്യോഗിക നാമമായ ഇബ്ദ ഈ വേദിയിൽ പ്രഖ്യാപിച്ചു. അതോടൊപ്പം ഈ വർഷത്തെ സ്പോർട്സ് മീറ്റ് “ഉജ്ജ്വലം”, ആർട്സ് ഫെസ്റ്റ് “പൊലിക” എന്നീ പേരുകളും പ്രകാശനം ചെയ്തു. വിദ്യാർത്ഥികളുടെ സൃഷ്ടിപരതയും ക്യാമ്പസിന്റെ ഐക്യവും പ്രതിഫലിപ്പിക്കുന്ന പേരുകളായിരുന്നു ഇവ.
വിവിധ വകുപ്പുകളുടെ പുതിയ ജേഴ്സികളുടെ അവതരണം ചടങ്ങിനെ കൂടുതൽ വർണാഭമാക്കി. ഓരോ വിഭാഗവും തങ്ങളുടെ പ്രത്യേകത പ്രതിഫലിപ്പിക്കുന്ന ജേഴ്സികൾ അവതരിപ്പിച്ചതോടെ വേദിയിൽ ഊർജ്ജവും ആവേശവും നിറഞ്ഞു. മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ഒരുമിച്ച് പങ്കാളികളായി.




