News

രാജ്യം എഴുപത്തൊൻപതാം സ്വാതന്ത്ര്യദിന നിറവിൽ

നാഫിഅ തെങ്ങിലാൻ, ഫാത്തിമ റിസ്‌വ.(3rd Sem BA Multimedia)

എഴുപത്തൊൻപതാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയുടെ ചരിത്രത്താളുകൾ മറിക്കുമ്പോൾ ഈ രാജ്യത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യം എന്നത് സ്വയംഭരണം നടത്താനുള്ള അവകാശവും, വിദേശാധിപത്യത്തിൽ നിന്നും മുഴുവൻ സ്വയം നിയന്ത്രണം കൈവശം വെയ്ക്കാനുള്ള നിലയും ആകുന്നു. സ്വന്തം ഭരണഘടന, നിയമം, ഭരണസംവിധാനം, സാമ്പത്തികനയം എന്നിവ ജനങ്ങളുടെ ഇഷ്ടാനുസരണം തീരുമാനിക്കാൻ കഴിയുന്ന അവസ്ഥയാണ് അത്. ഇന്ത്യയുടെ കാര്യത്തിൽ, ബ്രിട്ടീഷ് കൊളോണിയൽ ഭരണം അവസാനിപ്പിച്ച്, ജനങ്ങൾക്കു തന്നെ രാജ്യം നിയന്ത്രിക്കാൻ കഴിയുന്ന അവസ്ഥയായി മാറുക എന്നതായിരുന്നു സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യം.

18-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി വ്യാപാരമേഖലയിലൂടെ ഇന്ത്യയിൽ പ്രവേശിച്ചു. പിന്നീട് ബ്രിട്ടീഷ് സർക്കാർ നേരിട്ട് ഇന്ത്യയെ ഭരിക്കാൻ തുടങ്ങി. ഈ ഭരണത്തിൽ ഇന്ത്യൻ ജനങ്ങൾക്ക് രാഷ്ട്രീയ അവകാശങ്ങൾ ഇല്ലാതെയും സാമ്പത്തിക ചൂഷണം കൂടിയതുമായിരുന്നതിനാൽ സ്വാതന്ത്ര്യത്തിനുള്ള ആഗ്രഹം ക്രമേണ വളർന്നു. വ്യവസായം, കൃഷി, വ്യാപാരം എന്നിവ ബ്രിട്ടന്റെ നിയന്ത്രണത്തിലായതോടെ ജനങ്ങൾ പൊറുതിമുട്ടി.

1885 ൽ രൂപം കൊണ്ട ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആദ്യമായി ബ്രിട്ടീഷുകാരോട് സൗമ്യമായ രീതിയിൽ അഭ്യർത്ഥനകൾ മുന്നോട്ടുവെച്ചു. പ്രധാനമായും ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ പങ്കെടുക്കാനുള്ള അവകാശം, തദ്ദേശീയർക്ക് കൂടുതൽ സാമ്പത്തിക അവകാശങ്ങൾ തുടങ്ങിയ ആവശ്യങ്ങളായിരുന്നു. ദാദാഭായി നവറോജി, ഗോപാലകൃഷ്ണ ഗോകലെ തുടങ്ങിയ മിതവാദി നേതാക്കൾ ബ്രിട്ടനെ ആശ്വസിപ്പിച്ചുകൊണ്ട് മാറ്റം കൊണ്ടുവരാൻ ശ്രമിച്ചു.

20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ബ്രിട്ടീഷ് ഭരണത്തോട് നേരിട്ട് പോരാടണമെന്ന ധാരണ ശക്തമായി. ബാല ഗംഗാധര തിലകൻ, ബിപിൻ ചന്ദ്ര പാൽ, ലാല ലജ്പത് റായ് തുടങ്ങിയ നേതാക്കൾ സമാനമായ സമീപനം സ്വീകരിച്ചു. 1919 ലെ റൗലറ്റ് ആക്ട് പോലുള്ള കടുത്ത നിയമങ്ങൾ ജനങ്ങൾക്കിടയിൽ വലിയ ബുദ്ധിമുട്ടികൾ വർധിച്ചു. ഈ നിയമം അനിശ്ചിതകാല തടങ്കൽ അനുവദിച്ചതിനാൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു.

