ഫാത്തിമ ഹിബ .പി (1st Sem BA Multimedia)
വേങ്ങര: മാലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (എസ്.ഇ.ബി.ഐ) യുമായി സഹകരിച്ച് “മണി മെന്റർ ഫിനാൻഷ്യൽ ലിറ്ററസി അവർനെസ് പ്രോഗ്രാം” എന്ന പേരിൽ സാമ്പത്തിക സാക്ഷരതാ അവബോധ ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു.
2025 ഒക്ടോബർ 6 ന് രാവിലെ 10 മണി മുതൽ 11 മണി വരെ സൂം പ്ലാറ്റ്‌ഫോം വഴി നടന്ന ഈ ഓൺലൈൻ പരിപാടി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മികച്ച വിജ്ഞാന വേദിയായി മാറി. യുവതലമുറയിൽ സാമ്പത്തിക ബോധവൽക്കരണം ശക്തിപ്പെടുത്തുകയും പണം നിക്ഷേപിക്കുന്നതിലും ചെലവയിക്കുന്നതിലും ബുദ്ധിപരമായ സമീപനം വളർത്തുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി നൗഷാദ് കെ.കെ യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എസ്.ഇ.ബി.ഐ പരിശീലകൻ ആഷിശ് അഗ്രവാൾ സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യം വിശദീകരിച്ചു. വ്യക്തിഗത സാമ്പത്തിക മാനേജ്മെന്റ്, നിക്ഷേപ മാർഗങ്ങൾ, ഓഹരി വിപണിയുടെ അടിസ്ഥാനങ്ങൾ, ധന തട്ടിപ്പുകൾ തിരിച്ചറിയുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു.
പരിപാടിയിൽ പങ്കെടുത്തവർ സമൂഹത്തിൽ സാമ്പത്തിക ബോധം വളർത്തുന്നതിന്റെ ആവശ്യകതയെപ്പറ്റി അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്ക് അവരുടെ ഭാവി ജീവിതത്തിൽ പണം കൈകാര്യം ചെയ്യുന്നതിലും നിക്ഷേപ സാധ്യതകളെ തിരിച്ചറിയുന്നതിലും ഈ പരിപാടി സഹായകരമായിരിക്കുമെന്നാണ് എല്ലാവരുടെയും അഭിപ്രായം.
മാലബാർ കോളേജ് എപ്പോഴും സാമൂഹിക ഉത്തരവാദിത്തബോധമുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിന് പ്രാധാന്യം നൽകുന്ന സ്ഥാപനമാണ്. ഈ പരിപാടിയും അതിന്റെ ഭാഗമായിത്തീർന്നുവെന്ന് നൗഷാദ് കെ.കെ അഭിപ്രായപ്പെട്ടു.