1920 മുതൽ മഹാത്മാഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുഖ്യനേതാവായി. അഹിംസയും സത്യാഗ്രഹവും ആയുധങ്ങളാക്കി അദ്ദേഹം നിസ്സഹകരണ പ്രസ്ഥാനങ്ങൾ നടത്തി. 1930 ലെ ഉപ്പ് സത്യാഗ്രഹം ലോക ശ്രദ്ധ പിടിച്ചു. ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ജനകീയ പ്രസ്ഥാനമായി മാറി, കോടിക്കണക്കിന് സാധാരണ ജനങ്ങളെ ഉൾക്കൊണ്ടു.

ഗാന്ധിയോടൊപ്പം ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായ് പട്ടേൽ, ഖാൻ അബ്ദുൾ ഗാഫർ ഖാൻ, മൗലാന അബുൽ കലാം ആസാദ് തുടങ്ങിയ നേതാക്കളും സജീവമായി പ്രവർത്തിച്ചു. സാഹിത്യ സാംസ്കാരിക രംഗത്ത് രബീന്ദ്രനാഥ ടാഗോർ, സുബ്രഹ്മണ്യ ഭാരതി, ബങ്കിംചന്ദ്ര ചതോപാധ്യായ എന്നിവർ ദേശാഭിമാനവും സ്വാതന്ത്ര്യ ബോധവും ജനങ്ങളിൽ വളർത്തി.

സ്ത്രീകളുടെ പങ്കാളിത്തവും സ്വാതന്ത്ര്യസമരത്തിൽ ഏറെ ശ്രദ്ധേയമായിരുന്നു. സരോജിനി നായിഡു, വിജയലക്ഷ്മി പണ്ഡിറ്റ്, പ്രീതിലത വാദേദാർ, കസ്തൂർബ ഗാന്ധി തുടങ്ങി നിരവധി വനിതകൾ സമരങ്ങളിൽ പങ്കെടുത്തു. അവർ സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തത്തിനും സമൂഹത്തിലെ നിലപാടുകൾ മാറ്റുന്നതിനും നേതൃത്വം നൽകി.

1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊല ബ്രിട്ടീഷ് ഭരണത്തിന്റെ ക്രൂരത തെളിയിച്ചു. ആയിരക്കണക്കിന് നിരായുധരായ ജനങ്ങളിലേക്കു വെടിയുതിർന്ന ഈ സംഭവം രാജ്യത്ത് വലിയ പ്രതിഷേധവും ഐക്യബോധവും സൃഷ്ടിച്ചു. ഇതോടെ സമരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം കൂടി. സ്വാതന്ത്ര്യത്തിന്റെ ആവശ്യം ശക്തമായി.

1930 കളോടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ സോഷ്യലിസ്റ്റ് ചിന്താഗതിയും തൊഴിലാളി കർഷക പ്രസ്ഥാനങ്ങളും വളർന്നു. സുഭാഷ്‌ ചന്ദ്രബോസിനെ പോലുള്ള നേതാക്കൾ സാമ്പത്തിക സ്വയം പര്യാപ്തതയും ശക്തമായ രാഷ്ട്രീയ നിലപാടുകളും ആവശ്യപ്പെട്ടു. ഇന്ത്യൻ നാഷണൽ ആർമിയുടെ രൂപീകരണവും സ്വാതന്ത്ര്യത്തിനുള്ള പോരാട്ടത്തിൽ വലിയ സ്വാധീനം ചെലുത്തി.

1947 ൽ ഇന്ത്യൻ സ്വാതന്ത്ര്യ നിയമം പാസായി. ബ്രിട്ടീഷ് ഇന്ത്യ രണ്ട് ഡൊമീനിയനുകളായി ഇന്ത്യയും പാകിസ്ഥാനും വിഭജിച്ചു. 1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്ന് ഇന്ത്യ റിപ്പബ്ലിക്കായി. പാകിസ്ഥാൻ 1956 ൽ ഭരണഘടന സ്വീകരിച്ചു.

സ്വാതന്ത്ര്യം ലഭിച്ചതിലൂടെ ഇന്ത്യയ്ക്ക് മതേതര, ജനാധിപത്യ, റിപ്പബ്ലിക്കൻ രാഷ്ട്രീയ സംവിധാനവും സ്വയം വികസന നയങ്ങളും നടപ്പാക്കാൻ സാധിച്ചു. വിഭജനത്തിൽ ഉണ്ടായ കലാപങ്ങളും അഭയാർത്ഥി പ്രശ്നങ്ങളും വലിയ വെല്ലുവിളികളായിരുന്നുവെങ്കിലും, സ്വാതന്ത്ര്യം ഇന്ത്യൻ ജനതയുടെ നീണ്ടുനിന്ന ത്യാഗത്തിന്റെയും ഐക്യത്തിന്റെയും ഫലമായിരുന്നു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *